ഒരു വര്‍ഷമായി ജലമെത്തുന്നതും കാത്ത് കുടിവെള്ള കിയോസ്‌കുള്‍

ആലത്തൂര്‍: വരള്‍ച്ച രൂക്ഷമായ ജില്ലയില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച ജലകിയോസ്‌കുകളില്‍ വെളളം ലഭിക്കുമോ എന്ന ആശങ്കയില്‍  ജനങ്ങള്‍. വേനല്‍ വറുതിയില്‍ ജില്ലയുടെ നാട്ടിന്‍പുറങ്ങളില്‍ പോലും കുടിവെള്ളം കിട്ടാതെ ജനം പ്രയാസപ്പെടുമ്പോള്‍ വാട്ടര്‍ കിയോസ്‌കുകളില്‍ വെള്ള ടാങ്ക് എത്തി ഒരു വര്‍ഷമായിട്ടും ഒരു തുള്ളി ജലം കിട്ടിയില്ല. വരള്‍ച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമായതോടെ കഴിഞ്ഞ മാര്‍ച്ചിലാണ് വാട്ടര്‍കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചത്.
ജലക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ സ്റ്റാന്‍ഡുകളും അതിനു മുകളില്‍ ജലസംഭരണിയും സ്ഥാപിച്ച് വെള്ളം നിറച്ചു വെയ്ക്കുന്നതാണ് പദ്ധതി. കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ ഒരു വാര്‍ഡില്‍ രണ്ടു സ്ഥലങ്ങളിലാണ് കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പലയിടത്തും കിയോസ്‌കിന്റെ സ്റ്റാന്‍ഡും ടാങ്കും എത്തിയിട്ടുണ്ടെങ്കിലും കുടിവെള്ളം എത്തിയിട്ടില്ല.
ജില്ലയില്‍ 600 കിയോസ്‌കുകള്‍ സ്ഥാപിക്കാനായിരുന്നു തീരുമാനം. മണ്ണാര്‍ക്കാട്-192, ചിറ്റൂര്‍-157, ആലത്തൂര്‍-147, പട്ടാമ്പി-60, പാലക്കാട്-29, ഒറ്റപ്പാലം-15 എണ്ണം വീതം വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചു. ആവശ്യമായ ടാങ്കുകള്‍ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് സര്‍ക്കാര്‍ നേരിട്ടെത്തിക്കുകയായിരുന്നു.
5000 ലിറ്ററിന്റെ ഒരു ടാങ്കിന് 30,000 രൂപയാണ് വില. ടാപ്പ് ഘടിപ്പിച്ച് ഇരുമ്പ് സ്റ്റാന്റ ില്‍ സ്ഥാപിക്കുന്ന ചുമതല ജില്ലാ നിര്‍മിതി കേന്ദ്രയ്ക്കാണ്.ഒരു കിയോസ്‌കിന് 25,000 രൂപയാണ് ഈ ഇനത്തില്‍ ചിലവ്. മൊത്തം മൂന്നു കോടിയോളം രൂപയാണ് കഴിഞ്ഞ വര്‍ഷം കുടിവെള്ള വിതരണത്തിന് ജില്ലാ ഭരണകൂടം വകയിരുത്തിയത്. വെള്ളം ടാങ്കറില്‍ എത്തിച്ച് കിയോസ്‌കുകളില്‍ നിറയ്കുന്നതിന് കിലോമീറ്ററിന് 80 രൂപ നിരക്കിലാണ് സ്വകാര്യ കരാറുകാരെ എല്‍പ്പിച്ചത്. ചിറ്റൂര്‍ താലൂക്കില്‍ മാത്രം കിലോമീറ്ററിന് 36 രൂപയ്ക്കാണ് കരാര്‍.
ഗ്രാമപ്പഞ്ചായത്ത് ഭരണസമിതികള്‍ ജലവിതരണം തുടങ്ങണമെന്ന പ്രമേയം അംഗീകരിക്കണമെന്ന സാങ്കേതികത്വത്തിന്റെ പേരിലാണ് പലയിടത്തും വെള്ളം നിറച്ച് തുടങ്ങാത്തത്.
ജില്ലയിലെ ആറ് താലൂക്കുകളില്‍ ചിറ്റൂര്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ മാത്രമാണ് വാട്ടര്‍ കിയോസ്‌ക് വഴി വെള്ളം നിറച്ച് വിതരണം ചെയ്തത്.ചിറ്റൂരിലെ എരുത്തേമ്പതിയിലും വടകരപ്പതിയിലും മണ്ണാര്‍ക്കാട് താലൂക്കിലെ കുന്നില്‍ച്ചാള, കൊട്ടമേട് ഊരുകളിലും വാട്ടര്‍ കിയോസ്‌ക് മുഖേനയുള്ള കുടിവെള്ള വിതരണം തുടരുന്നുണ്ട്.
കുടിവെള്ള ക്ഷാമം രൂക്ഷമായ ജില്ലയിലെ പലയിടത്തും സന്നദ്ധ സംഘടനകളും രാഷ്ട്രീയ കക്ഷികളും സൗജന്യ കുടിവെള്ള വിതരണം നടത്തുന്നുണ്ട്.   മുന്‍ കാലങ്ങളില്‍ ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിച്ചിരുന്നതിന് പകരമാണ് കഴിഞ്ഞ തവണ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. പലയിടത്തും വാട്ടര്‍ ടാങ്ക് സ്റ്റാന്‍ഡില്‍ നിന്ന് വീണും ചുറ്റും കാട് പിടിച്ച് കിടക്കുന്ന സ്ഥിതിയുമുണ്ട്.

RELATED STORIES

Share it
Top