ഒറ്റക്കക്ഷി മാനദണ്ഡം; അവകാശവാദവുമായി രാഷ്ട്രീയ പ്പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനു പിന്നാലെ ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ ചടുല നീക്കങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ഗോവയിലും ബിഹാറിലും മണിപ്പൂരിലും മേഘാലയയിലും നിയമസഭയില്‍ വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന അവകാശവാദവുമായി ഗവര്‍ണറെ സമീപിക്കാനാണു പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം.
ഗോവയിലും മേഘാലയയിലും മണിപ്പൂരിലും കോണ്‍ഗ്രസ്സും ബിഹാറില്‍ ആര്‍ജെഡിയുമാണ് അവകാശവാദവുമായി രംഗത്തുവന്നിരിക്കുന്നത്. ഗോവയില്‍ 16 സീറ്റുള്ള തങ്ങളാണ് വലിയ ഒറ്റക്കക്ഷിയെന്നും പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങളെ ക്ഷണിക്കണമെന്നുമാണ് കോണ്‍ഗ്രസ്സിന്റെ അവകാശവാദം. പാര്‍ട്ടി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കായി ഗോവയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ചെല്ലകുമാര്‍ പനാജിയിലേക്കു തിരിച്ചിട്ടുണ്ട്. നാളെ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ മൃദുലാ സിന്‍ഹയെ കാണാന്‍ അനുമതി തേടുമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സാവകാശം നല്‍കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഗവര്‍ണര്‍ എന്തു മറുപടിയാണു നല്‍കുകയെന്നു വ്യക്തമല്ല. കര്‍ണാടകയിലും ഗോവയിലും രണ്ട് മാനദണ്ഡം പാടില്ലെന്നു ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചൗധാന്‍കര്‍ പറഞ്ഞു. കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക് അധികാരത്തിലേറാമെങ്കില്‍ ഇവിടെയും അത് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറില്‍ നിലവിലെ ഭരണകക്ഷിയായ ജെഡിയുവിനേക്കാള്‍ കൂടുതല്‍ അംഗങ്ങള്‍ ആര്‍ജെഡിക്കുണ്ട്. കര്‍ണാടകയിലെ ഒറ്റക്കക്ഷി മാനദണ്ഡം ബിഹാറിലും നടപ്പാക്കണമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് എംഎല്‍എമാര്‍ക്കൊപ്പം ഗവര്‍ണറെ കാണുമെന്നും തേജസ്വി യാദവ് അറിയിച്ചു.

RELATED STORIES

Share it
Top