ഒറ്റയ്ക്ക് പോരാടി ഹര്‍ദിക് പാണ്ഡ്യ; മികവ് തുടര്‍ന്ന് ആതിഥേയര്‍കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ പേസാക്രമണത്തിന് മുന്നില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോള്‍ കേപ്ടൗണില്‍ ഇന്ത്യ കിതയ്ക്കുന്നു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 286 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 209 റണ്‍സില്‍ കൂടാരം കയറി. അര്‍ധ സെഞ്ച്വറിയോടെ ഒറ്റയാള്‍ പോരാട്ടം നടത്തിയ ഹര്‍ദിക് പാണ്ഡ്യയുടെ (93) ബാറ്റിങാണ് വന്‍ നാണക്കേടില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. 77 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റിന് 65 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റുകള്‍ ശേഷിക്കെ 142 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ക്കുള്ളത്. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഹാഷിം അംല (4) കഗിസോ റബദ (2) എന്നിവരാണ് ക്രീസില്‍.
ഒന്നാം ഇന്നിങ്‌സ്  ലീഡിന്റെ കരുത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി മികച്ച തുടക്കമാണ് ഡീന്‍ എല്‍ഗറും (25) എയ്ഡന്‍ മാര്‍ക്കറാമും (34) സമ്മാനിച്ചത്. ഇരുവരും അതിവേഗം ബാറ്റുവീശിയതോടെ സ്‌കോര്‍ബോര്‍ഡിനും റോക്കറ്റ് വേഗതയായി. ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 52 ല്‍ എത്തിയപ്പോഴേക്കും ഹര്‍ദിക് പാണ്ഡ്യ കൂട്ടുകെട്ട് പൊളിച്ചു. 43 പന്തില്‍ ഏഴ് ഫോറുകള്‍ പറത്തി മികച്ച ഫോമിലേക്ക് കുതിച്ച മാര്‍ക്കറാമിനെ പാണ്ഡ്യ ഭുവനേശ്വറിന്റെ കൈകളിലെത്തിക്കുകയായിരുന്നു. അധികം വൈകാതെ എല്‍ഗറെയും മടക്കി ഹര്‍ദിക് കരുത്തുകാട്ടിയെങ്കിലും കൂടുതല്‍ അപകടം വരുത്താതെ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം അവസാനിപ്പിച്ചു. ഇന്ത്യക്കുവേണ്ടി ഹര്‍ദിക് രണ്ട് വിക്കറ്റ് സ്വന്തമാക്കി.
ഇന്നലെ മൂന്ന് വിക്കറ്റിന് 28 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ തന്നെ തിരിച്ചടിയേറ്റു. രോഹിത് ശര്‍മ (11) റബദയ്ക്ക് വിക്കറ്റ് സമ്മാനിച്ച് ആദ്യം മടങ്ങി. സ്‌കോര്‍ബോര്‍ഡ് 76ല്‍ നില്‍ക്കെ ഇന്ത്യയുടെ പ്രതീക്ഷ തെറ്റിച്ച് പുജാരയെ (26) ഫിലാണ്ടറും പുറത്താക്കി. വന്‍ തകര്‍ച്ചയെ മുന്നില്‍ കണ്ട ഇന്ത്യക്ക് എട്ടാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാര്‍ (25) ഹര്‍ദിക് പാണ്ഡ്യ കൂട്ടുകെട്ടാണ് കരുത്തായത്. എട്ടാം വിക്കറ്റില്‍ 99 റണ്‍സാണ് ഇരുവരും ഇന്ത്യക്ക് സമ്മാനിച്ചത്. ഭുവിക്കൊപ്പം തല്ലിത്തകര്‍ത്ത് കളിച്ച ഹര്‍ദികും അധികം വൈകാതെ മടങ്ങി. 95 പന്തില്‍ 14 ഫോറും ഒരു സിക്‌സറും പറത്തി തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചാണ് പാണ്ഡ്യ മടങ്ങിയത്. പത്താമനായി ജസ്പ്രീത് ബൂംറയെ റബദ മടക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 73.4 ഓവറില്‍ 209 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയിരുന്നു.ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഫിലാണ്ടറും റബദയും മൂന്ന് വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ സ്‌റ്റെയിനും മോര്‍ക്കലും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.

RELATED STORIES

Share it
Top