ഒരു രൂപയുടെ കുടിശ്ശിക; 17 പവന്‍ തിരിച്ചുനല്‍കാതെ ബാങ്ക്

ചെന്നൈ: മുതലും പലിശയും മുഴുവന്‍ അടച്ചിട്ടും ഒരു രൂപ കുടിശ്ശികയുണ്ടെന്നു കാട്ടി 17 പവന്‍ ഉപഭോക്താവിനു തിരിച്ചുനല്‍കാന്‍ വിസമ്മതിച്ച് ബാങ്ക്. 138 ഗ്രാം സ്വര്‍ണമാണ് ഒരു രൂപയുടെ കുടിശ്ശിക ഉന്നയിച്ച് പിടിച്ചുവച്ചത്. തമിഴ്‌നാട്ടിലെ കാഞ്ചിപുരം സെന്‍ട്രല്‍ കോ-ഓപറേറ്റീവ് ബാങ്കിന്റെ പല്ലാവരം ബ്രാഞ്ച് ഈട് നല്‍കിയ സ്വര്‍ണം തിരികെനല്‍കുന്നില്ലെന്ന് കാട്ടി ഉപഭോക്താവായ സി കുമാര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈട് നല്‍കിയ 17 പവന്‍ തിരികെ കിട്ടാന്‍ കുമാര്‍ ബാങ്കില്‍ കയറിയിറങ്ങുകയാണ്.
3.50 ലക്ഷം രൂപയുടെ സ്വര്‍ണമാണ് 1.23 ലക്ഷം രൂപയ്ക്ക് ഇയാള്‍ ബാങ്കില്‍ പണയപ്പെടുത്തിയത്. 2010 ഏപ്രിലിലായിരുന്നു കേസിന് ആസ്പദമായ സംഭവം. തുടര്‍ന്ന് വായ്പ എടുത്ത തുകയുടെ പലിശയടക്കം അടച്ച് സ്വര്‍ണം തിരികെ എടുക്കാന്‍ ബാങ്കിനെ സമീപിച്ചു.
എന്നാല്‍ വായ്പാ തിരിച്ചടവില്‍ ഒരു രൂപയുടെ കുറവുണ്ട് എന്ന വാദം ഉന്നയിച്ച് സ്വര്‍ണം തിരിക നല്‍കാന്‍ ബാങ്ക് തയ്യാറായില്ല.
മാത്രമല്ല ഒരു രൂപ അടയ്ക്കാന്‍ തയ്യാറായിട്ടും അത് സ്വീകരിച്ചില്ല എന്നും ആരോപണമുണ്ട്.

RELATED STORIES

Share it
Top