ഓഖി: പുതിയ കണക്കുമായി സര്‍ക്കാര്‍; കണ്ടെത്തേണ്ടത് 208 പേരെ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട 208 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട പുതിയ കണക്കാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. 166 മലയാളികളെയും 42 ഇതരസംസ്ഥാനക്കാരെയുമാണു കണ്ടെത്താനുള്ളത്.
ചെറുവള്ളങ്ങളില്‍ പോയവരാണു കണ്ടെത്താനുള്ളവരില്‍ ഏറെയും. 132 പേരെ കാണാതായതിന് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 ഇതര സംസ്ഥാനക്കാരുടെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കണ്ടെത്തിയ മൃതദേഹങ്ങളില്‍ 32 എണ്ണം ഇനിയും തിരിച്ചറിയാനുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ നല്‍കിയ കണക്കുകൂടി പരിഗണിച്ചാണു പുതിയ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, കേന്ദ്രവും സംസ്ഥാന പോലിസും റവന്യൂ വകുപ്പും പുറത്തുവിട്ട കണക്കുകളുമായി സര്‍ക്കാര്‍ കണക്കുകള്‍ പൊരുത്തപ്പെടുന്നില്ല. കേരളത്തില്‍ മാത്രം 74 പേര്‍ മരിക്കുകയും 215 പേരെ കാണാതാവുകയും ചെയ്‌തെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ലോക്‌സഭയെ അറിയിച്ചിരുന്നത്. 300 മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്നാണ് പോലിസും റവന്യൂ വകുപ്പും പുറത്തുവിട്ട കണക്കുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍, പുതിയ കണക്കില്‍ ഇത് 208 ആണ്.
അതിനിടെ, ഓഖി ദുരന്തം മൂലമുള്ള നാശനഷ്ടങ്ങള്‍ വിലയിരുത്താനുള്ള കേന്ദ്രസംഘം 26നു സംസ്ഥാനത്ത് എത്തും. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ഓഖി ദുരന്തബാധിത ജില്ലകള്‍ സന്ദര്‍ശിക്കും. കേന്ദ്ര ആഭ്യന്തരവകുപ്പിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിഭാഗം അഡീഷനല്‍ സെക്രട്ടറി ബിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലാണു സന്ദര്‍ശനം.

RELATED STORIES

Share it
Top