ഒരു ലക്ഷത്തോളം പേര്‍ നീറ്റ് പരീക്ഷയെഴുതി

എന്‍   എ   ശിഹാബ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ നീറ്റ് പരീക്ഷ എഴുതിയത് തമിഴ്‌നാട്ടില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം പേര്‍.
പരീക്ഷാ നടത്തിപ്പിനെ ചൊല്ലി കാര്യമായ പ്രശ്‌നങ്ങളൊന്നും റിപോര്‍ട്ട് ചെയ്തില്ല. വസ്ത്രധാരണത്തില്‍ ഉള്‍പ്പെടെ കര്‍ശന നിബന്ധനങ്ങള്‍ക്കു വിധേയമായ പരീക്ഷകള്‍ക്ക് എല്ലാ കേന്ദ്രങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. അതേസമയം, നീറ്റ് പ്രവേശനപ്പരീക്ഷ സുഗമമായും ആക്ഷേപങ്ങളും ഇല്ലാതെ നടത്തിയ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. വിദ്യാര്‍ഥികളെ സഹായിക്കാന്‍ ജില്ലാ കലക്ടര്‍മാരും ജില്ലാ പോലിസ് മേധാവികളും ഉണര്‍ന്നു പ്രവര്‍ത്തിച്ചെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികളെ സഹായിക്കാന്‍ സംസ്ഥാനത്തെ പ്രധാന റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും സര്‍ക്കാര്‍ സഹായകേന്ദ്രങ്ങള്‍ തുറന്നിരുന്നു. തമിഴ്‌നാട്ടില്‍ നിന്നു പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിയുടെ പിതാവ് ഹൃദയാഘാതം മൂലം കൊച്ചിയില്‍ മരണപ്പെട്ടതിനെ തുടര്‍ന്നു മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എല്ലാ ഏര്‍പ്പാടുകളും ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.
തിരുവാരൂര്‍ സ്വദേശി കൃഷ്ണസ്വാമി ശ്രീനിവാസനാണു മരണപ്പെട്ടത്. സംസ്ഥാന അതിര്‍ത്തി വരെ നമ്മുടെ ഉദ്യോഗസ്ഥര്‍ മൃതദേഹത്തെ അനുഗമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാവിലെ 7.30 മുതല്‍ തന്നെ വിദ്യാര്‍ഥികള്‍ പരീക്ഷാഹാളില്‍ എത്തിയിരുന്നു. കര്‍ശന പരിശോധനകള്‍ക്കു ശേഷമാണ് വിദ്യാര്‍ഥികളെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. കടുംനിറത്തിലുള്ള വസ്ത്രങ്ങള്‍ക്കും മൊബൈല്‍ ഫോണിനും കുടിവെള്ള കുപ്പിക്കും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മാല, കമ്മല്‍ അടക്കമുള്ളവ ധരിക്കാന്‍ അനുവദിച്ചില്ല. പ്രത്യേകം പരിശോധിച്ച ശേഷമാണു ശിരോവസ്ത്രം ധരിച്ചെത്തിയ പെണ്‍കുട്ടികളെ അടക്കം പരീക്ഷ എഴുതാന്‍ അനുവദിച്ചത്.
മലപ്പുറത്ത് അഡ്മിറ്റ് കാര്‍ഡില്‍ പരീക്ഷാകേന്ദ്രത്തിന്റെ വിലാസത്തില്‍ വന്ന പിശക് മൂലം അവസാന നിമിഷം ആശയക്കുഴപ്പമുണ്ടായി. മഞ്ചേരി മുബാറക് സ്‌കൂളില്‍ പരീക്ഷയെഴുതേണ്ടവരാണു പരീക്ഷ തുടങ്ങുന്നതിനു മുമ്പ് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള യഥാര്‍ഥ കേന്ദ്രം അന്വേഷിച്ച് പരക്കംപാഞ്ഞത്.
അഡ്മിറ്റ് കാര്‍ഡില്‍ പരീക്ഷാകേന്ദ്രമായി മുബാറക് സ്‌കൂള്‍, കൊരമ്പയില്‍ ആശുപത്രിക്ക് സമീപം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ മൂന്നു കിലോമീറ്റര്‍ അപ്പുറത്തുള്ള സ്‌കൂളിന്റെ സെക്കന്‍ഡറി വിഭാഗം പ്രവര്‍ത്തിക്കുന്ന മറ്റൊരു കെട്ടിടമായിരുന്നു പരീക്ഷാകേന്ദ്രമായി നിശ്ചയിച്ചിരുന്നത്. എല്ലായിടത്തും പോലിസിനെ വിന്യസിച്ചിരുന്നു.
പരീക്ഷാ കേന്ദ്രങ്ങളിലേക്കും മറ്റും ഗതാഗതക്കുരുക്ക് ഉണ്ടാവാതിരിക്കാനും അധികൃതര്‍ ശ്രദ്ധിച്ചു. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തി. തിരുവനന്തപുരം ജില്ലയില്‍ 34 കേന്ദ്രങ്ങളിലായി 24,000 പേര്‍ പരീക്ഷ എഴുതി.

RELATED STORIES

Share it
Top