ഓഖി: രണ്ടു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

കൊച്ചി/തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ച രണ്ടു പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. കൊച്ചി തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആശുപത്രിയിലും ആലുവ ഗവണ്‍മെന്റ് ആശുപത്രിയിലും സൂക്ഷിച്ചിരുന്ന പൂവാര്‍ വരവിള തോപ്പ് ജോര്‍ജിന്റെ മകന്‍ ഡാര്‍വിന്‍ (35), പൂവാര്‍ വരവിളതോപ്പ് വര്‍ഗീസിന്റെ മകന്‍ ബൈജു (28) എന്നിവരുടെ മൃതദേഹങ്ങളാണ്് തിരിച്ചറിഞ്ഞത്.
അതേസമയം, മരിച്ചവരില്‍ ഇനി തിരിച്ചറിയാനുള്ളത് 11 മൃതദേഹങ്ങള്‍കൂടി. ഡിഎന്‍എ പരിശോധനയിലൂടെ കഴിഞ്ഞദിവസം ഒരു മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന അഞ്ചു മൃതദേഹങ്ങളില്‍ ഒന്നാണു തിരിച്ചറിഞ്ഞത്. ഇനി ല് മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്്. എറണാകുളത്ത് മൂന്നും കണ്ണൂരില്‍ രണ്ടും മലപ്പുറത്തും തൃശൂരിലും ഓരോ മൃതദേഹങ്ങളുമാണുള്ളത്. ഈ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ട് ആശുപത്രി അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
മോര്‍ച്ചറികളില്‍ സ്ഥലക്കുറവുള്ളതിനാല്‍ ആശുപത്രിയില്‍ വച്ച് മരണമടയുന്നവരുടെ പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ നടത്തുന്നതിനോ, മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനോ സ്ഥലമില്ലെന്നതാണ് പ്രധാനമായി ഉന്നയിക്കുന്ന പ്രശ്‌നം. ഇതു പരിഗണിച്ച് പത്തുദിവസത്തിനുള്ളില്‍ തീരമാനമുണ്ടാവുമെന്ന് ഫിഷറീസ് വകുപ്പ് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, ബാക്കിയുള്ള മൃതദേഹങ്ങള്‍ ഇതര സംസ്ഥാനക്കാരുടേതാണോ എന്നറിയാനുള്ള നടപടികളും എടുത്തിട്ടുണ്ട്.
ചീഫ് സെക്രട്ടറി തലത്തില്‍ ഇതുസംബന്ധച്ച കത്തിടപാടുകള്‍ നടത്തിക്കഴിഞ്ഞു. കൂടാതെ പോലിസ്, റവന്യൂ, ഫിഷറീസ് വകുപ്പുകളുടെ അന്വേഷണവും സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ നടത്തുന്നുണ്ട്. ഈ രണ്ട് കാര്യങ്ങളിലും അന്തിമ തീരുമാനം ഉടനുണ്ടാവും. ഇതിനുശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നാണ് ഫിഷറീസ് വകുപ്പ് പറയുന്നത്. ഓഖി ദുരന്തത്തില്‍ ഇതുവരെ മരണമടഞ്ഞവരുടെ എണ്ണം 75 ആണ്. ഇതില്‍ കേരളത്തിലുള്ള 44 പേരും ബാക്കി ഇതര സംസ്ഥാനക്കാരുമാണ്. 42 പേര്‍ തിരുവനന്തപുരം സ്വദേശികളാണ്. ഇനി 134 പേരെ കണ്ടെത്താനുണ്ടെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top