ഒ രാജഗോപാല്‍ എംഎല്‍എയുടെ ഓഫിസിന് നേരെ അക്രമംതിരുവനന്തപുരം: ഒ രാജഗോപാല്‍ എംഎല്‍എയുടെ ഓഫിസിന് നേരെ ആക്രമണം. നേമം നിറമണ്‍കര കോളജിന് സമീപത്തെ ഓഫിസാണ് കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ ആക്രമിക്കപ്പെട്ടത്. ഓഫിസിന്റെ ജനല്‍ ചില്ലും സമീപത്തു നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസും തകര്‍ന്നു. കഴിഞ്ഞ ഒരാഴ്ചയായി ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയാണിത്. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഒ രാജഗോപാല്‍ ആവശ്യപ്പെട്ടു. അതേസമയം, എംഎല്‍എയുടെ ഓഫിസ് ആക്രമണത്തിനു പിന്നില്‍ പാര്‍ട്ടിയാണെന്ന രാജഗോപാലിന്റെ പ്രസ്താവന അസത്യവും വസ്തുതയ്ക്കുനിരക്കാത്തതുമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഒ രാജഗോപാലിന്റെ ഓഫിസിന് മുകളില്‍ താമസിക്കുന്ന മലയിന്‍കീഴ് സ്വദേശിയും തിരുവല്ലം സ്‌കൂള്‍ അധ്യാപകനുമായ അനില്‍, മലയിന്‍കീഴുള്ള ബ്ലേഡ് മാഫിയയില്‍ നിന്നു വീട് വയ്ക്കുന്നതിനായി പണം കടംവാങ്ങിയിരുന്നു. ഇന്നലെ പണം തിരികെ വാങ്ങുന്നതിനായി എത്തിയ ഒരുസംഘമാളുകള്‍ അനിലിന്റെ വീട് ആക്രമിക്കുകയായിരുന്നു. അക്രമണം നടന്ന കെട്ടിടത്തിലെ ഒന്നാംനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന  രാജഗോപാലിന്റെ ഓഫിസിലേക്കും ബോ ര്‍ഡിലേക്കും കല്ലുകള്‍ പതിച്ചു. വസ്തുതകള്‍ ഇതാണെന്നിരിക്കെ രാജഗോപാലിന്റെ പ്രസ്താവന സത്യത്തിന് നിരക്കാത്തതാണെന്നും സിപിഎം വ്യക്തമാക്കി.

RELATED STORIES

Share it
Top