ഒറ്റദിവസം ലഭിച്ചത് 4.45 കോടിയും 88 സെന്റ് ഭൂമിയും

കണ്ണൂര്‍: നവകേരളത്തിനായി മനസ്സറിഞ്ഞ് സംഭാവന നല്‍കാന്‍ എത്തുകയാണ് നാടൊന്നാകെ. പ്രളയ ദുരന്തത്തില്‍നിന്ന് നാടിനെ കരകേറ്റാനും കേരളത്തെ പുനര്‍നിര്‍മിക്കാനുമുള്ള പരിശ്രമങ്ങളില്‍ അണിചേരണമെന്ന സര്‍ക്കാര്‍ ആഹ്വാനം ഇവര്‍ നെഞ്ചേറ്റുകയാണ്. ഇതില്‍ ദരിദ്രനും ധനികനുമെന്ന വ്യത്യാസമില്ല. ജാതി, മത വേര്‍തിരിവുകളില്ല. മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ധനസമാഹരണ പരിപാടി ജനകീയ കൂട്ടായ്മയുടെ അടയാളപ്പെടുത്തലാവുകയാണ്.
മന്ത്രിമാരായ ഇ പി ജയരാജന്റെയും കെ കെ ശൈലജയുടെയും നേതൃത്വത്തില്‍ എട്ട് കേന്ദ്രങ്ങളിലാണ് ഇന്നലെ ധനസമാഹരണം നടന്നത്. ഇവിടെ നിന്നായി 4,45,54,212 രൂപയും 88 സെന്റ് ഭൂമിയും ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചു. പ്രധാന വ്യക്തികള്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വ്യാപാരികള്‍, സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍, മഹല്ല്-ക്ഷേത്ര കമ്മിറ്റികള്‍, സാംസ്‌കാരിക സംഘടനകള്‍ തുടങ്ങിയവര്‍ സംഭാവന നല്‍കാനെത്തി.
കണ്ണപുരത്ത് (കല്യാശ്ശേരി, പാപ്പിനിശ്ശേരി, ചെറുകുന്ന്, കണ്ണപുരം പഞ്ചായത്തുകള്‍) 1,10,32,716 രൂപയും, മാടായിയില്‍ (കടന്നപ്പള്ളി, മാടായി, മാട്ടൂല്‍, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം പഞ്ചായത്തുകള്‍) 81,78,151 രൂപയും, പയ്യന്നൂരില്‍ (പയ്യന്നൂര്‍ നഗരസഭ, കരിവെള്ളൂര്‍-പെരളം, രാമന്തളി പഞ്ചായത്തുകള്‍) 60,92,226 രൂപയും, പെരിങ്ങോത്ത് (കാങ്കോല്‍-ആലപ്പടമ്പ്, പെരിങ്ങോം, എരമം, ചെറുപുഴ പഞ്ചായത്തുകള്‍) 20,88,552 രൂപയും 50 സെന്റ് സ്ഥലവും ലഭിച്ചു.
മൂന്നുപെരിയയില്‍ (പെരളശ്ശേരി, കടമ്പൂര്‍ പഞ്ചായത്തുകള്‍) 27,33,373 രൂപ, ചക്കരക്കലില്‍ (മുണ്ടേരി, അഞ്ചരക്കണ്ടി, ചെമ്പിലോട് പഞ്ചായത്ത്) 60,71,090 രൂപ, പേരാവൂരില്‍ (പേരാവൂര്‍, കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍, കോളയാട്, മുഴക്കുന്ന് പഞ്ചായത്ത്) 40,11,354 രൂപ, 24 സെന്റ് സ്ഥലം, ഇരിട്ടിയില്‍ (ഇരിട്ടി നഗരസഭ, പടിയൂര്‍, ഉളിക്കല്‍, പായം, അയ്യന്‍കുന്ന്, ആറളം പഞ്ചായത്തുകള്‍) 43,46,750 രൂപ, 14 സെന്റ് സ്ഥലം എന്നിങ്ങനെയും ലഭിച്ചു.

RELATED STORIES

Share it
Top