ഒളരി- കാഞ്ഞാണി റോഡിന്റെ ശോച്യാവസ്ഥയ്ക്ക് ഒരു രക്തസാക്ഷി കൂടി; റോഡ് ഉപരോധിച്ചു

അന്തിക്കാട്: ഒളരി-കാഞ്ഞാണി റോഡിന്റെ ശോച്യാവസ്ഥയ്ക്ക് ഒരു രക്തസാക്ഷി കൂടി. മനക്കൊടി ചാലിശേരി വീട്ടില്‍ പീറ്റര്‍(52) ആണ് ബൈക്കപകടത്തില്‍ മരിച്ചത്. റോഡിന്റെ ശോച്യാവസ്ഥയാണ് അപകടത്തിന് കാരണമാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
മനക്കൊടിയില്‍ ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഈമേഖലയില്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. മേഖലയില്‍ റോഡിന്റെ ശോച്യാവസ്ഥ മൂലം അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു.
അടുത്തിടെ അരിമ്പൂരില്‍ രണ്ടു ബൈക്ക് യാത്രികര്‍ അപകടത്തില്‍പ്പെട്ട് മരണമടഞ്ഞിരുന്നു. എ.ഡി.എം  സി.ലതിക സ്ഥലത്തെത്തി നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഉപരോധ സമരം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഒളരികാഞ്ഞാണി റോഡിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. റോഡിന്റെ അറ്റകുറ്റപ്പണികള്‍ ഉടന്‍ തുടങ്ങുമെന്ന് എ.ഡി.എം സി.ലതിക ഉറപ്പുനല്‍കി. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈമാസം 18 മുതല്‍ മേഖലയില്‍ ബസ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് ബിഎംഎസ് യൂനിയനു കീഴിലുള്ള ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചു.

RELATED STORIES

Share it
Top