ഓഖിയുടെ കലിയടങ്ങിയപ്പോള്‍ മല്‍സ്യവില ഇടിഞ്ഞു

പൊന്നാനി: ഓഖി ചുഴലിക്കാറ്റിന്റെ കലിയടങ്ങിയപ്പോള്‍ കേരളത്തിന്റെ കടലോരത്തു മല്‍സ്യ ചാകര. വന്‍തോതില്‍ അയലയും ചാളയുമായാണ് വള്ളങ്ങളും ബോട്ടുകളും തീരമണയുന്നത്. ഇതോടെ  കഴിഞ്ഞ രണ്ടാഴ്ചയായി ഉയര്‍ന്നിരുന്ന  മല്‍സ്യവില ക്രമാതീതമായി കുറഞ്ഞു. 160 രൂപയുള്ള ചാള(മത്തി)യുടെ വില 40 രൂപയിലേക്കു താഴ്ന്നു.  അയല വിപണികളില്‍ വീണ്ടും സുലഭമായി തുടങ്ങി അയലയുടെ  വില 130 140 രൂപയിലേക്കും കുറഞ്ഞു. ചുഴലിക്കാറ്റ് ഉണ്ടാകുന്നതിനു മുന്‍പ് 180 200 രൂപ വരെ ചില്ലറ വില്പന വില ഉയര്‍ന്നിരുന്നു.  ഇതോടൊപ്പം മറ്റു മല്‍സ്യങ്ങളും കൂടുതലായി മാര്‍ക്കറ്റില്‍ എത്തുന്നുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. പാമ്പാട, ചൂര, പൂമീന്‍ തുടങ്ങിയ ഇനങ്ങളാണ് തൊട്ടടുത്തുള്ളത്. ഒപ്പം കൊഴുവയും ഉണ്ട്. എന്നാല്‍ ഓഖിക്കു മുന്‍പ് എത്തിയിരുന്ന കിളിമീന്‍ ഇപ്പോള്‍ കുറവാണ്. അതുപോലെ വില കൂടുതലുള്ള ഇനങ്ങളായ ചെമ്മീന്‍, കണവ. കൂന്തല്‍ തുടങ്ങിയ ഇനങ്ങളും താരതമ്യേന കുറവാണ്. അതുകൊണ്ട് ഇവയ്ക്കും പുഴ മല്‍സ്യങ്ങളായ കരിമീന്‍, കാളാഞ്ചി, കണമ്ബ് തുടങ്ങിയ ഇനങ്ങള്‍ക്കും പൊതുവെ ഉയര്‍ന്ന വിലയുണ്ട്. ഓഖിക്കു ശേഷം ബോട്ടുകള്‍ പൂര്‍ണ്ണ തോതില്‍ കടലില്‍ പോയി തുടങ്ങിയിട്ടില്ല. പൊന്നാനിയില്‍ നിന്ന് കുറച്ചു ബോട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് തീരമണഞ്ഞത്. എന്നാല്‍ വള്ളങ്ങള്‍ കടലില്‍ പോകുന്നത് പൂര്‍വ സ്ഥിതിയിലായിട്ടുണ്ട്. കാറ്റ് കൂടുതല്‍ നാശം വിതച്ച തെക്കന്‍ ജില്ലകളില്‍ ഹാര്‍ബറുകള്‍ ഇനിയും സജീവമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഴക്കടലിലേക്ക് പോകാന്‍ ബോട്ടിലെ തൊഴിലാളികള്‍ക്ക് ഇപ്പോഴും ആശങ്കയുണ്ട്. അതിനിടെ, മല്‍സ്യവില കുറയുന്നതില്‍ ബോട്ടുടമകള്‍ക്കും തൊഴിലാളികള്‍ക്കും ആശങ്കയുണ്ട്. കയറ്റുമതിക്കാരില്‍ നിന്നുള്ള ഡിമാന്റും ചാള ഉള്‍പ്പടെയുള്ള മല്‍സ്യങ്ങള്‍ കാലിത്തീറ്റ ഉത്പാദനത്തിനും മറ്റുമായി അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റിപോകുന്നതും വില വന്‍ താഴാതെ നിര്‍ത്തുന്നു എന്നാണ് വിവിധ ഹാര്‍ബറുകളിലെ വ്യാപാരികള്‍ പറയുന്നത്. പൊന്നാനിയില്‍ കഴിഞ്ഞ ദിവസം ലഭിച്ച കൂറ്റന്‍ ഉടുമ്പന്‍ സ്രാവിന് പോലും മാന്യമായ വില ലഭിച്ചില്ലെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. കടലില്‍ വ്യാപകമായി അഴുകിയ മനുഷ്യ ജഡങ്ങള്‍ ഒഴുകിനടക്കുന്നതിനാല്‍ പലരും മത്സ്യം വാങ്ങാന്‍ മടികാണിക്കുന്നുണ്ട് .ഇതിനുപുറമെ ശബരിമല സീസണായതും മത്സ്യത്തിന് വിലയിടിയാന്‍ കാരണമായി.

RELATED STORIES

Share it
Top