ഒളിച്ചോട്ടം: പിടിയിലായവര്‍ കള്ളനോട്ട് കേസില്‍ പ്രതികള്‍

വടകര: ദുരൂഹ സാഹചര്യത്തില്‍ കാണാതായി കഴിഞ്ഞ ദിവസം പോലിസ് പിടികൂടിയ ഓര്‍ക്കാട്ടേരിയിലെ മൊബൈല്‍ ഷോപ്പ് ഉടമ വൈക്കിലശ്ശേരി പുത്തന്‍പുരയില്‍ അംജാദും (23) ജീവനക്കാരി ഒഞ്ചിയം മനക്കല്‍ പ്രവീണയും (32) കള്ളനോട്ടുകേസിലും വ്യാജ ലോട്ടറി കേസിലും പ്രതികളാണ്. ഇരുവരും താമസിച്ച കോഴിക്കോട് പുതിയറയിലെ വീട്ടില്‍ പോലിസ് നടത്തിയ റെയ്ഡില്‍ കള്ളനോട്ടുകള്‍ കണ്ടെത്തിയിരുന്നു. 100 രൂപയുടെ നിരവധി വ്യാജ നോട്ടുകളാണ് ഇവിടെ നിന്നു പിടിച്ചെടുത്തത്. ഈ കേസില്‍ അംജാദ് ഒന്നാംപ്രതിയും പ്രവീണ രണ്ടാംപ്രതിയുമാണ്. പുതിയറ ജയില്‍റോഡിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവര്‍. വ്യാജ ലോട്ടറി ടിക്കറ്റ് നിര്‍മിച്ച് സമ്മാനം കൈപ്പറ്റിയതായും പോലിസ് കണ്ടെത്തി. ഒരു ചാനലിന്റെ ഐഡന്റിറ്റി കാര്‍ഡും ഇവര്‍ കൃത്രിമമായി തയ്യാറാക്കിയിട്ടുണ്ട്. ഇവയും താമസസ്ഥലത്തു നിന്ന് പോലിസ് പിടിച്ചെടുത്തു. ഇവ നിര്‍മിക്കുന്നതിനു വേണ്ട കംപ്യൂട്ടര്‍, പ്രിന്റര്‍ എന്നിവയും മുറിയില്‍ നിന്നു കണ്ടെടുത്തു. ഇരുവരെയും വടകര മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത ശേഷം ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ എറണാകുളത്തേക്കു കൊണ്ടുപോയി. കാണാതായതു സംബന്ധിച്ച് ഇരുവരുടെയും ബന്ധുക്കള്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തിരുന്നു. മൊബൈല്‍ ഷോപ്പ് ഉടമയായ അംജാദിനു പിന്നാലെ ജീവനക്കാരി പ്രവീണയെയും കാണാതായതു സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കെയാണ് പോലിസ് ഇരുവരെയും കോഴിക്കോട്ട് നിന്നു പിടികൂടിയത്. ഒളിച്ചുകഴിയുകയായിരുന്ന ഇരുവരെയും ശനിയാഴ്ച അര്‍ധരാത്രി വടകര സിഐയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പിടികൂടിയത്. സപ്തംബര്‍ 11 മുതലാണ് അംജാദിനെ കാണാതായത്. ഇയാള്‍ക്കായി പോലിസ് അന്വേഷണം നടത്തുന്നതിനിടെ രണ്ടുമാസം കഴിഞ്ഞ് കടയിലെ ജീവനക്കാരി പ്രവീണയെയും കാണാതായി. ഏഴു വയസ്സുള്ള കുട്ടിയുടെ അമ്മയാണ് യുവതി.

RELATED STORIES

Share it
Top