ഒലിപ്രം കടവില്‍ പഴക്കംചെന്ന മല്‍സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു

തേഞ്ഞിപ്പലം: ദിവസങ്ങള്‍ പഴക്കമുള്ള മല്‍സ്യങ്ങള്‍ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യവകുപ്പും ജില്ല ഫുഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടി നശിപ്പിച്ചു. ഒലിപ്രം കടവില്‍ റോഡരികില്‍ കച്ചവടം ചെയ്യുന്ന മല്‍സ്യ കച്ചവടകാരന്റെ ഷെഡില്‍ ആയിരുന്നു മല്‍സ്യം സൂക്ഷിച്ചിരുന്നത്. ശനിയാഴ്ച രാവിലെ നാട്ടുകാര്‍ അനധികൃതമായി കെട്ടിയ ഷെഡ് പൊളിച്ചു നീക്കണമെന്ന ആവശ്യവുമായി കച്ചവടക്കാരെ സമീപിച്ചു. ഇതിനിടയില്‍ ആണ് പെട്ടിയില്‍ സൂക്ഷിച്ച ദിവസങ്ങള്‍ പഴക്കമുള്ള ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന  മല്‍സ്യങ്ങള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
നാട്ടുകാര്‍ വിവരമറിയിച്ചതാനുസരിച്ചു വാര്‍ഡ് അംഗം കെ വി അജയ്‌ലാല്‍ സ്ഥലത്തെത്തി. പിന്നീട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി മല്‍സ്യം പരിശോധിച്ചു. പഴക്കം ചെന്നതാണെന്നു തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഫുഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥരായ ബിബി മാത്യു, അബ്ദുല്‍ റഷീദ്, നീലിമ എന്നിവര്‍ എത്തി.
ഇവിടെ സൂക്ഷിച്ച മല്‍സ്യങ്ങള്‍ പരിശോധന നടത്തി. കേടുവന്ന മല്‍സ്യങ്ങള്‍ കച്ചവടക്കാരനെ കൊണ്ട് തന്നെ നശിപ്പിച്ചു കുഴിച്ചുമൂടി. നിരവധി പഴയ ഫ്രിഡ്ജുകളില്‍ ആണ് ഇവിടെ ഐസിട്ട് മല്‍സ്യങ്ങള്‍ സൂക്ഷിച്ചു വന്നിരുന്നത്.
ഇത്തരം പെട്ടിയില്‍ മല്‍സ്യങ്ങള്‍ സൂക്ഷികരുതെന്നും ആവശ്യമായ ലൈസന്‍സ് എടുത്തതിന് ശേഷം മാത്രമേ മല്‍സ്യവില്‍പന ആരംഭിക്കാന്‍ പാടുള്ളൂ എന്നും കച്ചവടക്കാരന് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. പരപ്പനങ്ങാടി പോലിസ്, ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ എന്നിവരും സ്ഥലത്ത് എഴുതിയിരുന്നു.
രാവിലെ മല്‍സ്യങ്ങള്‍ നാട്ടുകാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മറ്റു കച്ചവടകാരനും മല്‍സ്യങ്ങള്‍ ഇവിടെ നിന്നും മാറ്റുകയും ചെയ്തു. നേരത്തെ ഇവിടെ ദിവസങ്ങളോളം പഴക്കമുള്ള മല്‍സ്യങ്ങള്‍ വില്‍ക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചിരുന്നു.

RELATED STORIES

Share it
Top