ഓഖിയേക്കാള്‍ വലിയ ദുരന്തമാണ് ഇടത് സര്‍ക്കാര്‍: അനൂപ് ജേക്കബ് എംഎല്‍എ

ആലപ്പുഴ: ഓഖിയേക്കാള്‍ വലിയ ദുരന്തമാണ് ഇടത് സര്‍ക്കാരെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എംഎല്‍എ ആരോപിച്ചു. ഓഖി ചുഴലിക്കാറ്റ് മൂലം ഉണ്ടായ ദുരന്തത്തില്‍ എത്ര പേരെ കാണാതായെന്നോ, മരിച്ചെന്നോ വ്യക്തമായ കണക്കുകള്‍ സര്‍ക്കാരിന്റെ പക്കല്‍ ഇല്ലാത്ത അവസ്ഥയാണ്.
ഇപ്പോഴും കടലില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. അപകടത്തില്‍പ്പെട്ടവരേയും കുടുംബങ്ങളേയും പുനരധിവസിപ്പിക്കുന്നതിനുള്ള കൃത്യമായ നടപടികള്‍ പോലും സര്‍ക്കാരിന്റെ ഭഗത്തുനിന്നും ഉണ്ടായിട്ടില്ല.
ദുരന്ത പ്രദേശങ്ങളില്‍ വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങളുടെ ഗുണ നിലവാരമോ അളവോ പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്നതും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ യുഡിഎഫ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അ്‌ദ്ദേഹം.
തിരുവനന്തപുരത്ത് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ഡിസംബര്‍ 14 ലെ പടയൊരുക്കം സമാപന സമ്മേളനത്തില്‍ ജില്ലയില്‍ നിന്നും 20,000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എംമുരളി അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top