ഒഴിഞ്ഞ ഷെഡില്‍ ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള അജ്ഞാത മൃതദേഹം

തളിപ്പറമ്പ്: പറശ്ശിനിക്കടവ് ശ്രീമുത്തപ്പന്‍ ക്ഷേത്രത്തിനു സമീപത്തെ ഒഴിഞ്ഞ ഷെഡില്‍ ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള തിരിച്ചറിയാനാവാത്ത നിലയി ല്‍ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. പറശ്ശിനിക്കടവ് ബസ്സ്റ്റാന്റിനടുത്ത കോ-ഓപറേറ്റീവ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന് സമീപത്തെ പുഷ്പജന്‍ എന്നയാളുടെ ഒഴിഞ്ഞ പറമ്പിലെ ഷെഡിലാണ് മൃതദേഹം കണ്ടത്. ഇന്നലെ രാവിലെയാണ് സംഭവം.
ആറു വര്‍ഷമായി ഉപയോഗിക്കാതെ കിടന്ന ഷെഡിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരമറിയിച്ചത് പ്രകാരം തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ ദിനേശന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.
മൃതദേഹത്തിന് സമീപത്തുനിന്ന് കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ എഴുതിവച്ച കൂലിക്കണക്കിന്റെ പുസ്തകം കണ്ടെത്തി. ഇവിടെ നിന്ന് ലഭിച്ച ചില ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് പോലിസ് അവരെ സ്ഥലത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇവിടെ താമസിച്ച് കൂലിപ്പണിക്ക് പോയിരുന്ന ആളാണ് മരിച്ചതെന്നാണ് നിഗമനം.

RELATED STORIES

Share it
Top