ഒരു രാഷ്ട്രീയത്തടവുകാരിയുടെ ജീവിതം

ബാബുരാജ് ബി എസ്

നിക്കവളുടെ വിരലുകളില്‍ തൊടണമെന്നു തോന്നി. ഇത്ര ശക്തമായി ഇതിനു മുമ്പ് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. പതിനഞ്ചടി ഉയരമുള്ള സമാന്തരമായ രണ്ടു കമ്പിവേലികൊണ്ടു തിരിച്ച, കോയമ്പത്തൂര്‍ ജയിലിലെ കുടുസു മുറിയില്‍ ഇരുവശത്തായി ഞങ്ങള്‍ നിന്നു. മുറിയിലേക്കു കടന്നുവരുന്നതിനിടയില്‍ അവള്‍ വാതില്‍പ്പടിയില്‍ തട്ടി രണ്ടു തവണ വീഴാന്‍ ഭാവിച്ചു. അവള്‍ ക്ഷീണിതയാണെന്ന് ഞാന്‍ കണ്ടു. അവളുടെ മകള്‍ 13 വയസ്സുകാരി താച്ചു എന്നോട് ചേര്‍ന്നുനിന്നു.  തൊട്ടടുത്ത ജയിലില്‍നിന്ന് രൂപേഷിനെ കണ്ട് ഞങ്ങള്‍ പുറത്തുവന്നിട്ടേയുണ്ടായിരുന്നുള്ളൂ. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കണ്ടുമുട്ടല്‍ ക്യൂബ്രാഞ്ച് ഉദ്യോഗസ്ഥരുടെയും ജയിലറുടെയും മുറിയിലായിപ്പോയതിന്റെ വിഭ്രാന്തി എന്നെ വീര്‍പ്പുമുട്ടിച്ചു. ദരിദ്രരും ക്ഷീണിതരുമെങ്കിലും ആഘോഷത്തോടെ ജീവിച്ച ആ കാലം എന്റെ മുന്നിലൂടെ കടന്നുപോയി. ഒരു നിമിഷത്തിന്റെ പ്രേരണയില്‍ ഞങ്ങള്‍ കെട്ടിപ്പിടിച്ചു.

shynaരൂപേഷിനെ കണ്ടോ എന്ന് ഷൈന ആരാഞ്ഞു. കാണുകയും തൊടുകയും ചെയ്‌തെന്ന് ഞാന്‍ പറഞ്ഞു. ആഴ്ചയിലൊരിക്കല്‍ രൂപേഷിനെ കാണുന്നതും ഇതേ കമ്പിവേലിക്കിരുപുറമായാണെന്ന് അവള്‍ സങ്കടപ്പെട്ടു. അഫ്‌സല്‍ ഗുരുവിനെക്കുറിച്ചുള്ള ഒരു കുറിപ്പില്‍ നന്ദിതാ ഹക്‌സര്‍ സ്പര്‍ശനത്തെക്കുറിച്ചു പറഞ്ഞത് ഷൈന ഓര്‍ത്തെടുത്തു. അഫ്‌സലിനെ കാണാനെത്തുന്ന ഭാര്യ തബസ്സുമിനും മക്കള്‍ക്കും അദ്ദേഹത്തെ തൊടാന്‍ ഒരിക്കലും കഴിഞ്ഞിരുന്നില്ല.

വര്‍ഷത്തിലൊരിക്കല്‍ വന്നുചേരുന്ന രാഖി ദിനത്തില്‍ മാത്രമാണ് തങ്ങളുടെ പ്രിയപ്പെട്ടവരെ സ്പര്‍ശിക്കാന്‍ തടവുകാരെ അനുവദിച്ചിരുന്നത്. അത്തരം ദിവസങ്ങളില്‍ തബസ്സും ഒരു രാഖിയുമായി തന്റെ ഭര്‍ത്താവിനെ സന്ദര്‍ശിച്ചു. സഹോദരനെ അണിയിക്കേണ്ട രാഖി ഭര്‍ത്താവിനെ അണിയിക്കുന്നതിനെക്കുറിച്ചുള്ള ജയില്‍ ഉദ്യോഗസ്ഥരുടെ വൃത്തികെട്ട തമാശകള്‍ കേള്‍ക്കേണ്ടിവന്നിട്ടും അവര്‍ അതൊരിക്കലും മുടക്കിയില്ലെന്ന് നന്ദിത എഴുതി.തടവുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇന്നും നാം പിന്നിലാണ്. അധികാരസ്ഥാനത്തോടുള്ള അടുപ്പമാണ് ഏക പരിരക്ഷ. കോയമ്പത്തൂര്‍ പോലുള്ള ജയിലുകളാവട്ടെ കേരളത്തിലേതില്‍നിന്ന്് ഏറെ വ്യത്യസ്തമാണെന്ന് രൂപേഷ് പറയുന്നു. പ്രത്യേകിച്ച് രാഷ്ട്രീയത്തടവുകാരുടെ കാര്യത്തില്‍.

കേരളത്തില്‍ രാഷ്ട്രീയത്തടവുകാര്‍ക്ക് ആവശ്യപ്പെടുകയാണെങ്കില്‍ എഴുതാനും വായിക്കാനുമുള്ള മേശയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കുമെങ്കില്‍ കോയമ്പത്തൂരില്‍ അത്തരം അവകാശങ്ങളൊന്നുമില്ല. ഷൈനയും രൂപേഷും എഴുതാനും വായിക്കാനുമുള്ള സൗകര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ജയില്‍ മാന്വല്‍ അനുസരിച്ച് ഇന്‍കംടാക്‌സ് അടയ്ക്കുകയോ ഡിഗ്രി പാസാവുകയോ ചെയ്ത ആര്‍ക്കും ഇതാവശ്യപ്പെടാം. പക്ഷേ, കോടതി അത് ജയിലധികൃതരുടെ താല്‍പര്യത്തിനു വിടുകയായിരുന്നെന്ന് ഷൈന പറയുന്നു. അതിനും പുറമേയാണ് നിര്‍ബന്ധിച്ച് ഡിഎന്‍എ ടെസ്റ്റ് നടത്താനുള്ള ശ്രമം. പോലിസിന്റെ ശ്രമങ്ങളെ ഇരുവരും എതിര്‍ത്തു. അനുവദിക്കുകയാണെങ്കില്‍ ഇതൊരു കീഴ്‌വഴക്കമാവുമെന്നാണ് അവരുടെ ഭയം.

തടവുകാരോടുള്ള വിവേചനമാണ് മറ്റൊരു പ്രശ്‌നം. പുരുഷ രാഷ്ട്രീയത്തടവുകാരെ കമ്പിവേലികളില്ലാതെ നേരിട്ടു കാണാന്‍ സന്ദര്‍ശകരെ അനുവദിക്കുമ്പോള്‍ സ്ത്രീതടവുകാര്‍ക്ക് ഇതൊന്നുമില്ല. വനിതാജയിലിലെ പീഡനങ്ങള്‍ ആണ്‍ജയിലിനെ അപേക്ഷിച്ച് കൂടുതലാണെന്നാണ് ഷൈന പറയുന്നത്. രാഷ്ട്രീയത്തടവുകാരുടെ കാര്യം അല്‍പം ഭേദമാണെന്നു മാത്രം. വനിതാജയിലിലെ ഭക്ഷണം മോശമാണെന്നു മാത്രമല്ല, അളവിലും കുറവാണ്. പലര്‍ക്കും പലനേരങ്ങളിലും വയര്‍ നിറയുകപോലുമില്ല. ആരോഗ്യകാര്യത്തിലും കടുത്ത അനാസ്ഥയാണ്. നരകത്തിലെ സ്വര്‍ഗമാണ് പുരുഷജയിലെങ്കില്‍ നരകമാണ് വനിതാജയിലെന്ന് ഷൈന പറയുന്നു. നിലവില്‍ രൂപേഷിന് 17 കേസുകളുണ്ട്.

ചില കേസുകള്‍ അണിയറയില്‍ ഒരുങ്ങുന്നു. എല്ലാം കൂടി 45 കേസുകളുണ്ടാവുമെന്നാണ് മുരുകന്‍ വക്കീല്‍ കണക്കാക്കുന്നത്. തനിക്കെതിരേയുള്ള കേസുകളില്‍ പലതും അരിയും മണ്ണെണ്ണയും വാങ്ങിയതാണെന്നും ഇതിനേക്കാള്‍ വലിയ കേസുള്ള സരിതാനായര്‍ ഇപ്പോള്‍ ജയിലിലല്ലെന്നും രൂപേഷ് ഓര്‍മിപ്പിച്ചു. ഷൈനയുടെ പേരിലാവട്ടെ നിലവില്‍ അഞ്ച് കേസുണ്ട്. അത് പതിനഞ്ചാക്കുന്നതിനുള്ള ശ്രമത്തിലാണ് പോലിസ്. ഷൈനയും രൂപേഷും ഇനിയൊരിക്കലും പുറത്തിറങ്ങാതിരിക്കാനുള്ള ഗൂഢാലോചനകളാണു നടക്കുന്നത്.

RELATED STORIES

Share it
Top