ഒരു റയല്‍ പ്രതികാരംലെഗനീസ്: കോപ്പാ ഡെല്‍ റേയില്‍ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച ലെഗനീസിനോട് ലാ ലിഗയില്‍ പകരം വീട്ടി റയല്‍ മാഡ്രിഡ്. ലെഗനീസിനെ അവരുടെ തട്ടകത്തില്‍ 3-1നാണ് റയല്‍ മാഡ്രിഡ് വീഴ്ത്തിയത്. റയലിനുവേണ്ടി ലൂക്കാസ് വാസ്‌ക്കസ്,കാസിമെറോ, നായകന്‍ സെര്‍ജിയോ റാമോസ് എന്നിവരാണ് വലകുലുക്കിയത്. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും നവാസിനും  വിശ്രമം അനുവദിച്ച സിദാന്‍ ആദ്യ ഇലവനില്‍ ഗാരത് ബെയ്‌ലിനേയും പുറത്തിരുത്തി 4-2-3-1 ഫോര്‍മാറ്റില്‍ റയലിനെ വിന്യസിപ്പിച്ചപ്പോള്‍ അതേ ശൈലിയിലാണ് ലെഗനീസും അണിനിരന്നത്. സ്വന്തം കളിത്തട്ടിന്റെ ആധിപത്യം നന്നായി മുതലെടുത്ത ലെഗനീസ് ആറാം മിനിറ്റില്‍ത്തന്നെ വലകുലുക്കി റയലിനെ ഞെട്ടിച്ചു. ഉനൈ ബസ്റ്റിന്‍സയാണ് ലെഗനീസിനെ മുന്നിലെത്തിച്ചത്. ഗോള്‍ വഴങ്ങിയതോടെ കളിക്കരുത്ത് ഉണര്‍ന്ന റയല്‍ നിര 11ാം മിനിറ്റില്‍ സമനില ഒപ്പിച്ചു. കാസമിറോയുടെ അസിസ്റ്റിനെ വലയിലെത്തിച്ച് ലൂക്കാസ് വാസ്‌ക്കസ് റയലിന് സമനില സമ്മാനിച്ചു. പിന്നീടുള്ള സമയത്തും ആക്രമണം തുടര്‍ന്ന റയല്‍ നിര 29ാം മിനിറ്റില്‍ സമനില പിടിച്ചു. ഇത്തവണ വാസ്‌ക്കസ് അസിസ്റ്റ് നല്‍കിയപ്പോള്‍ കാസമിറോ വല തുളച്ചു. പിന്നീടുള്ള ആദ്യ പകുതിയിലെ സമയത്ത് ഗോള്‍ അകന്നുനിന്നപ്പോള്‍ ആദ്യ പകുതിയില്‍ 2-1ന്റെ ആധിപത്യവും റയലിനൊപ്പം നിന്നു.പന്തടക്കത്തില്‍ 60 ശതമാനം സമയത്തും മുന്നിട്ട് നിന്ന റയല്‍ നിര 13 ഗോള്‍ശ്രമങ്ങള്‍ നടത്തിയപ്പോള്‍ ലെഗനീസിന് ഏഴ് തവണ മാത്രമേ റയലിന്റെ പ്രതിരോധത്തിന് ഭീഷണി ഉയര്‍ത്താനായുള്ളൂ. രണ്ടാം പകുതിയില്‍ ഇരു കൂട്ടരും പ്രതിരോധത്തിലൂന്നിയ പ്രകടനമാണ് പുറത്തെടുത്തത്.  മല്‍സരത്തിന്റെ അവസാന മിനിറ്റില്‍ വീണുകിട്ടിയ പെനല്‍റ്റിയിലൂടെയായിരുന്നു റയലിന്റെ അക്കൗണ്ടില്‍ മൂന്നാം ഗോള്‍ പിറന്നത്. റാമോസിന്റെ ഷോട്ട് ലെഗനീസ് ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി ലക്ഷ്യത്തിലെത്തുകയായിരുന്നു.  3-1ന്റെ ജയം അക്കൗണ്ടിലാക്കിയ റയല്‍ നിര 48 പോയിന്റുകളുമായി പട്ടികയിലെ മൂന്നാം സ്ഥാനത്താണുള്ളത്.

RELATED STORIES

Share it
Top