ഒരു ലക്ഷം രൂപ പിഴയിട്ട് എന്‍ബിഎസ്എ

ന്യൂഡല്‍ഹി: പ്രശസ്ത കവി ഗൗഹര്‍ റാസയെ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജവാര്‍ത്ത സംപ്രേഷണം ചെയ്തതിനു സീ ന്യൂസിനു പിഴ. ടെലിവിഷന്‍ സംപ്രേഷണങ്ങള്‍ നിരീക്ഷിക്കുന്ന ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി (എന്‍ബിഎസ്എ)യാണ് സീ ന്യൂസിന് ഒരു ലക്ഷം രൂപ പിഴയടക്കാനും ക്ഷമാപണം നടത്താനും ശിക്ഷ വിധിച്ചത്. ഇതനുസരിച്ച് 16നു രാത്രി 9ന് ഇംഗ്ലീഷിലും ഹിന്ദിയിലും ചാനല്‍ ക്ഷമാപണം നടത്തണം.
ബിജെപിയുടെ രാജ്യസഭാ എംപി കൂടിയായ സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള സീ ന്യൂസ് ചാനലില്‍ കവി ഗൗഹര്‍ റാസ രാജ്യദ്രോഹിയാണെന്നും അഫ്‌സല്‍ ഗുരുവിനെ അനുകൂലിക്കുന്നയാളുമാണെന്നാണ് വാര്‍ത്ത നല്‍കിയത്. ഒരു സിംപോസിയത്തില്‍ അദ്ദേഹത്തിന്റെ കവിതാലാപനത്തിലെ ഏതാനും ഭാഗങ്ങളെടുത്താണ് അഫ്‌സല്‍ പ്രേമി മുശാഇറ എന്ന പേരിട്ട് വ്യാജവാര്‍ത്ത നല്‍കിയത്.
ഇതിനെതിരേ ഗൗഹര്‍ റാസ സീ ന്യൂസ് മാനേജ്‌മെന്റിനു കത്തെഴുതുകയും മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ സപ്തംബറില്‍ എന്‍ബിഎസ്എയുടെ ഉത്തരവില്‍ സീ ന്യൂസ് നല്‍കിയ വാര്‍ത്ത വസ്തുതകള്‍ വളച്ചൊടിക്കുന്നതാണെന്ന് കണ്ടെത്തിയിരുന്നു. ഗൗഹര്‍ റാസയെക്കുറിച്ച് ഏകപക്ഷീയമായി വ്യാജവാര്‍ത്ത നല്‍കുകയാണ് സീ ന്യൂസ് ചെയ്തത്.
ഇതിനെതിരേ സീ ന്യൂസ് മാനേജ്‌മെന്റ് നല്‍കിയ റിവ്യൂ പെറ്റീഷന്‍ തള്ളിയാണ് എന്‍ബിഎസ്എ പിഴശിക്ഷ വിധിക്കുകയും ക്ഷമാപണം നടത്താ ന്‍ ആവശ്യപ്പെടുകയും ചെയ്തത്.
കവി അശോക് വാജ്‌പേയി, നടി ഷര്‍മിള ടാഗൂര്‍, ഗായിക ശുഭ മുദ്ഗല്‍, എഴുത്തുകാരി സെയ്ദ ഹമീദ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് നടപടി.

RELATED STORIES

Share it
Top