ഒഴുക്കില്‍പ്പെട്ട് മരണം : അബീസിന്റെ വേര്‍പാട് കാരയ്ക്കാട് ഗ്രാമത്തിനു തേങ്ങലായിഈരാറ്റുപേട്ട: മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞ കൊല്ലംപറമ്പില്‍ അബീസി(24)ന്റെ വേര്‍പാട് കാരയ്ക്കാട് ഗ്രാമത്തിനു തേങ്ങലായി. കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചയ്ക്കു രണ്ടോടെ കാരയ്ക്കാട് യുപി സ്‌കൂളിലും തുടര്‍ന്ന് വീട്ടിലുമായിരുന്നു മൃതദേഹം പൊതുദര്‍ശനത്തിനു വച്ചത്. നാട്ടുകാരും ബന്ധുക്കളും സഹപ്രവര്‍ത്തകരുമായി നൂറുകണക്കിനാളുകളാണ് ഭൗതികശരീരം ഒരുനോക്കു കാണാനായി ഒഴുകിയെത്തിയത്. വൈകീട്ട് 4.30ന് പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍ വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിലാണ് മയ്യിത്ത് ഖബറടക്കിയത്. മലഞ്ചരക്ക് വ്യാപാരം നടത്തിയിരുന്ന അബീസ് കാരയ്ക്കാട് നിവാസികള്‍ക്ക് ഏറെ വേണ്ടപ്പെട്ടവനായിരുന്നു. നല്ല ഒരു സുഹൃദ്‌വലയം തന്നെ അബീസിനുണ്ടായിരുന്നു. കൊല്ലംപറമ്പില്‍ അഷ്‌റഫിന്റെ രണ്ടാമത്തെ മകനാണ്. ചൊവ്വാഴ്ച മീനച്ചിലാറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നീന്തുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ട് അബീസിനെ കാണാതായത്. ഇന്നലെ രാവിലെ ആറോടെ നാട്ടുകാരും സഹപ്രവര്‍ത്തകരും അബീസിന്റെ ചങ്ങാതിമാരായ അസ്ഹര്‍, അലിയാര്‍, സിറാജ്, ഷെമീര്‍, അഷ്‌റഫ്കുട്ടി എന്നിവര്‍ ചേര്‍ന്ന് നാലു ടീമായാണ് തിരച്ചില്‍ ആരംഭിച്ചത്. എട്ടോടെ അല്‍മനാറിനും മുരിക്കോലി കോസ്‌വേക്കും ഇടയിലായി മൃതദേഹം കണ്ടെത്തുകയായിരുന്നു. അപകടസ്ഥലത്തിന് 300 മീറ്റര്‍ താഴെ തീരത്തെ മരത്തില്‍ തങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഈസ്മയില്‍ കീഴേടം, ബാസിത്, അന്‍സാരി ഈലക്കയം എന്നിവര്‍ മയ്യിത്ത് പരിപാലനത്തിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. അബീസിന്റെ മാതാവ് റൈഹാനത്ത്-നടയ്ക്കല്‍ പുഴക്കര കുടുംബാംഗം. സഹോദരങ്ങള്‍: അജ്മല്‍, അന്‍ഷാദ്.

RELATED STORIES

Share it
Top