ഓഖി: കൊച്ചി ഹാര്‍ബറില്‍ നിന്നു പോയ രണ്ടു ബോട്ടുകള്‍ കൂടി തിരിച്ചെത്തി

മട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ നിന്നു മല്‍സ്യബന്ധനത്തിനു പോയി കാണാതായ 17 ബോട്ടുകളില്‍ രണ്ട് ബോട്ടുകള്‍ കൂടി ഇന്നലെ തിരിച്ചെത്തി. നഹ്മത്ത്, ജോണ എന്നീ ബോട്ടുകള്‍ 25 തൊഴിലാളികളുമായാണ് ഇന്നലെ ഹാര്‍ബറില്‍ മടങ്ങിയെത്തിയത്.ഇനി ഹാര്‍ബറില്‍ നിന്ന് പോയ 15 ബോട്ടുകളും ഇതിലുള്ള 180 തൊഴിലാളികളെ സംബന്ധിച്ചും വിവരം ലഭിക്കാനുണ്ട്. ഇത് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്നലെ കൊച്ചി ഫിഷറീസ് ഹാര്‍ബറിലെത്തിയത് 19 ബോട്ടുകളും 225 തൊഴിലാളികളുമാണ്. നഹ്മത്ത്, ജോണ എന്നി ബോട്ടുകള്‍ക്ക് പുറമേ സെന്റ് ഡാമിയന്‍, സെന്റ് ആന്റണി, ഷാഫിയ, ഡിവൈന്‍ മേഴ്‌സി, ജഹോവ ജിറേ, സക്കരിയാസ്, റബ്ബോണി, ലിനോറ, എവികെഎം, ഹൈല്‍ മേരി, മദര്‍ ഓഫ് വേളാങ്കണ്ണി, ശിവശക്തി, ലൂര്‍ദ്ദ് അന്നൈ, ബാറൂക്ക്, മേഴ്‌സിഡസ്, മേരി മാതാ ബോട്ടുകളാണ് ഇന്നലെ കൊച്ചി ഫിഷറീസ് ഹാര്‍ബറിലെത്തിയത്.തിരിച്ചെത്തിയ 19ല്‍ 17 ബോട്ടുകളും കന്യാകുമാരി, ചിന്ന തുറൈ തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് മല്‍സ്യബന്ധനത്തിനു പോയവയാണ്. കൊച്ചിയില്‍ നിന്ന് പോയി മടങ്ങിയെത്താത്ത ബോട്ടുകളില്‍ ചിലതു കന്യാകുമാരിയില്‍ നിന്ന് 280 നോട്ടിക്കല്‍ മൈല്‍ അകലെ മല്‍സ്യബന്ധനം നടത്തുന്നതു കണ്ടതായി മടങ്ങിയെത്തിയ തൊഴിലാളികളില്‍ ചിലര്‍ പറഞ്ഞു. ക്രിസ്മസിന് മുമ്പായി ഈ ബോട്ടുകള്‍ മടങ്ങിയെത്തുമെന്നാണു പ്രതീക്ഷ.ഇതുവരെ ജില്ലയില്‍ കണ്ടെത്തിയ ഒമ്പത് മൃതദേഹങ്ങളില്‍ ആകെ മൂന്നെണ്ണം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ  ഒരു മൃതദേഹം തിരിച്ചറിഞ്ഞു. തൃപ്പൂണിത്തുറ ഗവ. ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന തിരുവനന്തപുരം സ്വദേശി സെല്‍വരാജി (38)ന്റെ മൃതദേഹമാണ് ഇന്നലെ തിരിച്ചറിഞ്ഞത്. ബാക്കിയുള്ള ആറു മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലും തൃപ്പൂണിത്തുറ ഗവ. ആശുപത്രിയിലും ആലുവ ഗവ. ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.  അതേസമയം, നേവല്‍ ബേസിലെ ജോയിന്റ് ഓപറേഷന്‍സ് സെന്ററില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം ചേര്‍ന്നു. നേവി, ഫിഷറീസ്, റവന്യൂ ഉദ്യോഗസ്ഥര്‍  പങ്കെടുത്തു.

RELATED STORIES

Share it
Top