ഓഖി: കണ്ടെത്താനുള്ളവരുടെ പുതിയ കണക്കുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായവരുടെ പുതുക്കിയ കണക്കുമായി സര്‍ക്കാര്‍. 113 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ  മന്ത്രിസഭയില്‍ അറിയിച്ചു.
ഇതുവരെ 1168 പേരെ രക്ഷപ്പെടുത്താനായി. 39 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ ഉടന്‍ സംസ്‌കരിക്കില്ല. ഒരാഴ്ചയ്ക്ക് ശേഷമെ സംസ്‌കാരം നടത്തൂ. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ളവരുടെ വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഇവരുടെ കൂടി ഡിഎന്‍എ വിവരങ്ങള്‍ പരിശോധിച്ച ശേഷമാവും തുടര്‍നടപടി. അതിനിടെ ദുരന്തത്തില്‍ മരിച്ച ഒരാളെക്കൂടി ഇന്നലെ ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞു. വിഴിഞ്ഞം സ്വദേശി സെബാസ്റ്റ്യന്‍ അടിമ (40) എന്നയാളുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അതേസമയം, ഓഖി ദുരന്ത ബാധിതരായ കുടുംബങ്ങള്‍ക്കുള്ള സഹായവിതരണം സമയബന്ധിതമായി നടത്തുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി മേല്‍നോട്ട സമിതിയെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. റവന്യൂ, ധനം, മല്‍സ്യബന്ധനം, തദ്ദേശ സ്വയം ഭരണം, കൃഷി എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അതേസമയം, മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്രാവിവാദം മന്ത്രിസഭയില്‍ ചര്‍ച്ചയായില്ല. ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജിലെ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ - ഇമ്യൂണോ ഹെമറ്റോളജി വിഭാഗത്തില്‍ ഒരു അസോസിയേറ്റ് പ്രഫസര്‍ ഉള്‍പ്പെടെ 6 തസ്തികകള്‍ക്കും ക്യാബിനറ്റ് അംഗീകാരം നല്‍കി.
അഞ്ചുതെങ്ങ്, എലത്തൂര്‍ എന്നീ തീരദേശ പോലിസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തിന് 19 വീതം തസ്തികകളും തിരുവനന്തപുരം ആയുര്‍വേദ കോളജിലെ ശല്യതന്ത്രം വിഭാഗത്തില്‍ പിജി സീറ്റുകളുടെ എണ്ണം മൂന്നില്‍ നിന്ന് എട്ടായും വര്‍ധിപ്പിച്ചു. സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും വികസനത്തിനും കാര്യക്ഷമമായ നടത്തിപ്പിനും വേണ്ടി രൂപീകരിച്ച കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാനായി അഡ്വ. വി ജെ മാത്യുവിനെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ നിയമോപദേശകനും ഇന്ത്യന്‍ മാരിടൈം അസോസിയേഷന്റെ കോ-പ്രസിഡന്റുമാണ് വി ജെ മാത്യു. ബോര്‍ഡില്‍ സര്‍ക്കാര്‍ പ്രതിനിധികളായി പ്രകാശ് അയ്യര്‍ (കൊച്ചി), അഡ്വ. എം പി ഷിബു (ചേര്‍ത്തല), അഡ്വ. എം കെ ഉത്തമന്‍ (ആലപ്പുഴ), അഡ്വ. വി മണിലാല്‍ (കൊല്ലം) എന്നിവരുടെ നിയമനത്തിനും അംഗീകാരം നല്‍കി.
കേരള ഹൈക്കോടതിയില്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ ഓഫിസിലേക്ക് സ്‌പെഷ്യല്‍ ഗവ. പ്ലീഡറായി എം എ ആസിഫിനെയും സീനിയര്‍ ഗവ. പ്ലീഡറായി വി കെ ഷംസുദ്ദീനെയും ഗവ. പ്ലീഡറായി ജി രഞ്ജിതിന്റെ നിയമനങ്ങള്‍ക്ക് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ഹൈക്കോടതിയില്‍ നിലവിലുളള ഒഴിവില്‍ സീനിയര്‍ ഗവ. പ്ലീഡറായി എം കെ സുകുമാരനെ (കോഴിക്കോട്) നിയമിക്കാനും തീരുമാനിച്ചു. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് പത്താം ശമ്പള കമ്മീഷന്‍ ആനുകൂല്യങ്ങളുടെ 2014 ജൂലൈ 1 മുതലുള്ള കുടിശ്ശിക നല്‍കാനുള്ള ശുപാര്‍ശയ്ക്കും കാബിനറ്റ് അംഗീകാരം നല്‍കി.

RELATED STORIES

Share it
Top