ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാന്‍ വൈമനസ്യം

തിരുവനന്തപുരം: എല്‍ഡിസി റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാതെ വകുപ്പുകളുടെ ഒളിച്ചുകളി. 943 ഒഴിവുകള്‍ മാത്രമാണ് ഇതുവരെ റിപോര്‍ട്ട് ചെയ്തത്.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ഒഴിവ് റിപോര്‍ട്ട് ചെയ്തത്- 103. മലപ്പുറമാണ് തൊട്ടുപിന്നില്‍- 102. ആലപ്പുഴ- 52, തൃശൂര്‍- 77, പാലക്കാട്- 59, കോഴിക്കോട്- 97, വയനാട്- 45, കണ്ണൂര്‍- 85, കാസര്‍കോട്- 41, കൊല്ലം- 40, പത്തനംതിട്ട- 29, ആലപ്പുഴ- 55, കോട്ടയം- 60, ഇടുക്കി- 26, എറണാകുളം- 80 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. ബുധനാഴ്ച വൈകീേട്ടാടെ 70 ഒഴിവുകൂടി റിപോര്‍ട്ട് ചെയ്തു.
ട്രഷറി, പോലിസ് വകുപ്പുകള്‍ തീരെ ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ലഭ്യമായ വിവരം. 2015ല്‍ നിലവില്‍വന്ന 23,792 പേരുടെ ലിസ്റ്റില്‍ നിന്ന് ഇതുവരെ നിയമനം ലഭിച്ചത് 10,050 ഓളം പേര്‍ക്ക് മാത്രമാണ്. ചരിത്രത്തില്‍ ഏറ്റവും കുറവ് നിയമനങ്ങള്‍ നടന്ന ലിസ്റ്റാണിത്. ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യം നിരസിച്ച സര്‍ക്കാര്‍ പരമാവധി ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്ത് നിയമനം നല്‍കാമെന്ന മറുപടിയാണു നല്‍കിയത്.
27ന് മുമ്പ് ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യണമെന്ന് കാട്ടി 10 ദിവസം മുമ്പ് മുഖ്യമന്ത്രി വകുപ്പുകള്‍ക്ക് അന്ത്യശാസനവും നല്‍കി. ഇന്ന് ഒരുദിവസംകൊണ്ട് ഒഴിവുകളില്‍ വലിയ മാറ്റമൊന്നും സംഭവിക്കാനില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. കഴിഞ്ഞ തവണത്തെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന സന്ദര്‍ഭത്തില്‍ സൂപ്പര്‍ ന്യൂമററി ഒഴിവുകള്‍ സൃഷ്ടിച്ചതുമൂലം നഷ്ടമായ 1,600 ഒഴിവുകളെങ്കിലും തിരിച്ചുനല്‍കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ സ്വപ്‌നങ്ങളാണ് ഇതോടെ തകരുന്നത്. പ്രായപരിധി കഴിഞ്ഞതിനാല്‍ പലര്‍ക്കും ഇനി പിഎസ്‌സി പരീക്ഷ എഴുതാനും കഴിയില്ല. പുതുതായി അറിയിച്ച ഒഴിവുകളിലേക്ക് ഏപ്രില്‍ രണ്ടാംവാരത്തോടെ നിയമന ശുപാര്‍ശ ലഭിക്കും. റാങ്ക്‌ലിസ്റ്റിന്റെ കാലാവധി തീരുന്ന ഇന്ന് വരെ ഒഴിവുകള്‍  റിപോര്‍ട്ട് ചെയ്യാം. സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ തുടരുന്ന അനിശ്ചിതകാല സമരം മുന്‍നിര്‍ത്തി പരമാവധി പേര്‍ക്ക് നിയമനം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം, റാങ്ക്‌ലിസ്റ്റിന്റെ കാലാവധി നീട്ടില്ല.

RELATED STORIES

Share it
Top