ഒഴുക്കില്‍പ്പെട്ട് മധ്യവയസ്‌കനെ കാണാതായി

വടക്കഞ്ചേരി: ഒഴുക്കില്‍പ്പെട്ട് കുടുംബനാഥനെ കാണാതായി. കിഴക്കഞ്ചേരി മൂലങ്കോട് കാരപ്പാടം രാമന്റെ മകന്‍ സുദേവന്‍ (56) നെയാണ് കളവ പ്പാടം കൂട്ടില്‍ മൊക്ക് ചെക്ക് ഡാമിന് സമീപം ഒഴുക്കില്‍പ്പെട്ട് കാണാതായത്.ബുധനാഴ്ച രാത്രി ഒമ്പത് മണിയോടു കൂടിയാണ് സംഭവം. വീട്ടില്‍ വഴക്കിട്ടതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും നാനൂറ് മീറ്ററോളം അകലെയുള്ള പുഴയില്‍ ചാടുകയായിരുന്നെന്ന് പറയുന്നു.ഇയാള്‍ പുഴയില്‍ ചാടുന്നത് കണ്ട് നാട്ടുകാര്‍ പുറകേ ചാടി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കുള്ളതിനാല്‍ പരാജയപ്പെട്ടു. തുടര്‍ന്ന് വടക്കഞ്ചേരിയില്‍ നിന്നും ഫയര്‍ഫോഴ്‌സും പോലിസും സ്ഥലതെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
നാട്ടുകാര്‍ രാത്രി തന്നെ പുഴയോരങ്ങളിലും മറ്റും തിരച്ചില്‍ നടത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ ഫയര്‍ഫോഴ്‌സ് ടീം നാട്ടുകാരുമടങ്ങുന്ന മുപ്പതോളം സംഘം തിരച്ചില്‍ തുടര്‍ന്നെങ്കിലും യാതൊരു വിധ വിവരവും ലഭിച്ചില്ല. വ്യാഴാഴ്ച രാവിലെ ഏഴരക്ക് തുടങ്ങിയ തിരച്ചില്‍ മമ്പാട്, പന്നിയംപാടം, ചാട്ടുകോട്, പുഴകളിലൂടെ വടക്കഞ്ചേരി പാളയം വരെ അഞ്ച് കിലോമീറ്ററോളം ദൂരം തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താത്തതിനെ തുടര്‍ന്ന് പകല്‍ രണ്ട് മണിയോടു കൂടി തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. പുഴയിലെ ശക്തമായ അടിയൊഴുക്ക് തിരച്ചിലിനെ ബാധിച്ചു. മംഗലം ഡാമില്‍ നിന്നു വരുന്ന പുഴയും പാലക്കുഴിയില്‍ നിന്നും വരുന്ന പുഴയും സംഗമിക്കുന്ന സ്ഥലത്താണ് അപകടം നടന്നത്.

RELATED STORIES

Share it
Top