ഓഖി: തിരച്ചിലിന് പോയ ബോട്ടുകള്‍ എല്ലാം തിരിച്ചെത്തി

മട്ടാഞ്ചേരി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനായി തിരച്ചിലിന് പോയ ബോട്ടുകള്‍ എല്ലാം തിരിച്ചെത്തി. മൂന്നു ബോട്ടുകളെക്കുറിച്ചും 30 തൊഴിലാളികളെക്കുറിച്ചും വിവരമില്ല. അന്ന, മാതാ രണ്ട്, സൈമ സൈബ എന്നീ ബോട്ടുകളെ കുറിച്ചും 30 തൊഴിലാളികളെ കുറിച്ചുമാണ് വിവരമില്ലാത്തത്. 14 ബോട്ടുകള്‍ മുങ്ങുകയും തകരുകയും ചെയ്തതായി നേരത്തെ രക്ഷപ്പെട്ട് എത്തിയ മറ്റു ബോട്ടുകളിലെ തൊഴിലാളികള്‍ അറിയിച്ചിരിന്നു. ഈ ബോട്ടിലെ തൊഴിലാളികളെ കുറിച്ചും യാതൊരു വിവരവുമില്ല. ഈ മാസം 19ന് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പുറപ്പെട്ട മല്‍സ്യകുമാരി എന്ന ചെറു കപ്പല്‍ ഉള്‍പ്പെടെയുള്ള 25 ബോട്ടുകളും ഈ മാസം നാലിന് ലോങ്‌ലൈന്‍ ബോട്ട് ആന്റ് ഗില്‍ നെറ്റ്ബയിങ് എജന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പോയ 10 ബോട്ടുകളുമാണ് ഇന്നലെ തിരിച്ചെത്തിയത്.ഇരുസംഘങ്ങളും നടത്തിയ തിരച്ചിലില്‍ ആറ് ബോട്ടുകളും അതിലെ 63 തൊഴിലാളികളെയും കൊച്ചിയില്‍ എത്തിക്കാനായി. ഇതിന് പുറമെ രണ്ട് മൃതദേഹങ്ങളും രണ്ട് വള്ളങ്ങളും കണ്ടെത്തി. മൃതദേഹങ്ങള്‍ അഴീക്കലിലും വള്ളങ്ങള്‍ ബേപ്പൂരും ഏല്‍പ്പിച്ചു. ഒരു ബോട്ട് രണ്ട് ഭാഗമായി ഒടിഞ്ഞുകിടക്കുന്നതും കണ്ടെത്തി. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പോയ ബോട്ടുകളും ചെറു കപ്പലും 150 നോട്ടിക്കല്‍ മൈല്‍ അകലെയാണ് തിരച്ചില്‍ നടത്തിയത്. ആദ്യം പോയ 10 ബോട്ടുകള്‍ തിരച്ചില്‍ നടത്തിയത് 280 നോട്ടിക്കല്‍ മൈല്‍ അകലെയാണ്. എന്നാല്‍ ഓഖി ദുരിതത്തിനു ശേഷം കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചില്‍ കാര്യക്ഷമമായിരുന്നെങ്കില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധിച്ചേനെ എന്ന് തൊഴിലാളികള്‍ പറയുന്നു. നേവിയുടെ കപ്പല്‍ എട്ട് മല്‍സ്യത്തൊഴിലാളികളുമായി നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നത് കണ്ടെത്തിയിരുന്നു. എന്നാല്‍ മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള സജീകരണമില്ലാത്തതായിരുന്നു നേവിയുടെ കപ്പല്‍. തുടര്‍ന്ന് മോര്‍ച്ചറി സംവിധാനങ്ങളുള്ള കപ്പലുകളുമായി പുറപ്പെട്ടുവെങ്കിലും മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല. തിരച്ചലിന് പോയ ബോട്ടുകള്‍ എല്ലാം തിരിച്ച് വന്നതോടെ മല്‍സ്യത്തൊഴിലാളികളും ബന്ധുമിത്രാദികളും ആശങ്കയിലാണ്.

RELATED STORIES

Share it
Top