ഒറ്റമുറി വെളിച്ചം മികച്ച ചിത്രം; ഇന്ദ്രന്‍സ് നടന്‍, പാര്‍വതി നടി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മാധ്യമപ്രവര്‍ത്തകന്‍ വി സി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന ചിത്രത്തിലെ ഓട്ടന്‍തുള്ളല്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രന്‍സാണ് മികച്ച നടന്‍. ടേക്ക് ഓഫിലെ സമീറ എന്ന നഴ്‌സിനെ അവിസ്മരണീയമാക്കിയ പാര്‍വതിയാണ് മികച്ച നടി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് പുരസ്‌കാരം.
ഗാര്‍ഹിക പീഡനത്തിന് ഇരയാവുന്ന പെണ്‍കുട്ടിയുടെ ചെറുത്തുനില്‍പ്പിന്റെ കഥ പറയുന്ന രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചമാണ് ഏറ്റവും മികച്ച ചിത്രം. നിര്‍മാതാവിനും സംവിധായകനും രണ്ടു ലക്ഷം രൂപ വീതവും പ്രശസ്തിപത്രവും ശില്‍പവുമാണ് അവാര്‍ഡ്. രക്ഷാധികാരി ബൈജു ഒപ്പാണ് മികച്ച ജനപ്രിയ ചിത്രം. ഇ മ യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍. സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഏദനാണ് മികച്ച രണ്ടാമത്തെ ചിത്രം.
അലന്‍സിയര്‍ മികച്ച സ്വഭാവ നടന്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും), പോളി വല്‍സണ്‍  മികച്ച സ്വഭാവനടി (ഇ മ യൗ, ഒറ്റമുറി വെളിച്ചം), മാസ്റ്റര്‍ അഭിനന്ദ് മികച്ച ബാലനടന്‍ (സ്വനം), നക്ഷത്ര മികച്ച ബാലനടി (രക്ഷാധികാരി ബൈജു),  എം കെ അര്‍ജുനന്‍ മാസ്റ്റര്‍ മികച്ച സംഗീത സംവിധായകന്‍ (ഭയാനകം) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. അരനൂറ്റാണ്ടായി സംഗീത സംവിധാനരംഗത്തുള്ള അര്‍ജുനന്‍ മാസ്റ്ററുടെ ആദ്യ അവാര്‍ഡാണിത്. മികച്ച ഗാനരചയിതാവ് പ്രഭാവര്‍മയും (ക്ലിന്റ്) മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ് ഗോപി സുന്ദറിനുമാണ്. ഷഹബാസ് അമനും സിതാര കൃഷ്ണകുമാറുമാണ് മികച്ച ഗായകര്‍. ടേക്ക് ഓഫിന്റെ സംവിധായകന്‍ മഹേഷ് നാരായണനാണ് മികച്ച നവാഗത സംവിധായകന്‍.
മന്ത്രി എ കെ ബാലന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ടി വി ചന്ദ്രന്‍ അധ്യക്ഷനായ അവാര്‍ഡ് നിര്‍ണയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. 110 ചിത്രങ്ങള്‍ ജൂറിയുടെ പരിഗണനയ്‌ക്കെത്തിയിരുന്നു. അടുത്തവര്‍ഷം മുതല്‍ ജൂറി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ ജൂറി മുന്നോട്ടുവച്ചു. മിക്ക സിനിമകള്‍ക്കും നിലവാരം കുറവായിരുന്നതായും ജൂറി വിലയിരുത്തി.

RELATED STORIES

Share it
Top