ഒറ്റക്ക് പൊരുതി ബട്‌ലര്‍; ഓസീസിനെ വൈറ്റ്‌വാഷ് ചെയ്ത് ഇംഗ്ലണ്ട്


മാഞ്ചസ്റ്റര്‍: ജോസ് ബട്‌ലറിന്റെ വെടിക്കെട്ട് സെഞ്ച്വറിക്കരുത്തില്‍ ആസ്‌ത്രേലിയക്കെതിരായ അഞ്ചാം ഏകദിനത്തിലും ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം.  ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കെ ഒരു വിക്കറ്റിന് ജയിച്ച ഇംഗ്ലണ്ട് അഞ്ച് മല്‍സര പരമ്പര 5-0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ 34.4 ഓവറില്‍ 205 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 48.3 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടി വിജയം പിടിച്ചെടുക്കുകയായിരുന്നു. സെഞ്ച്വറിയോടെ പുറത്താവാതെ നിന്ന ജോസ് ബട്‌ലറുടെ (110*) ബാറ്റിങാണ് ഇംഗ്ലണ്ടിന് ആവേശ ജയം സമ്മാനിച്ചത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് നിരയെ മോയിന്‍ അലിയുടെ നാല് വിക്കറ്റ് പ്രകടനമാണ് തകര്‍ത്തത്. ട്രവിസ് ഹെഡ്ഡ് (56) , അലക്‌സ് ക്യാരി (44), ഡാര്‍സി ഷോര്‍ട്ട് (47) എന്നിവര്‍ക്ക് മാത്രമാണ് ഓസീസ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. സാം കുറാന്‍ രണ്ടും ലിയാം പ്ലക്കറ്റ്, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റും ഇംഗ്ലണ്ടിന് വേണ്ടി സ്വന്തമാക്കി.
206 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ മുന്‍ നിര തകര്‍ന്നടിഞ്ഞു. 13.1 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 50 റണ്‍സിന് അഞ്ച് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ കൂടാരം കയറി. എന്നാല്‍ ഒരുവശത്ത് ശക്തമായ ബാറ്റിങ് കാഴ്ചവച്ച ബട്‌ലര്‍ ഒമ്പതാം വിക്കറ്റില്‍ ആദില്‍ റഷീദിനൊപ്പം (20) മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇംഗ്ലണ്ടിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. ഒമ്പതാം വിക്കറ്റില്‍ 81 റണ്‍സാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ആസ്‌ത്രേലിയക്ക് വേണ്ടി ബില്ലി സ്റ്റാന്‍ലേക്കും കെയ്ന്‍ റിച്ചാര്‍ഡ്‌സണും മൂന്ന് വിക്കറ്റുകള്‍ വീതം പങ്കിട്ടു. ഇംഗ്ലണ്ടിന്റെ ബട്‌ലറാണ് കളിയിലെയും പരമ്പരയിലെയും താരം.

RELATED STORIES

Share it
Top