ഓഖി ദുരന്തം: തീരദേശത്ത് ഭക്ഷ്യധാന്യ വിതരണം ഒന്നാംഘട്ടം ഉദ്ഘാടനം

കൊടുങ്ങല്ലൂര്‍: ഓഖി ദുരന്തം നാശം വിതച്ച എടവിലങ്ങ്, ഏറിയാട് പഞ്ചായത്തുകളിലെ തീരമേഖലയില്‍ എസ് വൈ എസ് പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപയുടെ ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഒന്നാംഘട്ടം ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
കാര സെന്റ് ആല്‍ബന സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എസ് എം എ ജില്ലാ പ്രസിഡണ്ട് പി ബി അബ്ദു ഹാജി അധ്യക്ഷത വഹിച്ചു. എടവിലങ്ങ് പഞ്ചായത്തിലെ തീര മേഖലയിലെ ദുരിതം നേരിട്ട 400 കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കിയത്.
കഴിഞ്ഞ ദിവസം സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം ആബൂബക്കര്‍ മുസ്ലിയാര്‍ നിയോഗിച്ച പ്രതിനിധി സംഘം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രഥമ ഘട്ടം എന്ന നിലയില്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് സഹായം നല്‍കിയത്. പഞ്ചായത്ത് പ്രസിഡണ്ട് ടി എം ഷാഫി, തഹസില്‍ദാര്‍ കെ ജെ ശംസുദ്ധീന്‍ മുഖ്യാതിഥികളായിരുന്നു.
പ്രസിഡണ്ട് ടി എം ഷാഫിയുടെ നേതൃത്വത്തില്‍പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന, സജിത അമ്പാടി എന്നിവരാണ് അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തി ടോക്കണുകള്‍ വിതരണം നടത്തിയത്.
എസ് വൈ എസ് തൃശൂര്‍  ജില്ലാ സാന്ത്വനത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ സോണ്‍ കമ്മിറ്റികളുടെ സഹകരണത്തോടെയാണ് പത്തു ലക്ഷം രൂപയുടെ ഭക്ഷ്യ ധാന്യ സമാഹരണം നടത്തുന്നത്. ദുരന്ത ബാധിത പ്രദേശത്ത് വാര്‍ഡുകള്‍ തിരിച്ച് സൗജന്യ  മെഡിക്കല്‍ ക്യാംപുകള്‍ നടത്തുമെന്ന് എസ് വൈ എസ് സാന്ത്വനം ജില്ലാ സെക്രെട്ടറി ഷമീര്‍ എറിയാട് പറഞ്ഞു. ഭക്ഷ്യധാന്യ വിതരണത്തിന് ശേഷം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സാന്ത്വനം ഭാരവാഹികളുടെ യോഗത്തിലാണ് മെഡിക്കല്‍ ക്യംപുകള്‍ നടത്താന്‍ തീരുമാനിച്ചത്.

RELATED STORIES

Share it
Top