ഒരേ സമയം മൂന്ന് ട്രെയിനുകള്‍; ഒഴിവായത് വന്‍ദുരന്തം

പത്തനാപുരം: ഒരേ സമയം മൂന്ന് ട്രെയിനുകള്‍ ഒരേ ട്രാക്കിലെത്തി. യാത്രക്കാരുടെ അവസരോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം. ഇടമണ്‍-ഗുരുവായൂര്‍ പാസഞ്ചറിന്റെ അപായച്ചങ്ങല യാത്രക്കാര്‍ വലിച്ചതോടെ കൊല്ലം-ചെങ്കോട്ട റെയില്‍വേ പാതയില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടാതെ രക്ഷപ്പെട്ടു.
പാതയില്‍ ആവണീശ്വരം റെയില്‍വേ സ്‌റ്റേഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് 2.10നായിരുന്നു സംഭവം. 2.05ന് എത്തിയ കൊല്ലം-പുനലൂര്‍ പാസഞ്ചറും കൊല്ലം-താംബരം എക്‌സ്പ്രസും സിഗ്‌നല്‍ കാത്ത് കിടക്കുകയായിരുന്നു. ഈ സമയം തന്നെ ഇടമണ്‍-ഗുരുവായൂര്‍ പാസഞ്ചര്‍ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് എത്തുകയായിരുന്നു. കാവല്‍പുര ലെവല്‍ക്രോസ് പിന്നിട്ടപ്പോള്‍ ബോഗിയില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ സ്‌റ്റേഷനിലെ രണ്ട് പ്ലാറ്റ്‌ഫോമിലും തീവണ്ടി കിടക്കുന്നത് ശ്രദ്ധിച്ചു. ഉടന്‍ ഇവര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. സിഗ്‌നല്‍ സംവിധാനം തകരാറിലായതാണു സംഭവത്തിനു കാരണമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍ന്ന് താംബരം കടത്തിവിട്ട ശേഷം ഗുരുവായൂര്‍ പാസഞ്ചര്‍ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ പ്രവേശിപ്പിച്ചു.
തീവണ്ടികള്‍ മൂന്നും സ്‌റ്റേഷനില്‍ പിടിച്ചിട്ടതോടെ പത്തനാപുരം വാളകം ശബരി ബൈപാസിലെ ലെവല്‍ക്രോസും കുന്നിക്കോട് തലവൂര്‍ റോഡിലെ കാവല്‍പുര ഗേറ്റും ഏറെ നേരം അടഞ്ഞുകിടന്നു. ഇത് ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുത്തി.

RELATED STORIES

Share it
Top