ഒറ്റപ്പാലം ലാന്‍ഡ് ട്രൈബ്യൂണലില്‍ 7 ലക്ഷം ഫയലുകള്‍ കെട്ടിക്കിടക്കുന്നു

സുനു ചന്ദ്രന്‍ ആലത്തൂര്‍
ആലത്തൂര്‍: ജില്ലയിലെ അഞ്ച് താലൂക്കുകളിലെ 100 വില്ലേജുകളിലെ 7ലക്ഷം ഫയലുകള്‍ ഒറ്റപ്പാലം ലാന്‍ഡ് ട്രിബ്യൂണലില്‍ കാര്യാലയത്തില്‍ കെട്ടിക്കിടക്കുന്നു. ഭൂമി സംബന്ധമായ രേഖകള്‍, പട്ടയം അപേക്ഷകള്‍, മിച്ചഭൂമി വിതരണം എന്നിവ ഇതില്‍ ഉള്‍പ്പെടും. ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാര്‍ക്കാട്, ആലത്തൂര്‍ താലൂക്കുകളിലെ മുഴുവന്‍ വില്ലേജുകളും പാലക്കാട് താലൂക്കിലെ നാല് വില്ലേജുകളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. നേരത്തെ 33 ലാന്‍ഡ് ട്രിബ്യൂണലുകള്‍  ഉണ്ടായിരുന്നത് ഒറ്റപ്പാലത്തിനു കീഴില്‍ ലയിപ്പിക്കുകയായിരുന്നു. നാല്‍പത് വര്‍ഷത്തിലേറെ പഴക്കമുള്ള രേഖകളാണ് ഇവിടെയുള്ളവയില്‍ ബഹുഭൂരിപക്ഷവും. പലതും കാലപ്പഴക്കത്താല്‍ ദ്രവിച്ചു പൊടിഞ്ഞു തുടങ്ങി.
ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ മഴ നനഞ്ഞും ജീവികള്‍ തിന്നും പലതും നശിച്ചു. പഴയ രേഖകള്‍ ആവശ്യപ്പെടുന്ന പലര്‍ക്കും ഫയല്‍ കാണുന്നില്ലെന്ന രേഖാമൂലമുള്ള മറുപടിയാണ് ഇപ്പോള്‍ കിട്ടുന്നത്. വിവരാവകാശ നിയമപ്രകാരം  ആവശ്യപ്പെട്ട രേഖകള്‍ക്കും ഇതേ മറുപടി തന്നെയായിരുന്നു. ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട് 1972 മുതല്‍ കുഴല്‍മന്ദത്ത് ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു.
1984ല്‍ ഇത് നിര്‍ത്തലാക്കി ഒറ്റപ്പാലം ട്രിബ്യൂണലിലേക്ക് മാറ്റി.അവിടെ വാടക കെട്ടിടത്തില്‍ രേഖകള്‍ സൂക്ഷിക്കാനുള്ള സ്ഥലപരിമിതി മൂലം റിക്കോര്‍ഡ് റൂം ഇവിടെത്തന്നെ പ്രവര്‍ത്തിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒറ്റപ്പാലം മിനി സിവില്‍ സ്‌റ്റേഷനിലേക്ക് ട്രിബ്യൂണല്‍ മാറ്റിയിരുന്നു.
കുഴല്‍മന്ദത്തുള്ള രേഖകള്‍ ഇവിടേക്ക് മാറ്റാനുള്ള തീരുമാനമായി. പാലക്കാട് താലൂക്കിലെ നാല് വില്ലേജുകളിലെയും ആലത്തൂര്‍ താലൂക്കിലെ മുഴുവന്‍ വില്ലേജുകളും ഇതില്‍ ഉള്‍പ്പെടും. ഒറ്റപ്പാലം ലാന്‍ഡ് ട്രിബ്യൂണലില്‍ രേഖകള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമായ ഫണ്ട്, സാങ്കേതിക വൈദഗ്ധ്യമുള്ള ജീവനക്കാരുടെ സേവനം ലഭ്യമാക്കല്‍ തുടങ്ങിയ തുടര്‍ നടപടികള്‍ ആരംഭിച്ചിട്ടില്ല.

RELATED STORIES

Share it
Top