ഒലവക്കോട് പ്രീപെയ്ഡ് ഓട്ടോസ്റ്റാന്റില്‍ വാടകയെ ചൊല്ലിയുള്ള തര്‍ക്കം വീണ്ടും

പാലക്കാട്: ഒലവക്കോട് പ്രീ പെയ്ഡ് ഓട്ടോസ്റ്റാന്റില്‍ വാടകയെ ചൊല്ലി തര്‍ക്കം വീണ്ടും രൂക്ഷം. ഓട്ടോക്കാര്‍ അമിത വാടക വാങ്ങുന്നതിന് തടയിടുന്നതിന് വേണ്ടിയാണ് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന്‍പരിസരത്ത് പ്രീ പെയ്ഡ് ഓട്ടോ സ്റ്റാന്റ് സ്ഥാപിച്ചത്.  വിവിധ സ്ഥലങ്ങളിലെത്തുന്ന യാത്രക്കാര്‍ക്ക് നിശ്ചിത വാടകമാത്രമേ ഈടാക്കാനാവൂ. ഇത് നിയന്ത്രിക്കുന്നതിന് പോലിസിന്റെ സേവനവും ബൂത്തില്‍ ലഭ്യമാണ്. എന്നാല്‍ കഴിഞ്ഞ ഏതാനുംമാസങ്ങളായി  പോലിസുകാര്‍ പ്രീപെയ്ഡ് ബൂത്തിനെ ഒഴിഞ്ഞ മട്ടാണ്.
ഇതോടെ ഓട്ടോക്കാര്‍ ആളും തരവും നോക്കിയാണ് വാടക വാങ്ങുന്നത്. ഇതിനെ ചൊല്ലി യാത്രക്കാരും ഓട്ടോക്കാരും തര്‍ക്കവും പതിവായിരിക്കുകയാണ്.പ്രീപെയ്ഡ് ബൂത്തില്‍ യാത്രക്കാര്‍ പുറപ്പെടുന്നതിന് മുമ്പ് നിശ്ചിത യാത്രനിരക്ക് കാണിച്ച് കൂപ്പണ്‍ നല്‍കിയിരുന്നു. പാലക്കാട് റോട്ടറി ക്ലബ്ബാണ് ഇതിനായി പ്രത്യേക സോഫ്്റ്റ് വെയര്‍ തയ്യാറാക്കിയ കംപ്യൂട്ടറും നല്‍കിയത്. ഈ സംവിധാനവും അഞ്ച് മാസത്തിലേറെ നിലച്ചതും പ്രശ്‌നം രൂക്ഷമാക്കി.  നിലവില്‍ പ്രീപെയ്ഡ് ബൂത്തില്‍ ഹോംഗാര്‍ഡില്‍ സേവനമുണ്ടെങ്കിലും ഓട്ടോക്കാര്‍ ഇവരുടെ അധികാര പരിധിയെ ചൊല്ലി തര്‍ക്കിക്കുകയും അമിതവാടക വാങ്ങുകയാണ് ചെയ്യുന്നത്. അമിത വാടക ഓട്ടോക്കാര്‍ വാങ്ങുന്നതില്‍  യാത്രക്കാരുടെ ശകാരവും ഹോം ഗാര്‍ഡിന് കേള്‍ക്കേണ്ടി വരുന്നു.
പ്രീപെയ്ഡ് ബൂത്തില്‍ ഓട്ടോക്കാരും യാത്രക്കാരും ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരം കാണാനും അമിത വാടക വാങ്ങുന്നത് നിയന്ത്രിക്കാനും പോലിസിന്റെ സേവനം ലഭ്യമാക്കണമെന്നാവശ്യവും ശക്തമായിട്ടുണ്ട്. നേരത്തെ നോര്‍ത്ത് പോലിസിന്റെ പരിധിയിലായിരുന്ന പ്രീപെയ്ഡ് ബൂത്തിന്റെ നിയന്ത്രണമുണ്ടായിരുന്നത്. ട്രാഫിക് പോലിസ് ഏറ്റെടുത്തതോടെ പ്രീപെയ്ഡ് ബൂത്ത് അവതാളത്തിലാകാന്‍ കാരണമെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു.
രണ്ട് ഷിഫറ്റുകളിലായി രണ്ട് ഹോംഗാര്‍ഡുകള്‍മാത്രമാണു നിലവിലുള്ളത്. തിരക്കേറിയ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ഒരാളുടെ സേവനം വളരെയേറെ യാതനകളാണ് നല്‍കുന്നത്. ഒരു ഷിഫ്റ്റില്‍ രണ്ട് പേരെങ്കിലും നിയമിക്കണമെന്നാവശ്യവും ഉയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top