ഒറ്റ സ്‌നാപ്പിലുള്ള നിലവിളികള്‍

പി  എം    മായ
മനുഷ്യന്റെ ആര്‍ത്തിയും ജീവിതാസക്തികളും ഭൂമിയുടെ മാറ് പിളര്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. അനധികൃത മണല്‍ഖനനവും പ്രകൃതിക്കുമേലുളള കടന്നുകയറ്റങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പ്രകൃതിചൂഷണം കാമറയില്‍ പകര്‍ത്തി ഭൂമിയുടെ നിലവിളികള്‍ കാഴ്ചാനുഭവമാക്കി മലയാളിയുടെ അഭിമാനമായി മാറുകയാണ് ആലപ്പുഴ ചേര്‍ത്തല കെ ആര്‍ പുരം സ്വദേശിയായ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ ഷാജി ചേര്‍ത്തല. ഫോട്ടോഗ്രഫിയില്‍ അടിസ്ഥാനപഠനങ്ങളൊന്നുമില്ലാതെ സ്വയം പഠിച്ച് മികവുതെളിയിക്കുന്നതിന്റെ അഭിമാനം കൂടി ഈ ചെറുപ്പക്കാരനു സ്വന്തം. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് വീടിനടുത്തുള്ള സ്റ്റുഡിയോയില്‍ ഫോട്ടോ ക്ലീന്‍ ചെയ്യാനായി വെള്ളം കോരി കൊടുത്തുകൊണ്ടാണ് ഷാജി തന്റെ ഫോട്ടോഗ്രഫി ജീവിതം ആരംഭിക്കുന്നത്. പിന്നീട് ആ സ്റ്റുഡിയോയില്‍ നിന്നു തന്നെ ഫിലിം ഡെവലപ്പിങ് പരിശീലിച്ചു. തുടര്‍ന്ന്, കാമറ കൈയിലേല്‍പ്പിച്ച ഗുരുവും പള്ളിപ്പുറം ശ്രീകല സ്റ്റുഡിയോ ഉടമയുമായിരുന്ന രവീന്ദ്രന്റെ കാല്‍തൊട്ടു വന്ദിച്ച് ഫോട്ടോകള്‍ എടുക്കാന്‍ തുടങ്ങി. ഏഷ്യയില്‍ തന്നെ അപൂര്‍വവും അത്യപൂര്‍വവുമായ കോടികള്‍ വിലമതിക്കുന്ന സിലിക്കാ മണല്‍, ചേര്‍ത്തല പള്ളിപ്പുറത്താണുളളത്. ഈ മണല്‍ഖനനത്തിന്റെ ചിത്രങ്ങളാണ് ഷാജി ഏറെയും പകര്‍ത്തിയിട്ടുള്ളത്. വീടിന്റെ അടിത്തട്ടുപോലും തകര്‍ത്തുകൊണ്ടുളള മണല്‍ഖനനവും അപൂര്‍വമായ മണല്‍ക്കൂനകളുടെ നാശവും കായല്‍ മലിനീകരണവും മറ്റുമാണ് അദ്ദേഹത്തിന്റെ മറ്റ് ഇഷ്ടവിഷയങ്ങള്‍. 35 വര്‍ഷമായി കാമറ സ്വന്തം            ജീവനും ജീവിതവുമാക്കി ഇന്നും കാഴ്ചകള്‍ക്കു പിന്നാലെ നടന്നുപോകുന്ന ഈ ഫോട്ടോഗ്രാഫറുടെ ജീവിതവും മാതൃകാപരമാണ്. കാമറയെ സ്വന്തം ഹൃദയമായി കാണുന്ന ഈ കലാകാരന് കുറേ നല്ല ചിത്രങ്ങള്‍ പകര്‍ത്തണമെന്നു മാത്രമാണ് ആഗ്രഹം. ബ്ലാക്ക് ആന്റ് വൈറ്റ്, കളര്‍, ഡിജിറ്റല്‍ തുടങ്ങിയ വിദ്യകളെല്ലാം സ്വയം പരിശീലിച്ച് മികവുനേടാനും ഷാജിക്ക് ആയിട്ടുണ്ട്. കേരള പുരാവസ്തു വകുപ്പിന്റെയും പരിസ്ഥിതി വകുപ്പിന്റെയും ദേശീയപുരസ്‌കാരങ്ങള്‍ ഷാജി നേടിയിട്ടുണ്ട്. 1996ല്‍ ചേര്‍ത്തലയിലെ ഒരു സ്വകാര്യ സംഘടന നല്‍കിയ പുരസ്‌കാരമാണ് ഷാജിക്ക് ആദ്യമായി കിട്ടിയ അംഗീകാരം. സ്വന്തം പ്രയത്‌നം കൊണ്ട് കഴിവുതെളിയിച്ച് ദേശീയതലത്തില്‍ മൂന്നു പുരസ്‌കാരങ്ങള്‍, സര്‍ക്കാരിന്റേതുള്‍പ്പെടെ സംസ്ഥാനതലത്തില്‍ അമ്പതിലേറെ പുരസ്‌കാരങ്ങള്‍, സ്വകാര്യസംഘടനകളും സമിതികളും നല്‍കിയ പത്തിലധികം പുരസ്‌കാരങ്ങള്‍. ഇങ്ങനെ പുരസ്‌കാരങ്ങളുടെ നിറവിലാണ് ഈ ഫോട്ടോഗ്രാഫര്‍. ആലപ്പുഴ ജില്ലയില്‍ ആദ്യമായി ഫോട്ടോഗ്രഫിയില്‍ ദേശീയ അവാര്‍ഡ് നേടിയതും ഷാജിയായിരുന്നു. കെ ആര്‍ പുരത്ത് കാളിയാട്ട് പരേതനായ പരമേശ്വരന്‍ നായരുടെയും ശാന്തകുമാരിയുടെയും മകന്‍. ഭാര്യ ശ്രീവിദ്യ. മക്കള്‍ മാളവികയും ഗംഗയും.

RELATED STORIES

Share it
Top