ഓക്‌സ്‌ബോ തടാക സംരക്ഷണത്തിനുള്ള സര്‍വേ നടപടികള്‍ ആരംഭിച്ചു

മാള: വൈന്തലയിലെ കണിച്ചാംതുറ ഓക്‌സ്‌ബോ തടാകം സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സര്‍വേ നടപടികള്‍ ആരംഭിച്ചു. നാലേക്കറോളം വരുന്ന തടാകം അതിര്‍ത്തി നിശ്ചയിച്ച് കുറ്റികള്‍ സ്ഥാപിക്കുന്ന നടപടികളാണ് താലൂക്ക് സര്‍വയറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചത്.
കണിച്ചാന്തുറ അളന്ന് തിട്ടപ്പെടുത്തുന്നതിന് വേണ്ടി പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിരുന്നു. കാടുകുറ്റി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട കണിച്ചാന്തുറയുടെ ഭാഗങ്ങള്‍ കയ്യേറ്റങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇവ ഒഴിപ്പിച്ച് അതിര്‍ത്തി നിര്‍ണ്ണയം നടത്തണമെന്നുള്ള പ്രദേശവാസികളുടെ ആവശ്യമാണ് യാഥാര്‍ഥ്യത്തിലേക്ക് വരുന്നത്.
തടാകം സംരക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത് സംരക്ഷണത്തിനൊപ്പം ശുദ്ധജലക്ഷാമത്തിനുളള ശാശ്വത പരിഹാരവും കൂടിയാണ്.
പരിസ്ഥിതി പ്രവര്‍ത്തകര്‍ ദക്ഷിണേന്ത്യയിലെ ഏക ഓക്‌സബോ തടാകം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വൈന്തലയിലെ കണിച്ചാന്തുറയുടെ സംരക്ഷണം സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കാടുകുറ്റി ഗ്രാമപഞ്ചായത്ത് നല്‍കിയ അപേക്ഷയിലാണ് താലൂക്ക് സര്‍വയര്‍ അളക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചിരിക്കുന്നത്.
ചാലക്കുടി പുഴയില്‍ നിന്നുളള വെള്ളം തൂമ്പുമുറിത്തോട്, കൊണ്ടൊഴിഞ്ഞാര്‍ തോട് കണിച്ചാംതുറ വഴി തിരികെ ചാലക്കുടിപുഴയിലേക്ക് തന്നെ പതിക്കുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള അപൂര്‍വ്വ വളവാണ് തടാകം ഓക്‌സ്‌ബോ തടാകമായി വിശേഷിക്കപ്പെടാന്‍ കാരണമായതെന്ന് വിദഗ്ധര്‍ പറയുന്നത്.
പതിറ്റാണ്ടുകളായി ചെളിമൂടികിടക്കുന്ന ഈ തുറ ചെളി നീക്കം ചെയ്ത് സംരക്ഷിച്ച് ഉപയോഗ യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യമാണ് ഇപ്പോള്‍ നടപടിയിലേക്ക് വരുന്നത്.
ചാലക്കുടി പുഴയോട് ചേര്‍ന്ന് കിടക്കുന്ന കണിച്ചാംതുറ അപൂര്‍വ്വ പ്രതിഭാസങ്ങളില്‍ ഒന്നാണ്. ഒട്ടനവധി ജൈവവൈവിദ്യങ്ങളാല്‍ സമ്പുഷ്ടമാണ് ഈ പ്രദേശം. തടാകത്തിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിരുകള്‍ നിശ്ചയിക്കും. കയ്യേറ്റങ്ങള്‍ ഉണ്ടെങ്കില്‍ ഇവ ഒഴിപ്പിച്ചതിന് ശേഷം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ തീരങ്ങളില്‍ കണ്ടല്‍ചെടികള്‍ വെച്ച് പിടിപ്പിക്കാനും തടാകത്തിലെ ചെളിനീക്കി കൂടുതല്‍ വെളളം സംഭരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ഇവിടെ നിന്നുളള വെളളം കൃഷിക്കും ജല സേചനത്തിനും ഉപയോഗപ്പെടുത്തുന്നതിന് പദ്ധതി തയ്യാറാക്കി സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്നതിനും ശ്രമം നടത്തുമെന്ന് കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ കണ്ണത്ത് പറഞ്ഞു.
മുന്‍പത്തെ സര്‍ക്കാരിന്റെ കാലത്ത് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പരിസ്ഥിതി ഉച്ചകോടിയുടെ ഭാഗമായി ജൈവവൈവിദ്യ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.
എന്നാല്‍ പിന്നീട് തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. ഇതിനിടെയാണ് നവീകരണവുമായി ബന്ധപ്പെട്ട് കാടുകുറ്റി ഗ്രാമപഞ്ചായത്ത് പദ്ധതികള്‍ ആസൂത്രണം ചെയ്ത് രംഗത്തെത്തിയിരുക്കുന്നത്.

RELATED STORIES

Share it
Top