ഒറ്റമുറി കുടിലിലെ താമസക്കാരിയെ സമ്പന്നയാക്കി; പുനരനേ്വഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: മണ്‍ചുവരില്‍ നിര്‍മിച്ച ഷീറ്റിട്ട ഒറ്റമുറി വീട്ടിലെ താമസക്കാരിയായ വീട്ടമ്മയെ സാമ്പത്തികനില ഉയര്‍ന്നതാണെന്നു പറഞ്ഞ് ലൈഫ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയതിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
അയിരൂപ്പാറ ചാരുംമൂട് സ്വദേശിനി സരിതയുടെ പരാതിയില്‍ പോത്തന്‍കോട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി പരാതിക്കാരിയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് നേരിട്ട് പുനരനേ്വഷണം നടത്തണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. ഭര്‍ത്താവ് ഉപേക്ഷിച്ച പരാതിക്കാരിക്ക് മൂന്നു വയസ്സായ മകളും പ്രായമായ അമ്മയുമുണ്ട്. മൂന്നു പേരാണു ചോര്‍ന്നൊലിക്കുന്ന കുടിലില്‍ താമസിക്കുന്നത്. സര്‍ക്കാരിന്റ ഭവന പദ്ധതിയായ ലൈഫില്‍ നിന്നു വീട് ലഭിക്കാന്‍ അപേക്ഷ നല്‍കിയത് ഈ സാഹചര്യത്തിലാണ്. വീട് ലഭിക്കാതെ വന്നപ്പോഴാണ് പരാതിക്കാരി കമ്മീഷനെ സമീപിച്ചത്.
കമ്മീഷന്‍ പോത്തന്‍കോട് പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നു റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരിയും കുടുംബവും ഷീറ്റിട്ട ഒറ്റമുറി വീട്ടിലാണു താമസമെന്നു പഞ്ചായത്ത് സെക്രട്ടറി സമ്മതിച്ചു. എന്നാല്‍ പരാതിക്കാരിയുടെ സാമ്പത്തികനില മെച്ചമാണെന്ന അനേ്വഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു പരാതിക്കാരി വീടിന് അര്‍ഹയല്ലെന്നു കണ്ടെത്തിയതെന്നു റിപോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരി ആരോപണം നിഷേധിച്ചു. താന്‍ സാമ്പത്തികമായി വളരെ താഴ്ന്നനിലയിലാണ് ജീവിക്കുന്നതെന്നു പരാതിക്കാരി അറിയിച്ചു.
പരാതിക്കാരിയുടെ അവകാശവാദത്തില്‍ കഴമ്പുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണു പുനരനേ്വഷണത്തിന് കമ്മീഷന്‍ ഉത്തരവായത്.

RELATED STORIES

Share it
Top