ഓഖി ദുരന്തം: തീരദേശത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തീരദേശത്തിനായി 2000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. മല്‍സ്യഗ്രാമങ്ങളിലും മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും യഥാസമയം മുന്നറിയിപ്പുകള്‍ എത്തിക്കുന്നതിനും അടിയന്തര സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള സംവിധാനം ഏര്‍പ്പെടുത്തും. മല്‍സ്യബന്ധന യാനങ്ങളെയും തീരദേശ ഗ്രാമങ്ങളെയും ബന്ധിപ്പിച്ച് സാറ്റലൈറ്റ് വിവര വിനിമയ സംവിധാനം 100 കോടി ചെലവില്‍ ഈ സാമ്പത്തികവര്‍ഷം നടപ്പാക്കും. തീരദേശ ഗ്രാമങ്ങളില്‍ സൗജന്യ വൈഫൈ സംവിധാനമുണ്ടാവും. കടല്‍ത്തീരത്തിന്റെ 50 മീറ്റര്‍ പരിധിയിലുള്ള മുഴുവന്‍ കുടുംബങ്ങളെയും മാറ്റി താമസിപ്പിച്ച് അവിടം കണ്ടലും മരങ്ങളും വച്ചുപിടിപ്പിക്കാന്‍ 150 കോടി നീക്കിവച്ചു. മല്‍സ്യമേഖലയുടെ മൊത്തം അടങ്കല്‍ 600 കോടിയാണ്. നബാര്‍ഡ് വായ്പയോടെ 11 മല്‍സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മാണത്തിന് 584 കോടി. ആശുപത്രി നവീകരണ പദ്ധതിയില്‍ പറയുന്ന തീരദേശ ആശുപത്രികള്‍ക്ക് മുന്‍ഗണന നല്‍കും. കോഴിക്കോട് ബീച്ച് ആശുപത്രിയും കൊല്ലം, ആലപ്പുഴ ജനറല്‍ ആശുപത്രികളും ഫറോഖ്, പൊന്നാനി, ചാവക്കാട്, കരുവേലിപ്പടി, ചെട്ടിക്കാട്, കരുനാഗപ്പള്ളി, നീണ്ടകര, ചിറയിന്‍കീഴ് എന്നീ താലൂക്ക് ആശുപത്രികളും ഇതില്‍പെടും. കിഫ്ബിയില്‍ നിന്ന് 900 കോടിയുടെ നിക്ഷേപം തീരദേശ മേഖലയില്‍ നടത്തും. തീരദേശത്തെ ഓരോ കുടുംബത്തിന്റേയും ആരോഗ്യ മൈക്രോപ്ലാനുകള്‍ തയ്യാറാക്കുകയും കുടുംബാരോഗ്യ സ്‌കീം നടപ്പാക്കുകയും ചെയ്യും. തീരദേശത്ത് 250 കുട്ടികളില്‍ കൂടുതലുള്ള സ്‌കൂളുകളെ  ഈ വര്‍ഷത്തെ നവീകരണ പാക്കേജില്‍ ഉള്‍പ്പെടുത്തും.പുതിയ മൂന്നു പൊതുമേഖലാ വ്യവസായ പാര്‍ക്കുകള്‍ തിരുവനന്തപുരം: പൊതുമേഖലയുടെ വളര്‍ച്ചയ്ക്ക് പുതിയ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ബജറ്റ് നിര്‍ദേശം. വടക്കാഞ്ചേരിയിലും കാഞ്ഞങ്ങാട്ടും ചീമേനിയിലുമാണ് പുതിയ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുക. കൊല്ലം രാമനാട്ടുകര, കൊരട്ടി, കാക്കനാട് എന്നിവിടങ്ങളില്‍ ബഹുനില വ്യവസായ ഷെഡുകള്‍ പണിയും. സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ കോടികളുടെ നഷ്ടത്തിലായിരുന്ന പൊതുമേഖല ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 40 കോടിയുടെ ലാഭത്തിലാവും. 40 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 14 എണ്ണം ഇതിനകം ലാഭത്തിലായി. ക്യാപ്‌സ്യൂളും സിറപ്പുകളും ഉല്‍പാദിപ്പിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം 32 കോടി രൂപ ചെലവില്‍ നോണ്‍ ബീറ്റാലാക്ടം പ്ലാന്റ് മാര്‍ച്ച് അവസാനം ഉദ്ഘാടനം ചെയ്യും. പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തിനു വിരുദ്ധമായി ഈ മേഖലയെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും ധനമന്ത്രി വ്യക്തമാക്കി.

RELATED STORIES

Share it
Top