ഒറ്റ ട്വീറ്റിലൂടെ അയാള്‍ രക്ഷിച്ചത് ട്രെയിനില്‍ കടത്തിയ 26 പെണ്‍കുട്ടികളെ

ഗോരഖ്പൂര്‍: ട്രെയിനില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന പെണ്‍കുട്ടികളെ പോലിസ് രക്ഷപ്പെടുത്തി. മുസഫര്‍നഗര്‍-ബാന്ദ്ര അവധ് എക്‌സ്പ്രസില്‍നിന്നാണ് 26 പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്. ട്രെയിനിലെ യാത്രക്കാരിലൊരാളായ ആദര്‍ശ് ശ്രീവാസ്തവ പോസ്റ്റ് ചെയ്ത ട്വീറ്റാണ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുന്നതില്‍ നിര്‍ണായകമായത്. ട്രെയിനില്‍ യാത്ര ചെയ്തിരുന്ന ഒരാള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കുട്ടികളെ കൊണ്ടുപോകുന്നെന്നും ചില കുട്ടികള്‍ കരയുന്നുണ്ടെന്നും കാണിച്ചാണ് ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ റെയില്‍വേയ്ക്കും റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനും പ്രധാനമന്ത്രിയുടെ ഓഫീസിനും ടാഗ് ചെയ്തായിരുന്നു ട്വീറ്റ് ചെയ്തത്.ട്വീറ്റ് ശ്രദ്ധയില്‍പെട്ട വാരണാസിയിലെയും ലഖ്‌നൗവിലെയും ഭരണാധികാരികള്‍ ഉടനടി നടപടി സ്വീകരിക്കുകയും റെയില്‍വേ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് റെയില്‍വേ പോലിസും സുരക്ഷാസേനയും ഇടപെട്ട് കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു.ബിഹാറിലെ പശ്ചിമ ചമ്പാരിനിലുള്ളവരായിരുന്നു എല്ലാവരും. 10 മുതല്‍ 14 വയസുവരെയുള്ള പെണ്‍കുട്ടികളായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. എങ്ങോട്ടാണ് തങ്ങളെ കൊണ്ടുപോകുന്നതെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നു.  ചോദ്യങ്ങളോട് ഇവര്‍ വ്യക്തമായി പ്രതികരിച്ചില്ല. കുട്ടികളുടെ രക്ഷിതാക്കളെ വിവരം അറിയിച്ചതായി പോലിസ് പറഞ്ഞു.കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പുരുഷന്‍മാരെ അറസ്റ്റ് ചെയ്തു.

RELATED STORIES

Share it
Top