ഒളവണ്ണയിലെ വ്യവസായ മേഖല അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന്

കോഴിക്കോട്: ഒളവണ്ണയിലെ വ്യവസായ മേഖല ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനവാസ മേഖലയില്‍ പദ്ധതി നടത്താനുള്ള ശ്രമത്തെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. വ്യവസായ മേഖലയായി പ്രഖ്യാപിച്ച ഒളവണ്ണ പാറമ്മല്‍ മൂര്‍ക്കനാട്, ചെറുകര, കോഴക്കാട്ട, പുല്ലൂര്‍, കോഴിക്കോടന്‍ക്കുന്ന് പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രയാസം നേരിട്ടറിയാന്‍ ഒളവണ്ണ കോഴിക്കോടന്‍ക്കുന്നില്‍  സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
ജനാഭിപ്രായം മാനിക്കാതെയും പഞ്ചായത്തില്‍ ചര്‍ച്ച നടത്താതെയും പദ്ധതിക്കു അനുമതി നേടിയതിനു പിന്നില്‍ രഹസ്യ അജണ്ടകളുണ്ടെന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു.  ജനജീവിതങ്ങളെ ദുരിതത്തിലാക്കുന്ന പദ്ധതിയെ കുറിച്ചുള്ള ആശങ്ക അസംബ്ലിയില്‍ ഉന്നയിക്കും. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ജനങ്ങളെ എതിര്‍ത്ത് പദ്ധതിയുമായി മുന്നോട്ടു പോയാല്‍ ജനങ്ങളുടെ പ്രക്ഷോഭസമരങ്ങളില്‍ പങ്കാളിയാവുമെന്നും ചെന്നിത്തല ഉറപ്പു നല്‍കി. സംഭവവുമായി ബന്ധപ്പെട്ട്  22ന് മേഖലയില്‍ നിന്നുള്ള നിവേദകസംഘത്തോട്  നേരിട്ടുവന്നു കാണാനും ഉദ്യോഗസ്ഥരുമായി വിഷയം സംസാരിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
പ്രദേശത്തെ വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി പ്രതിപക്ഷ നേതാവിനെ കണ്ട് പരാതിയടങ്ങിയ നിവേദനം സമര്‍പ്പിക്കുകയും ആശങ്കകള്‍ പങ്കുവയ്ക്കുകയും ചെയ്തു.
ഒരു വിധത്തിലും ഭയപ്പെടേണ്ടതില്ലെന്നും  എതിര്‍പ്പുകളെ മറികടന്ന് വ്യവസായ മേഖലാ പ്രഖ്യാപനം യാഥാര്‍ഥ്യമാവില്ലെന്നും ഉറപ്പു നല്‍കിയാണ് രമേശ് ചെന്നിത്തല മടങ്ങിയത്.
ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ്,  കെപിസിസി ജനറല്‍ സെക്രട്ടറി കെ വി സുബ്രഹ്മണ്യന്‍,  യു സി രാമന്‍,  ഖാലിദ് കിളിമുണ്ട പങ്കെടുത്തു.

RELATED STORIES

Share it
Top