ഓക്‌സിടോസിന്‍ ഇറക്കുമതി നിരോധിച്ചു

ന്യൂഡല്‍ഹി: ഓക്‌സിടോസിന്റെ ഇറക്കുമതി കേന്ദ്രസര്‍ക്കാ ര്‍ നിരോധിച്ചു. ഓക്‌സിടോസി ന്‍ രാജ്യത്തേക്കു കടത്തുന്നത് എന്തു വിലകൊടുത്തും തടയണമെന്ന് കേന്ദ്രം കസ്റ്റംസ് വകുപ്പിനോട് നിര്‍ദേശിച്ചു. ചില കര്‍ഷകര്‍ പച്ചക്കറികളുടെ അളവു വര്‍ധിപ്പിക്കാനും ചില ക്ഷീരകര്‍ഷകര്‍ പാലിന്റെ അളവു വര്‍ധിപ്പിക്കുന്നതിനും ഓക്‌സിടോസിന്‍ ഉപയോഗിക്കുന്നുണ്ട്. ഇതു കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ ഓഫിസ് നടത്തിയ 'ഓക്‌സിടോസിന്റെ ദോഷവശങ്ങള്‍' എന്ന യോഗത്തെ തുടര്‍ന്നാണു നടപടി.
പ്രസവസമയത്തും ഓക്‌സിടോസിന്‍ ഉപയോഗിക്കുന്നുണ്ട്. സത്യസന്ധമായ ഉദ്ദേശ്യത്തോടുകൂടിയുള്ള ആവശ്യങ്ങള്‍ക്ക് ഓക്‌സിടോസിന്‍ തദ്ദേശീയമായി ഉല്‍പാദിപ്പിക്കാം. എന്നാല്‍, ഓക്‌സിടോസിന്‍ ഇറക്കുമതി ചെയ്യുന്നത് അടിയന്തരമായി തടയുമെന്നും കേന്ദ്ര എക്‌സൈസ് വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. നിരോധനത്തെ തുടര്‍ന്ന് നിയമാനുസൃതമല്ലാതെ ഇവ കടത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇവ തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ എല്ലാ കസ്റ്റംസ് കമ്മീഷണര്‍മാര്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കി.

RELATED STORIES

Share it
Top