ഒറ്റയക്ക ലോട്ടറി കടകളില്‍ പരിശോധന: രണ്ടുപേര്‍ അറസ്റ്റില്‍

താമരശ്ശേരി: ഓണ്‍ലൈന്‍ ലോട്ടറികേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ചാലുമ്പാട്ടില്‍ നാസര്‍(48), കൂടത്തായി പൂവ്വോട്ടില്‍ ഷെറിന്‍ ഷാറൂഖ്(39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
താമരശ്ശേരി പഴയ ബസ്റ്റാന്റിന് സമീപത്തെ രണ്ട് കടകളിലാണ് എസ്‌ഐ സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ താമരശ്ശേരി പഴയ ബസ്സ്റ്റാന്റിന് മുന്‍വശത്തെ മുല്ലേരി ബസാറിലും മിനി ബൈപ്പാസിലെ ടാക്കീസിന് മുന്‍വശത്തും സ്റ്റാര്‍ ലക്കി സെന്റര്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രങ്ങളിലാണ് താമരശ്ശേരി പോലിസ് പരിശോധന നടത്തിയത്. വാട്‌സാപ്പിലൂടെയുള്ള ലോട്ടറി ചൂതാട്ടം കണ്ടെത്തിയ പോലിസ് സ്ഥാപനത്തിലുണ്ടായിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒരു സ്ഥാപനത്തില്‍നിന്നും 3590 രൂപയും രണ്ടാമത്തെ സ്ഥാപനത്തില്‍ നിന്നും 230 രൂപയും പോലിസ് കണ്ടെടുത്തു.
കൊടുവള്ളി സ്വദേശിയായ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോട്ടറി കേന്ദ്രങ്ങളെന്നാണ് ഇവര്‍ പോലിസിന് മൊഴി നല്‍കിയത്. ഇയാളെ പിടികൂടാനായിട്ടില്ല. പ്രിന്‍സിപ്പല്‍ എസ്‌ഐ സായൂജ് കുമാര്‍, എഎസ്‌ഐ മാരായ അനില്‍, പി അസ്സൈന്‍, സിപിഒ ബഷീര്‍ എന്നിവരടങ്ങിയ സംഘമാണ് ലോട്ടറി ചൂതാട്ടം പിടികൂടിയത്. പ്രതികളെ താമരശ്ശേരി കോടതിയില്‍ ഹാജറാക്കി. നേരത്തെ നമ്പറുകള്‍ കടലാസില്‍ എഴുതി നല്‍കിയാണ് ഒറ്റയക്ക ലോട്ടറി ചൂതാട്ടം നടത്തിയിരുന്നത്. ഇത് എളുപ്പത്തില്‍ പിടിക്കപ്പെടുമെന്നതിനാല്‍ ചൂതാട്ടത്തിന് വാട്‌സാപ്പ് ഉപയോഗപ്പെടുത്തുകയാണ്. ഇത്തരം കേന്ദ്രങ്ങളെ കുറിച്ചു പോലിസ് നിരീക്ഷണം ശക്തമാക്കി.

RELATED STORIES

Share it
Top