ഒഴുകണം നമ്മുടെ പുഴകള്‍

എസ്  പി  രവി
പരിസ്ഥിതിക്ക് ഇണങ്ങുന്ന ജീവിതശൈലിക്കേ നിലനില്‍പുള്ളൂ. ആദ്യം പ്രകൃതിയുടെ ഭാഗമായും പിന്നെ പ്രകൃതിക്കിണങ്ങിയും പിന്നെ പരമാവധി പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടുമാണല്ലോ ആദിമാനവനില്‍ നിന്നും ആധുനിക മാനവനിലേക്കുള്ള പരിണാമമുണ്ടായത്. വ്യാവസായിക വിപ്ലവ കാലഘട്ടം മുതല്‍ വ്യാപ്തിയും വേഗവും വര്‍ധിച്ച പ്രകൃതിചൂഷണം 20ാം നൂറ്റാണ്ടു മുതല്‍ ആസുരവേഗം കൈവരിക്കുകയായിരുന്നു. വിവേകരഹിതവും വിനാശകരവുമായ ഈ ഇടപെടലുകള്‍ പ്രകൃതിക്കു താങ്ങാവുന്ന എല്ലാ പരിധികള്‍ക്കുമപ്പുറം കടന്നിട്ടുതന്നെ നിരവധി പതിറ്റാണ്ടുകളായിരിക്കുന്നു. പ്രകൃതി നടത്തുന്ന തിരുത്തലുകള്‍ നമുക്ക് കനത്ത തിരിച്ചടിയാവുമ്പോഴും വരാനിരിക്കുന്ന ആഘാതങ്ങള്‍ ഇതിലും ഏറെ കടുത്തതാവാമെന്ന മുന്നറിയിപ്പുകള്‍ ഉയരുമ്പോഴും തെറ്റെന്നു തിരിച്ചറിഞ്ഞ വഴികളിലൂടെത്തന്നെ പോകണമെന്നു ശഠിക്കുന്നവര്‍ മാനവരാശിയെ നയിക്കുന്നത് സര്‍വ നാശത്തിലേക്കാണ്.
ആദ്യഘട്ടങ്ങളില്‍ പ്രകൃതി-പരിസ്ഥിതി നശീകരണത്തിനു കൂട്ടുനില്‍ക്കുന്നവരില്‍ ചിലര്‍ക്കെങ്കിലും പാരിസ്ഥിതിക അജ്ഞതയുടെ ആനുകൂല്യം നല്‍കാവുന്നതാണ്. എന്നാല്‍, 20ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം മുതലെങ്കിലും വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ തുടര്‍ച്ചയായി വന്നിട്ടുണ്ട്. പഠന റിപോര്‍ട്ടുകളുടെയും ഗ്രന്ഥങ്ങളുടെയും ദുരന്തങ്ങളുടെ തന്നെയും രൂപത്തില്‍ വന്ന മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെടുകയോ നിരാകരിക്കപ്പെടുകയോ ആയിരുന്നു. തിരുത്തലുകള്‍ക്ക് ശ്രമമുണ്ടായിട്ടില്ലെന്നല്ല, ലോകരാഷ്ട്രങ്ങള്‍ ഒരുമിച്ചുതന്നെ 1972ലെ സ്‌റ്റോക്‌ഹോം കണ്‍വന്‍ഷന്‍ മുതല്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും നിരവധി തീരുമാനങ്ങള്‍ കൈക്കൊള്ളുകയും അതിന്റെ അടിസ്ഥാനത്തില്‍ പല നടപടികളും എടുക്കുകയും ചെയ്തിട്ടുണ്ട്. വളരെ പുരോഗമനപരമായ പരിസ്ഥിതി സംരക്ഷണ നയങ്ങളും നിയമങ്ങളും പല രാജ്യങ്ങളും കൈക്കൊണ്ടിട്ടുണ്ട്. പക്ഷേ, നേരിടുന്ന വെല്ലുവിളികള്‍ക്കു മുന്നില്‍  ഈ നടപടികള്‍ തീരെ അപര്യാപ്തമാണ്.
കൂട്ടത്തില്‍ പറയട്ടെ, ഇന്ത്യയുടെ നിലപാട് വളരെ നിരാശാജനകമാണ്. നമ്മള്‍ പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ധന എപ്പോള്‍ അവസാനിപ്പിക്കാനാവുമെന്നു പോലും ഇന്ത്യ പറയുന്നില്ല. ചരിത്രപരമായി അന്തരീക്ഷത്തില്‍ ഹരിതഗൃഹ വാതകങ്ങള്‍ നിറച്ച വികസിത രാഷ്ട്രങ്ങള്‍ അവരുടെ ഉല്‍സര്‍ജനം ഗണ്യമായി കുറയ്ക്കണം എന്ന നമ്മുടെ ആവശ്യം പൂര്‍ണമായും ശരിയാണ്. എന്നാല്‍, അവര്‍ ഒഴിച്ചിടുന്ന അന്തരീക്ഷത്തിലെ ഇടം നമുക്ക് ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളാനുള്ളതാണെന്ന വാദം പാരിസ്ഥിതികമായും സാമൂഹികമായും തെറ്റാണ്. ആളോഹരി എമിഷന്‍ കുറവാണെന്ന വാദം ഉയര്‍ത്തി, നമുക്കതു വര്‍ധിപ്പിക്കാന്‍ അവകാശമുണ്ടെന്നു വാദിക്കുന്നതും അപഹാസ്യം മാത്രമല്ല, അപകടകരവുമാണ്.
ഇവിടത്തെ ഭൂരിഭാഗം വരുന്ന സാധാരണക്കാരുടെ ചെലവിലാണ് ആളോഹരി ഉല്‍സര്‍ജനം കുറഞ്ഞിരിക്കുന്നതെന്നും ഇവിടത്തെ സമ്പന്ന ന്യൂനപക്ഷത്തിന്റെ ഉല്‍സര്‍ജനത്തിന്റെ തോത് പല വികസിത രാജ്യങ്ങളിലേതിനും മേലെയാണെന്നതും ഔദ്യോഗിക രേഖകളൊന്നും പറയില്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ആദ്യം ബാധിക്കുക പാവപ്പെട്ടവരെയാണെന്ന വസ്തുതകളും ഭരണകൂടങ്ങള്‍ അവഗണിക്കുകയാണ്.
ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ നടത്തുന്ന പ്രകൃതിനശീകരണമാണ് നമ്മള്‍ ഇന്ന് എത്തിനില്‍ക്കുന്ന പാരിസ്ഥിതിക പതനത്തിനു കാരണമെന്നു തെളിയിക്കപ്പെട്ടുകഴിഞ്ഞതാണ്. ഈ വികസന ശൈലി ഒരു ചെറുന്യൂനപക്ഷത്തിന്റെ സ്വാര്‍ഥ സാമ്പത്തിക താല്‍പര്യങ്ങള്‍ മാത്രമാണ് സംരക്ഷിക്കുന്നതെന്നും വ്യക്തമാണ്. എന്നിട്ടും ഈ സാങ്കേതികവിദ്യകളില്‍ തന്നെ പരിഹാര സാധ്യതകള്‍ തേടുന്നിടത്തും ഈ വികസന ശൈലി തന്നെ പിന്തുടരുന്നിടത്തും നമുക്കു തെറ്റുകയാണ്. ഭൂമിയുടെ പരിധിയും പരിമിതിയും ഉള്‍ക്കൊള്ളുന്ന, 'ഭൂമിയുടെ അവകാശി'കളെയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ജീവിതശൈലിക്കു മാത്രമേ നിലനില്‍പുള്ളൂ എന്നു തിരിച്ചറിഞ്ഞേ പറ്റൂ.
വികസനത്തിന്റെ ഇരകളില്‍ ജലസ്രോതസ്സുകള്‍ക്ക്, വിശേഷിച്ച് നദികള്‍ക്കു പ്രധാന സ്ഥാനമുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങുന്നതിലും ജലമേഖലയ്ക്കു പ്രമുഖ സ്ഥാനമാണുള്ളത്. ജലസമൃദ്ധിക്ക് പേരുകേട്ടിരുന്ന കേരളത്തിന്റെ ജലമേഖലയ്ക്ക് പൊതുവിലും ഇവിടത്തെ പുഴകള്‍ക്ക് വിശേഷിച്ചും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു നോക്കാം.
നമ്മുടെ ഭരണകൂടങ്ങള്‍ക്കും ചിലപ്പോഴൊക്കെ നീതിപീഠങ്ങള്‍ക്കും ചില അടിസ്ഥാന വസ്തുതകള്‍ പറഞ്ഞുകൊടുക്കാന്‍ ആര്‍ക്കാണ് ആവുക? പുഴകള്‍ എങ്ങനെയുണ്ടാവുന്നുവെന്ന് ഇവരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. ജലചക്രം എന്താണെന്നു പറയേണ്ടിയിരിക്കുന്നു. പുഴകള്‍ അതിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നു പറഞ്ഞുകൊടുക്കേണ്ടിയിരിക്കുന്നു. ഭരണകൂടങ്ങള്‍ പുഴകളുടെ അവകാശികളല്ലെന്നും  വരുംതലമുറയ്ക്കായി അവയെ പരിപാലിക്കേണ്ട സൂക്ഷിപ്പുകാര്‍ മാത്രമാണെന്നും ഇവരെ ഓര്‍മിപ്പിക്കേണ്ടിയിരിക്കുന്നു. പുഴകള്‍ ഉള്‍പ്പെടെയുള്ള പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം ഭരണഘടനാപരമായ ചുമതലയാണെന്നു ചൂണ്ടിക്കാട്ടേണ്ടിയിരിക്കുന്നു. കാരണം, ഇതെല്ലാം ഇവര്‍ക്ക് അറിയുമായിരുന്നെങ്കില്‍, ഇതെല്ലാം ഇവര്‍ ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ നമ്മുടെ പുഴകള്‍ ഇത്ര നശിക്കില്ലായിരുന്നു. ഒഴുക്ക് നിലച്ചും അഴുക്കു നിറഞ്ഞും ശ്വാസംമുട്ടില്ലായിരുന്നു.
നദീവ്യവസ്ഥകളുടെ നാശഹേതുക്കളെ പ്രധാനമായും മൂന്നായി തിരിക്കാം:
1. നദീതടത്തിലെ ഭൂവിനിയോഗത്തില്‍ വരുന്ന അനഭിലഷണീയമായ മാറ്റങ്ങള്‍.
2. അണക്കെട്ടുകളും ജലം തിരിച്ചുകൊണ്ടുപോകലും അമിത ജലചൂഷണവും.
3. മലിനീകരണം.
കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ഇതിനു പുറമെയാണ്.
കേരളത്തിലെ നദികളുടെ സ്ഥിതി നോക്കാം. പശ്ചിമഘട്ട മലനിരകളാണ് കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. നമ്മുടെ പുഴകള്‍ മിക്കതും പിറവിയെടുക്കുന്നത് ഈ മലനിരകളില്‍ നിന്നാണ്. മഴയെ പുഴയാക്കി മാറ്റാന്‍ കഴിയുന്ന കാടുകള്‍ ഈ മലകളെ പൊതിഞ്ഞിരുന്ന കാലത്ത് പുഴകള്‍ വര്‍ഷം മുഴുവന്‍ ഒഴുകിയിരുന്നു. ഒന്നര നൂറ്റാണ്ടുകൊണ്ട് നമ്മള്‍ കാടെല്ലാം വെട്ടി വികസിപ്പിച്ചപ്പോള്‍ പുഴകള്‍ മഴക്കാലം കഴിഞ്ഞാല്‍ ഒഴുകാതെയായി. 1905ല്‍ കേരളത്തിന്റെ ഭൂവിസ്തൃതിയില്‍ 45 ശതമാനം വനങ്ങളായിരുന്നെങ്കില്‍ ഇന്ന് സ്വാഭാവിക വന ആവാസവ്യവസ്ഥ നിലനില്‍ക്കുന്നത് അഞ്ചോ ആറോ ശതമാനം പ്രദേശത്തു മാത്രമാണ്.
ഏറ്റവുമധികം വൃഷ്ടിപ്രദേശമുള്ള ഭാരതപ്പുഴത്തടത്തില്‍ തലപ്പത്തു കാടുള്ളത് സൈലന്റ് വാലിയില്‍ മാത്രമാണ്. അവിടെ നിന്ന് ഉദ്ഭവിക്കുന്ന കുന്തിപ്പുഴയില്‍ മാത്രമേ വേനലില്‍ ചെറിയ നീരൊഴുക്കെങ്കിലുമുള്ളൂ. പെരിയാറിന്റെയും പമ്പയുടെയും ചാലക്കുടിപ്പുഴയുടെയുമെല്ലാം തലപ്പത്ത് തുണ്ടുവല്‍ക്കരിക്കപ്പെട്ട കുറച്ചു കാടുകള്‍ അവശേഷിക്കുന്നിടത്ത് വേനലിലും ഒഴുകുന്ന ചോലകള്‍ കാണാം. അച്ചന്‍കോവിലാറിനു മുകളില്‍ മാത്രമായിരിക്കാം കുറച്ചു ഭേദപ്പെട്ട സ്ഥിതിയുള്ളത്.
കാടുള്ളതും ഇല്ലാത്തതുമായ വൃഷ്ടിപ്രദേശങ്ങള്‍ പുഴയുടെ വേനല്‍ക്കാല നീരൊഴുക്കുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു ചാലക്കുടിപ്പുഴയിലെ കേരള ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് ജലവൈദ്യുത പദ്ധതികളുടെ വൃഷ്ടിപ്രദേശങ്ങളിലെ വേനല്‍ക്കാല അവസ്ഥ നോക്കിയാല്‍ അറിയാം. കേരള ഷോളയാറിന്റെ തനതു വൃഷ്ടിപ്രദേശം 64 ചതുരശ്ര കിലോമീറ്ററാണ്. ഇതില്‍ നല്ലൊരു ഭാഗം ഇന്നും നിബിഡമായ നിത്യഹരിത വനങ്ങളാണ്. ഈ കാടുകളില്‍ ഇപ്പോഴും വര്‍ഷം മുഴുവന്‍ ഒഴുകുന്ന അരുവികളുണ്ട്. ഷോളയാര്‍ ജലസംഭരണിയിലേക്കു വേനല്‍ക്കാലത്തു പോലും പ്രതിമാസം ശരാശരി അഞ്ചു ദശലക്ഷം ഘനമീറ്ററില്‍ കുറയാത്ത അളവില്‍ വെള്ളം ഒഴുകിയെത്തുന്നുണ്ട്.
എന്നാല്‍, തൊട്ടുതാഴെയുള്ള പെരിങ്ങല്‍ക്കുത്തിനു സ്വന്തമായി 526 ച.കി.മീ വൃഷ്ടിപ്രദേശമുണ്ടെങ്കിലും ഈ പ്രദേശങ്ങളിലെ സ്വാഭാവിക വനങ്ങള്‍ മിക്കവാറും നഷ്ടപ്പെട്ടു. അതിനാല്‍, ഈ അണക്കെട്ടിലേക്കു വേനലില്‍ തീര്‍ത്തും നീരൊഴുക്കില്ല. 1940കളില്‍ വേനല്‍ക്കാലത്തെ പുഴയില്‍ ഏറ്റവും നീരൊഴുക്ക് കുറഞ്ഞ മാസങ്ങളില്‍ പോലും ശരാശരി സെക്കന്‍ഡില്‍ 603 ഘനയടി തോതില്‍ നീരൊഴുക്ക് ഉണ്ടായിരുന്നതായി രേഖയുണ്ട്. പുഴത്തടത്തിലെ വേനല്‍ക്കാല ആവശ്യങ്ങള്‍ ഒരു പരിധി വരെ നിറവേറ്റാന്‍ പര്യാപ്തമായ നീരൊഴുക്കാണിത്. പക്ഷേ, ഈ സ്വാഭാവിക വേനല്‍ക്കാല നീരൊഴുക്ക് ഇതിന്റെ ഒമ്പതില്‍ ഒന്നായി കുറഞ്ഞിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഈ കുറഞ്ഞ നീരൊഴുക്കു പോലും ഇല്ലാതാക്കുമോ എന്ന ആശങ്കയുമുണ്ട്.                       ി

(അവസാനിക്കുന്നില്ല.)

RELATED STORIES

Share it
Top