ഒരേക്കറില്‍ താഴെ ഭൂമിയുള്ളവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണം

കോട്ടയം: കാര്‍ഷികനയം സംബന്ധിച്ച് കരട് ബദല്‍രേഖയുമായി കേരളാ കോണ്‍ഗ്രസ് (എം). മഹാസമ്മേളനത്തോടനുബന്ധിച്ച് കോട്ടയത്തു ചേര്‍ന്ന പ്രതിനിധി സമ്മേളനത്തിലാണ് ചെയര്‍മാന്‍ കെ എം മാണി ബദല്‍രേഖ അവതരിപ്പിച്ചത്. ചുരുങ്ങിയത് ഒരേക്കറില്‍ താഴെ ഭൂമിയുള്ള എല്ലാ കൃഷിക്കാരെയും ബിപിഎല്‍ മാതൃകയില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നതാണ് ബദല്‍രേഖയിലെ പ്രധാന ആവശ്യം. രണ്ടു ഹെക്ടര്‍ ഭൂമിയുണ്ടെങ്കില്‍ സമ്പന്നനെന്നു മുദ്രകുത്തപ്പെടുന്ന കര്‍ഷകന്റെ യഥാര്‍ഥ വരുമാനം പലപ്പോഴും അമ്പരപ്പിക്കുന്നതാണ്. കോര്‍പറേറ്റുകള്‍ക്ക് അനുകൂലമാവുന്ന ആഗോളകരാറുകള്‍ കര്‍ഷകര്‍ക്കുണ്ടാക്കുന്ന ക്ഷീണം ലഘൂകരിക്കണം. ആഗോളവല്‍ക്കരണത്തിന് ശരിയായ പ്രതിരോധം സാധ്യമാക്കുന്നതിന് വിവിധ തലങ്ങളില്‍ ദേശീയവല്‍ക്കരണം നടപ്പാക്കണം. കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഇറക്കുമതി ചുങ്കം ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ വഴി കര്‍ഷകര്‍ക്കു ലഭ്യമാക്കണമെന്നും ബദല്‍രേഖ നിര്‍ദേശിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിലുള്ള കാര്‍ഷികപീഡനം അനുവദിക്കരുത്. തീരദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ കമ്മിറ്റി എന്നിവയുടെ റിപോര്‍ട്ടുകള്‍മൂലം കര്‍ഷകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കണം. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കാന്‍ സ്റ്റേറ്റ് ഡൊമസ്റ്റിക് ആന്റ് എക്‌സ്പര്‍ട്ട് മാര്‍ക്കറ്റിങ് ഇന്റലിജന്‍സ് സെല്‍ സ്ഥാപിക്കണം. ഓഖി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയും കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയത്തിന് രൂപം നല്‍കുകയും വേണമെന്നും ആവശ്യപ്പെട്ടു. ബദല്‍രേഖ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം പ്രതിനിധി സമ്മേളനം പാസാക്കി. ബദല്‍രേഖ വരുംനാളുകളില്‍ വാര്‍ഡ്, മണ്ഡലം, ജില്ലാ, സംസ്ഥാന തലങ്ങളില്‍ ചര്‍ച്ച ചെയ്തശേഷം സമഗ്രരേഖയായി കര്‍ഷകര്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു മുന്നിലും സമര്‍പ്പിക്കുമെന്നും കെ എം മാണി അറിയിച്ചു.

RELATED STORIES

Share it
Top