ഒളിവിലിരിക്കെ ജസ്റ്റിസ് കര്‍ണന്‍ വിരമിച്ചുന്യൂഡല്‍ഹി: സുപ്രിംകോടതി കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചതിന് ശേഷം അപ്രത്യക്ഷനായ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണന്‍ ഇന്നലെ വിരമിച്ചു. വിരമിക്കുന്നതിന് മുമ്പുള്ള അവസാനത്തെ പ്രവൃത്തിദിനം ഈ മാസം ഒമ്പതിനായിരുന്നെങ്കിലും ഇന്നലെയാണ് സാങ്കേതികമായി അദ്ദേഹം വിരമിച്ചത്. സുപ്രിംകോടതി ആറുമാസത്തേക്ക് തടവുശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് മെയ് 10 മുതല്‍ ജസ്റ്റിസ് കര്‍ണന്‍ ഒളിവിലാണ്. കര്‍ണനെ കണ്ടെത്താന്‍ കൊല്‍ക്കത്ത പോലിസ് തമിഴ്‌നാട്ടില്‍ പലയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ജഡ്ജിയെന്ന നിലയിലുള്ള ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് സുപ്രിംകോടതി വിലക്കിയതു കൊണ്ടാണ് അദ്ദേഹം ഇന്നലെ കോടതിയില്‍ എത്താതിരുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പീറ്റര്‍ രമേശ്കുമാര്‍ പറഞ്ഞു. ഇത്തരമൊരു വിലക്ക് അദ്ദേഹത്തിനുണ്ടായിരുന്നില്ലെങ്കില്‍ അവസാന ദിവസത്തെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹം കോടതിയില്‍ എത്തുമായിരുന്നെന്നും പീറ്റര്‍ പറഞ്ഞു.  ജെ എസ് ഖെഹാറിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ വിശാല ബെഞ്ചാണ് കര്‍ണനെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചത്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും വിരമിച്ച സുപ്രിംകോടതി ജഡ്ജിമാര്‍ക്കുമെതിരേ അഴിമതിയാരോപണം ഉന്നയിച്ചു സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് ജസ്റ്റിസ് കര്‍ണന്‍ തുറന്ന കത്തെഴുതിയതാണ് കേസിനാസ്പദമായ സംഭവം. ജൂഡീഷ്യറിയിലെ അഴിമതി ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെടുന്ന കത്തില്‍ 20 ജഡ്ജിമാരുടെ പേരും ഉള്‍പ്പെടുത്തിയിരുന്നു. താന്‍ ദലിതനായതുകൊണ്ട് സഹ ജഡ്ജിമാര്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും പരിഹസിക്കുന്നുണ്ടെന്നും കത്തില്‍ ജസ്റ്റിസ് കര്‍ണന്‍ ആരോപിച്ചിരുന്നു. കര്‍ണന്റെ നടപടി ജുഡീഷ്യറിയെ മൊത്തം അവമതിക്കലാണെന്നു നിരീക്ഷിച്ച് സംഭവത്തില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കര്‍ണന് കാരണംകാണിക്കല്‍ നോട്ടീസയച്ച കോടതി നേരിട്ട് ഹാജരാവാന്‍ ഉത്തരവിട്ടു. ഹാജരാവുന്നതിനു പകരം താനൊരു ദലിതനായതിനാല്‍ തന്നെ ഇരയാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് കര്‍ണന്‍ സുപ്രിംകോടതി രജിസ്ട്രാര്‍ക്ക് കത്തെഴുതുകയാണ് ചെയ്തത്. തുടര്‍ന്ന് കര്‍ണനെതിരേ സുപ്രിംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പിന്നീട് കോടതിയില്‍ ഹാജരായ കര്‍ണന്‍ കോടതിക്ക് വഴങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് കോടതി ശിക്ഷിച്ചത്.

RELATED STORIES

Share it
Top