ഒരു സിനിമ ഉയര്‍ത്തിയ ചോദ്യങ്ങള്‍

ഇന്ന് സപ്തംബര്‍ അഞ്ച്. കൃത്യമായി 50 വര്‍ഷം മുമ്പ്, അതായത് 1968 സപ്തംബര്‍ 5നാണ് തുലാഭാരം എന്ന മലയാള സിനിമ റിലീസായത്. ഒരു പതിവു കമ്പോളസിനിമയുടെ എല്ലാ സ്വഭാവസവിശേഷതകളോടും കൂടി ചിത്രീകരിക്കപ്പെട്ട, അതിഭാവുകത്വം നിറഞ്ഞുതുളുമ്പുന്ന 'ടിയര്‍ ജര്‍ക്കര്‍' ആയിരുന്നു തുലാഭാരം. വിപണിയില്‍ വന്‍ വിജയം നേടുകയും വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പുനര്‍നിര്‍മിക്കപ്പെടുകയും ചെയ്ത ഈ ചിത്രത്തിന് ഇന്ത്യന്‍ സിനിമയുടെയോ മലയാള സിനിമയുടെയോ ചരിത്രത്തില്‍ വിശേഷിച്ചൊരു സ്ഥാനവുമില്ല. പട്ടിണിമൂലം മക്കളെ വിഷം കൊടുത്തു കൊന്നശേഷം ആത്മഹത്യക്കു ശ്രമിച്ച് പരാജയപ്പെട്ട വിജയയുടെ ദുരന്തമാണ് തുലാഭാരത്തിന്റെ പ്രമേയം. പ്രതിക്കൂട്ടില്‍ നിന്ന് വിജയ കോടതിയെ ഇങ്ങനെ ചോദ്യം ചെയ്യുന്നു: പണവും സ്വാധീനവുമില്ലാത്തവര്‍ക്ക് കോടതിയില്‍ നിന്നു നീതി ലഭിക്കുകയില്ല. കടലാസില്‍ കാണുന്ന അക്ഷരം ചികഞ്ഞുനോക്കി നീതിയുണ്ടാക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും? സാക്ഷിക്കൂട്ടില്‍ കയറിനിന്ന് കാണാപ്പാഠം പറയുന്നതില്‍ നിന്ന് സത്യം കണ്ടെടുക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും? ഈ സിനിമയുടെ അമ്പതാണ്ടുകള്‍ക്കുശേഷവും ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ ഇതേ ചോദ്യങ്ങള്‍ തന്നെയാണ് നേരിടുന്നത്. ഇന്ത്യാമഹാരാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ പതിതര്‍ക്ക് എവിടെയാണു നീതി? പോലിസും നിയമവാഴ്ചയുമൊക്കെയുണ്ടായിട്ടും വന്‍കിടക്കാര്‍ നിയമത്തിന്റെ വലക്കണ്ണികളില്‍ നിന്ന് രക്ഷപ്പെടുകയും അധഃസ്ഥിതര്‍ ബലിയാടാക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയല്ലേ സ്ഥിതിചെയ്യുന്നത്? തുലാഭാരത്തിലെ നായിക, നീതിന്യായ വ്യവസ്ഥയെ മാത്രമല്ല ചോദ്യം ചെയ്യുന്നത്. മൊത്തം സാമൂഹിക വ്യവസ്ഥയെ ചിത്രം വിചാരണാവിധേയമാക്കുന്നു. ഇന്ത്യയിലെ സാമൂഹിക സംവിധാനം പരിശോധിക്കുമ്പോള്‍ ഈ വിചാരണ അമ്പതുകൊല്ലത്തിനുശേഷവും പ്രസക്തമാണ്. ഒരു കാരണവുമില്ലാതെ ന്യൂനപക്ഷങ്ങളും ദലിതുകളും ആക്രമിക്കപ്പെടുന്നു. ആള്‍ക്കൂട്ടക്കൊല നാട്ടിലെ പൊതുരീതിയായി മാറുന്നു. സ്ത്രീകളും കുട്ടികളും, വിശേഷിച്ചും സമൂഹത്തിന്റെ താഴേക്കിടയിലുള്ളവര്‍, ക്രൂരമായ ബലാല്‍ക്കാരത്തിനു വിധേയരാവുന്നു. പൗരാവകാശ പ്രവര്‍ത്തകര്‍ ഇരുമ്പഴിക്കുള്ളിലാവുന്നു- ദാരുണമായ ഇത്തരം അവസ്ഥകളില്‍ ഇരകള്‍ക്ക് നീതി ഉറപ്പുവരുത്താന്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് സാധിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. അബ്ദുന്നാസിര്‍ മഅ്ദനിയെപ്പോലെയുള്ള നിരവധി പേര്‍ വര്‍ഷങ്ങളായി അഴിയെണ്ണി ജീവിക്കുകയാണ്. മതിയായ തെളിവുകളില്ലെങ്കിലും രാജ്യത്തിന്റെ പൊതുവികാരം കണക്കിലെടുത്താണത്രേ അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നത്. അതേസമയം, കോടികളുടെ തട്ടിപ്പു നടത്തിയ മല്യമാരും മോദിമാരും നിയമത്തിന്റെ വലയ്ക്കു പുറത്താണ്. കോടതികള്‍ നടത്തുന്ന ന്യായമായ ഇടപെടലുകള്‍ മുഖവിലയ്‌ക്കെടുത്തുകൊണ്ടു തന്നെ ചോദിക്കട്ടെ, തുലാഭാരം ഉയര്‍ത്തിയ ചോദ്യങ്ങള്‍ 50 വര്‍ഷത്തിനുശേഷവും പ്രസക്തമല്ലേ?

RELATED STORIES

Share it
Top