ഓഖി: ദേശീയ ദുരന്തമായി അംഗീകരിക്കണം- എല്‍ഡിഎഫ്

തിരുവനന്തപുരം: ഓഖി മൂലമുണ്ടായ ദുരന്തത്തെ ദേശീയ ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണമെന്ന് എല്‍ഡിഎഫ് യോഗം. ക്വാറികളുടെ പ്രവര്‍ത്തനം സ്തംഭിച്ചതോടെ പ്രതിസന്ധിയിലായ നിര്‍മാണമേഖലയെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും ഇന്നലെ എകെജി സെന്ററില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗം ആവശ്യപ്പെട്ടു. നിരവധി പേരുടെ ജീവന്‍ കവരുകയും ഇനിയും നിരവധി പേരെ കാണാനില്ലാത്തതുമായ സാഹചര്യമാണ് ഓഖി മൂലമുള്ളതെന്ന് യോഗതീരുമാനം വിശദീകരിച്ച കണ്‍വീനര്‍ വൈക്കം വിശ്വന്‍ ചൂണ്ടിക്കാട്ടി. ദുരന്തത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാനാവില്ലെങ്കിലും ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന നടപടികളുമായി മുന്നോട്ട് കൊണ്ടുപോവണം. ഈ സാഹചര്യത്തില്‍ ദുരിതബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് ഉടന്‍ നടപ്പാക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു. പാരിസ്ഥിതികപ്രശ്‌നങ്ങളും മറ്റുമുയര്‍ത്തി ക്വാറികളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചതോടെ പ്രതിസന്ധിയിലായ നിര്‍മാണമേഖലയെ രക്ഷിക്കണം. ഇതിനായി ബന്ധപ്പെട്ടവരുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തണം. രൂക്ഷമായ മണല്‍ക്ഷാമം പരിഹരിക്കാന്‍ പുറത്തുനിന്ന് മണലെത്തിക്കാനുള്ള വഴി തേടണം. തല്‍പരകക്ഷികള്‍ അതിനും ആവശ്യമില്ലാത്ത തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. റബര്‍ മരങ്ങളുടെ റീപ്ലാന്റേഷനുള്ള സൗകര്യം കര്‍ഷകന് നിഷേധിക്കപ്പെടുന്ന സ്ഥിതി പരിഹരിക്കണം. മരം വെട്ടുന്നതിനുള്ള സീനറേജ് നിരക്ക് കൂട്ടിയതുമൂലം വളര്‍ച്ച മുറ്റിയ മരങ്ങള്‍ മുറിക്കാനാവാത്തത് തൊഴിലാളികള്‍ക്കും സര്‍ക്കാരിനും ഒരുപോലെ നഷ്ടമുണ്ടാക്കുന്നു. തൊഴിലാളി ലയങ്ങള്‍ സംരക്ഷിക്കുന്നതടക്കം തോട്ടം മേഖലയെ സംരക്ഷിക്കാനാവശ്യമായ നടപടി വേണം. സര്‍ക്കാരിന്റെ ഭവനനിര്‍മാണ പദ്ധതിയുമായി ബന്ധപ്പെടുത്തി അവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കണം. റേഷന്‍ വിഷയത്തില്‍ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ മൊത്തവ്യാപാരികളുടെ വെല്ലുവിളികളെ അതിജീവിച്ച് കാര്യങ്ങളുമായി മുന്നോട്ടുപോവണമെന്നും യോഗം നിര്‍ദേശിച്ചു. യോഗത്തില്‍ മുന്നണി വിപുലീകരണം ചര്‍ച്ചയായില്ലെന്നും വൈക്കം വിശ്വന്‍ അറിയിച്ചു. ബിജെപി ബന്ധമില്ലെന്ന എം പി വീരേന്ദ്രകുമാറിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. അദ്ദേഹം എംപി സ്ഥാനം രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, അവരിപ്പോള്‍ യുഡിഎഫിലെ കക്ഷിയാണ്. യുഡിഎഫില്‍ നില്‍ക്കുന്ന കക്ഷിയെപ്പറ്റി ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. അതിനുള്ള സാഹചര്യമുണ്ടാവുമ്പോഴാണ് ചര്‍ച്ച വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top