ഒരു വര്‍ഷത്തിനിടെ 4.7 ലക്ഷം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വൈദ്യുതി കണക്ഷന്‍ നല്‍കി: മന്ത്രിഉദുമ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ 4.7 ലക്ഷം കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. ഇതില്‍ ഒന്നരലക്ഷം കുടുംബങ്ങള്‍ക്ക് വൈദ്യുതി നല്‍കിയത് സമ്പൂര്‍ണ്ണ വൈദ്യുതികരണത്തിന്റെ ഭാഗമായാണെന്നും മന്ത്രി വ്യക്തമാക്കി. പാലക്കുന്ന് അംബികാ സ്‌കൂള്‍ ഗ്രൗണ്ടില്‍ കാസര്‍കോടിനെ സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാനം ചെയ്യുകയായിരുന്നു മന്ത്രി. മറ്റുചില സംസ്ഥാനങ്ങളെ പോലെ കുറച്ചുശതമാനം പേര്‍ക്ക് വൈദ്യുതി നല്‍കി സമ്പൂര്‍ണ വൈദ്യുതികരണമല്ല ഇവിടെ നടക്കുന്നത്. അപേക്ഷിച്ച എല്ലാവര്‍ക്കും വൈദ്യുതി നല്‍കിയാണ് കേരളം സമ്പൂര്‍ണ വൈദ്യുതികരണ സംസ്ഥാനമായി മാറിയിരിക്കുന്നത്. ജനപ്രതിനിധികള്‍ മുതല്‍ ഉദ്യോഗസ്ഥരുടെ വരെ കൂട്ടായ പരിശ്രമമാണ് സംസ്ഥാനത്തെ ഇത്തരമൊരു നേട്ടത്തിലെത്തിച്ചത്. ഇതുവരെ അപേക്ഷിച്ചവര്‍ക്കെല്ലാം വൈദ്യുതി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. വയനാട്, ഇടുക്കി, കാസര്‍കോട് ജില്ലകളിലെ ആയിരക്കണക്കിന് ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങളില്‍ വൈദ്യുതി നല്‍കുവാന്‍ ഒരു വര്‍ഷത്തിനകം ഈ സര്‍ക്കാരിന് കഴിഞ്ഞു. കേരളം സമ്പൂര്‍ണ വൈദ്യുതികരണ സംസ്ഥാനമായെങ്കിലും വൈദ്യുതി മിച്ച സംസ്ഥാനമല്ല. കടുത്ത വരള്‍ച്ചയിലും വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും പവര്‍കട്ടില്ലാതെ സംസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകും. വൈദ്യുതിയുടെ വര്‍ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് കൂടുതല്‍ വൈദ്യുത പദ്ധതികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചുവരുകയാണ്. ജല വൈദ്യുത പദ്ധതികള്‍ ചെലവു കുറഞ്ഞതാണ്. എന്നാല്‍ അതിരപ്പള്ളി പോലുള്ള പദ്ധതികള്‍ അഭിപ്രായ ഭിന്നതകളുള്ളതുകൊണ്ട് സമവായത്തിലെത്തണം. പള്ളിവാസല്‍ പോലെ നിന്നുപോയ പദ്ധതികള്‍ പുനരാരംഭിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മറ്റുചെറുകിട പദ്ധതികളും ആരംഭിക്കും. അതുപോലെ സോളാര്‍, കാറ്റാടി, കല്‍ക്കരി എന്നിവയില്‍ നിന്നൊക്കെ എങ്ങനെ വൈദ്യുതി കണ്ടെത്താമെന്നതിനെക്കുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. കാറ്റാടി യന്ത്രം സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുവാന്‍ കാസര്‍കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പി കരുണാകരന്‍ എംപി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ പി ബി അബ്ദുര്‍ റസാഖ്, എന്‍ എ നെല്ലിക്കുന്ന്, എം രാജഗോപാല്‍, കെ കുഞ്ഞിരാമന്‍, കെഎസ്ഇബി ഡയറക്ടര്‍ ഡോ.വി ശിവദാസന്‍, ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top