ഒരു വര്‍ഷം മുമ്പ് പൊളിച്ച റോഡ് നന്നാക്കാന്‍ നടപടിയില്ല ; പുനര്‍നിര്‍മാണത്തിനായി കുത്തിപ്പൊളിച്ച റോഡില്‍ യാത്രാ ദുരിതംഹരിപ്പാട്: പുനര്‍നിര്‍മാണത്തിനായി കുത്തിപ്പൊളിച്ച റോഡില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലായതോടെ വഴിനടക്കാനാവാതെ നാട്ടുകാര്‍ വലയുന്നു. മെറ്റല്‍ നിരത്തിയ റോഡിലെ പൊടി കാരണം സമീപത്തെ യുപി സ്‌കൂളിലെ കൊച്ചുകുട്ടികള്‍ക്ക് ഉള്‍പ്പെടെ ശ്വാസതടസ്സം പതിവായി. പരാതിയുമായി വകുപ്പ് മന്ത്രി അടക്കമുള്ളവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.പല്ലന കുമാരനാശാന്‍ സ്മാരത്തിലേക്കുള്ള റോഡാണ് മാസങ്ങളായി തുടര്‍ ജോലികള്‍ നടക്കാതെ നശിക്കുന്നത്. സമീപത്തെ യുപി സ്‌കൂളില്‍ 240 കുട്ടികളാണ് പഠിക്കുന്നത്. പൊടി ഒഴിവാക്കാന്‍ വെള്ളം തളിക്കാന്‍ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടപ്പോള്‍ പിഡബ്ല്യുഡി വര്‍ക്കാണെന്ന് പറഞ്ഞ കൈമലര്‍ത്തുകയായിരുന്നു.ഒരു വര്‍ഷം മുമ്പാണ് റോഡ് പുനര്‍ നിര്‍മാണത്തിനായി പൊളിച്ചത്. തുടര്‍ന്ന് ക്വാറി വേസ്റ്റ് അടിച്ച് നിരത്തിയെങ്കിലും മറ്റ് പണികള്‍ നടന്നിരുന്നില്ല. നാട്ടുകാര്‍ നിരവധി നിവേദനങ്ങളും പരാതികളും നല്‍കിയതിനെ തുടര്‍ന്ന് കുമാരനാശാന്‍ അനുസ്മരണത്തോടനുബന്ധിച്ച് ജനുവരിയില്‍ റോഡില്‍ മെറ്റില്‍ വിരിക്കുകയായിരുന്നു. ഇരുചക്രവാഹനങ്ങള്‍ മെറ്റലില്‍ കയറി വീഴുന്നതും നിത്യ സംഭവമാണ്. പ്രദേശവാസികള്‍ക്ക് കുമാരകോടി പാലം വഴി സഞ്ചരിക്കണമെങ്കില്‍ ഈ റോഡില്‍കൂടി മാത്രമേ സാധിക്കുകയുള്ളു. കോടികള്‍ മുടക്കി പാലം പൂര്‍ത്തീകരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും അപ്രോച്ച് റോഡുകള്‍ നന്നാക്കാത്തത് വന്‍ പ്രിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കുമാരകോടിയില്‍ നിര്‍മാണം പുരോഗമിക്കുന്ന സാഹതീയം ടൂറിസം പദ്ധതിയിലേക്ക് പോവാനുള്ള എളുപ്പമാര്‍ഗം കൂടിയാണ് ഈ റോഡ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ച വന്‍ പദ്ധതിയായിരുന്നു പല്ലന കുമാരകോടി പാലം. 30 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച പാലത്തിനോടൊപ്പം അപ്രോച്ച് റോഡുകളുടെ നിര്‍മാണോദ്ഘാടനവും നടന്നിരുന്നു. അതേസമയം യാത്രായോഗ്യമല്ലാതിരുന്നിട്ടും റോഡിലൂടെ ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയായിരിക്കുകയാണ്. റോഡുകളുടെ ശോച്യാവസ്ഥ നാട്ടുകാരെയും ഇവിടെയെത്തുന്ന സന്ദര്‍ശകരെയും ഒരേപോലെ വലയ്ക്കുകയാണ്. പാലത്തിലേക്ക് എത്തിച്ചേരാനുളള കരുവാറ്റയില്‍ നിന്നുള്ള റോഡിന്റെ അവസ്ഥയും ഇതുതന്നെയാണ്.

RELATED STORIES

Share it
Top