ഒരു മരണവും ചില പാഠങ്ങളും

ഡോ. ഒ  കെ  സന്തോഷ്
സ്വാഭാവികവും സാധാരണവുമായി ഒടുങ്ങേണ്ട ഒരു മരണം തീവ്രമായ സാമൂഹിക വിഷയമായി മാറിയെന്നതാണ് അട്ടപ്പാടിയിലെ മധുവെന്ന 27കാരന്റെ കൊലപാതകം കേരളീയ സമൂഹത്തില്‍ ഉയര്‍ത്തിയ സവിശേഷത. മറ്റൊരു കാര്യം, അച്ചടി-ദൃശ്യ മാധ്യമങ്ങളെ തിരുത്താനുള്ള ധാര്‍മികമായ ത്രാണി തങ്ങള്‍ക്കുണ്ടെന്നു സോഷ്യല്‍ മീഡിയ തെളിയിച്ച സംഭവം കൂടിയായിരുന്നു ഇത്.
കേരളീയ സമൂഹത്തെ ലജ്ജിപ്പിച്ച, രോഷാകുലരാക്കിയ കൊലപാതകങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും സത്യാനന്തര സമൂഹത്തെ അളക്കാനും വിലയിരുത്താനും പ്രയോജനപ്പെട്ട സവിശേഷ സന്ദര്‍ഭമായും ഇതിനെ അടയാളപ്പെടുത്തേണ്ടതുണ്ട്. പക്ഷേ, ചരിത്രത്തില്‍ ആ മരണം ഈ ദൗത്യങ്ങളൊക്കെ നിര്‍വഹിച്ചെന്നു വിലയിരുത്താമെങ്കിലും അതേല്‍പ്പിച്ച ഷോക്ക് മലയാളിയുടെ പുരോഗമന ബോധ്യങ്ങളെയും വികസന രാഷ്ട്രീയത്തെയും മാനവിക സൂചികകളിലൂടെ ആവര്‍ത്തിക്കപ്പെടുന്ന രാഷ്ട്രീയമായ അവകാശവാദങ്ങളെയും പുനപ്പരിശോധിക്കാനുള്ള പ്രേരണയായി മാറുന്നുവെന്നതാണ് യാഥാര്‍ഥ്യം. കൈയേറ്റക്കാരാലും ലഹരി മാഫിയക്കാരാലും കൊന്നുതള്ളപ്പെട്ട ആദിവാസിജഡങ്ങള്‍ക്ക് ഉയര്‍ത്താന്‍ കഴിയാത്ത ചോദ്യങ്ങള്‍ കടുകുമണ്ണ ഗോത്രവിഭാഗക്കാരനായ ആ ചെറുപ്പക്കാരന് ഉയര്‍ത്താന്‍ കഴിഞ്ഞുവെന്നത് നിസ്സാരമായ കാര്യമല്ല. ഏറെ മുന്നിലെന്നു കേരളീയ സമൂഹം വിചാരിക്കുന്നുവെങ്കിലും ചില കാര്യങ്ങളില്‍ അങ്ങേയറ്റം ചരിത്രവിരുദ്ധവും സാമൂഹിക നിരപേക്ഷവുമായ സമീപനം പുലര്‍ത്തുന്നവരാണെന്നു പറയാം.
സംവരണം, സാമൂഹിക നീതി, ന്യൂനപക്ഷാവകാശം, ലിംഗപദവി തുടങ്ങിയ വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ വസ്തുതകള്‍ക്കു പകരം ഊഹാപോഹങ്ങളും സംവാദങ്ങള്‍ക്കു പകരം ആക്രോശങ്ങളും ഉയര്‍ത്തുന്നതും കാണാം. ഇതിലേറ്റവും അപകടകരവും ഉദാസീനവുമായ നിലപാട് ജാതിയെക്കുറിച്ച് സംസാരിക്കുമ്പോഴാണെന്ന് ഉറപ്പിച്ചുപറയാം. നിത്യജീവിതത്തില്‍ പ്രാക്ടീസ് ചെയ്യുന്നതും സാമൂഹിക ചലനാത്മകതയിലും പാര്‍ലമെന്ററി രാഷ്ട്രീയത്തിലും പരിചിതവുമായ ജാതിയുടെ വിനിമയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് സമ്മതിക്കാന്‍ മലയാളിക്കു വിമുഖതയാണ്. അതിനുള്ള ഒഴികഴിവെന്ന നിലയ്ക്ക് തമിഴ്‌നാടിനെയും ബിഹാറിനെയും ഉത്തര്‍പ്രദേശിനെയുമൊക്കെ ചൂണ്ടിക്കാണിക്കുകയും ചെയ്യും. മധുവിന്റെ മരണത്തില്‍ ആദിവാസി സ്വത്വം കാണേണ്ടതില്ലെന്ന മമ്മൂട്ടിയുടെ പ്രസ്താവനയും വടയമ്പാടി സമരത്തെ പരാമര്‍ശിച്ചുകൊണ്ട്, കേരളത്തില്‍ ഫ്യൂഡലിസവും ജാതിയും തിരിച്ചുവരുന്നുവെന്ന കവി സച്ചിദാനന്ദന്റെ പറച്ചിലും ടിപ്പിക്കല്‍ മലയാളി പുരോഗമനവാദിയുടെ യുക്തിരഹിതമായ നിലപാടിന്റെ ഉദാഹരണങ്ങളാണ്. സ്വത്വവാദത്തെയും വിശ്വാസ സ്വാതന്ത്ര്യത്തിനായുള്ള അഭിവാഞ്ഛകളെയും പ്രാകൃതമെന്ന വിളിപ്പേരിലാണ് നമ്മള്‍ അഭിസംബോധന ചെയ്യുക.
പത്തു വര്‍ഷത്തിനുള്ളില്‍ 5000 കോടിയിലേറെ രൂപയാണ് ആദിവാസി വികസനത്തിനു വേണ്ടി മാത്രം സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയതെന്ന യാഥാര്‍ഥ്യം ഗൗരവമായ പരിശോധന അര്‍ഹിക്കുന്നുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പിന്റെ കണക്കുപ്രകാരം 4,80,000ഓളം മാത്രമാണ് കേരളത്തിലെ ആദിവാസി ജനസംഖ്യ. മറ്റൊരു കണക്ക് ചൂണ്ടിക്കാണിക്കുന്നത്, 2017ല്‍ കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയ 1300 കോടി രൂപയില്‍ 65 കോടിയാണത്രേ ചെലവഴിച്ചത്. കേരളത്തിലെ ആദ്യ സമ്പൂര്‍ണ ആദിവാസി പഞ്ചായത്തിന്റെ ഓഫിസ് നിലനില്‍ക്കുന്നത് അമ്പതു കിലോമീറ്റര്‍ ദൂരെയുള്ള മറ്റൊരു പഞ്ചായത്തിലാണെന്ന് അറിയുമ്പോഴാണ് മാറിമാറി അധികാരത്തില്‍ വരുന്ന സര്‍ക്കാരുകള്‍ക്ക് സമൂഹത്തിലെ ഏറ്റവും പീഡിത ജനതയോടുള്ള പരിഗണനയും താല്‍പര്യവും മനസ്സിലാവുന്നത്.
കേരളത്തിലെ എന്‍ജിഒകളുടെ പ്രധാനപ്പെട്ട പ്രവര്‍ത്തനകേന്ദ്രം ആദിവാസി ഊരുകളാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. അഹാഡ്‌സ് പോലുള്ള, സര്‍ക്കാര്‍ സഹായത്തോടെയുള്ള സ്വതന്ത്ര ഏജന്‍സികളും അട്ടപ്പാടിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. പല പുതുപരീക്ഷണങ്ങളും നടത്തി സാമൂഹികമായ അംഗീകാരങ്ങള്‍ നേടുന്നതും ആദിവാസികളെ ഉപയോഗിച്ചുകൊണ്ടാണ് എന്നതിന്റെ ഉദാഹരണമാണ് കെ ജെ ബേബിയുടെ നേതൃത്വത്തിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായിരുന്ന കനവ്. കേരളത്തിലെ മധ്യവര്‍ഗത്തിന്റെ വാഴ്ത്തുക്കള്‍ക്ക് പാത്രമായ ഈ സ്ഥാപനത്തിലേക്ക് തങ്ങളുടെ മക്കളെ അയക്കാന്‍ എത്രയാളുകള്‍ തയ്യാറാവും?
കലയുടെയും വിപ്ലവത്തിന്റെയും പരീക്ഷണശാലകളായി ആദിവാസി ഊരുകളെ മാറ്റുന്നതില്‍ പുരോഗമന മലയാളിക്ക് ഇന്നും ഉല്‍സാഹമാണെന്നതിന്റെ തെളിവാണ് മാവോവാദി രാഷ്ട്രീയത്തോടും സായുധദളങ്ങളോടും കാണിക്കുന്ന അഭിനിവേശവും വിമോചന പ്രതീക്ഷകളും.
കാസര്‍കോട് കോളിച്ചാലിലെ ആദിവാസി സമുദായാംഗമായ ബിനീഷ് ബാലന്‍ എന്ന ചെറുപ്പക്കാരന്‍ ലണ്ടനിലെ സസിക്‌സ് സര്‍വകലാശാലയില്‍ എംഎസ്‌സി സോഷ്യല്‍ ആന്ത്രോപോളജി വിദ്യാര്‍ഥിയാണ്. മനുഷ്യരെ വര്‍ഗ-വര്‍ണ അടിസ്ഥാനത്തില്‍ തരംതിരിക്കാത്ത അനുഭവമാണ് ലണ്ടന്‍ ജീവിതം തനിക്കു നല്‍കിയതെന്ന് ഈയിടെ ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.
പലപ്പോഴും ആദിവാസിയിതര സമൂഹങ്ങളില്‍ നിന്നുള്ള വിശകലനങ്ങളാണ് പൊതുപാഠങ്ങളായി നിലനില്‍ക്കുന്നതും നമ്മുടെ അവബോധത്തിന്റെ ഭാഗമാവുന്നതും. 'കേരളത്തിലെ ആഫ്രിക്ക' എഴുതിയ കെ പാനൂരിന്റെ ആഖ്യാനങ്ങളാണ് നിഷ്‌കളങ്കരായ ആദിവാസികളെ ചിട്ടപ്പെടുത്തിയത്. അതിന്റെ പരിധിക്ക് പുറത്തുപോവുന്ന അതിലംഘനങ്ങള്‍ മലയാളി പൊതുബോധത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയില്ല.  വിശപ്പ്, നിസ്വത, സാമൂഹിക ബഹിഷ്‌കരണം തുടങ്ങിയ പദാവലികളിലൂടെ മാത്രം ആദിവാസി സമൂഹത്തെ അടയാളപ്പെടുത്തുന്നതില്‍ അവരുടെ രാഷ്ട്രീയവും സാംസ്‌കാരികവുമായ കര്‍തൃത്വത്തെ നിഷേധിക്കുന്നതിന്റെ യുക്തി അടങ്ങിയിട്ടുണ്ട്. നമ്മുടെ ജനപ്രിയബോധ്യങ്ങള്‍, ഭാഷാഭിമാനം, സൗന്ദര്യ സങ്കല്‍പം, സ്ഥാപനവല്‍ക്കരണ യുക്തി എന്നിവയെല്ലാം തികച്ചും ആദിവാസിവിരുദ്ധമാണ്. കുടിയേറ്റത്തിന്റെ പേരില്‍ നടക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ നാട്ടുസമൂഹം അഥവാ പരിഷ്‌കൃത കൂട്ടങ്ങള്‍ പുലര്‍ത്തുന്ന രാഷ്ട്രീയാധീശത്വം ആദിവാസികളെ കൂടുതല്‍ കൂടുതല്‍ ഹിംസിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ ആദിവാസി പോരാട്ടങ്ങളുടെ ചരിത്രം വിധേയരുടേതു മാത്രമായിരുന്നില്ല. ബിര്‍സാമുണ്ടയിലൂടെ തുടങ്ങിയ പ്രതിരോധങ്ങളുടെ ചരിത്രം ഇന്നും പലവിധത്തില്‍ ഇന്ത്യയില്‍ തുടരുന്നു.
അട്ടപ്പാടിയിലെ ദൗര്‍ഭാഗ്യകരമായ സംഭവം മലയാളി ആധുനികതയുടെ ചിന്താപരമായ അഹന്തകളെ വെളിപ്പെടുത്തിയ സന്ദര്‍ഭമാണ്. കറുത്തവര്‍, പതിഞ്ഞ മൂക്കും നിരതെറ്റിയ പല്ലും ചുരുണ്ട മുടിയുമുള്ളവര്‍, പകിട്ട് കുറഞ്ഞവര്‍, ഉച്ചാരണത്തില്‍ ശ്രേഷ്ഠഭാഷാ സൗന്ദര്യമില്ലാത്തവര്‍ തുടങ്ങി നമ്മുടെ പൊതുബോധത്തില്‍ അങ്ങേയറ്റം പരിഹാസ്യരായ ദലിതരും ആദിവാസികളും ഉയര്‍ത്തുന്ന വിമോചനാഭിലാഷങ്ങളെ കേരള മോഡല്‍ വികസനം എന്ന പഴമുറം കൊണ്ടു മറച്ചതിന്റെ പ്രത്യാഘാതങ്ങളിലൊന്നാണിത്. 'അട്ടപ്പാടികള്‍ ലുലു മാളില്‍ കയറിയതുപോലെ'യെന്ന മോഹന്‍ലാല്‍ ഡയലോഗിന് നിര്‍ത്താതെ കൈയടിച്ചവരും, ലംപ്‌സം ഗ്രാന്റ് വാങ്ങുന്ന ആദിവാസിക്കുട്ടികളെ ചിറികോട്ടി പരിഹസിച്ച അധ്യാപകരും സഹപാഠികളും, ആദിവാസി പെണ്ണുങ്ങള്‍ക്ക് മുലകൊടുക്കാന്‍ അറിയില്ലെന്ന മന്ത്രിവാചകത്തെ ഉള്ളുകൊണ്ട് അഭിനന്ദിച്ച വരേണ്യവര്‍ഗങ്ങളും ചേര്‍ന്നാണ് മധുവെന്ന യുവാവിനെ തല്ലിക്കൊന്നത്. അല്ലാതെ നമ്മള്‍ ആശ്വസിക്കുന്നപോലെ, വെറുക്കുന്ന പോലെ സെല്‍ഫിയെടുത്ത ഉബൈദും കൂട്ടാളികളും മാത്രമല്ല പ്രതികള്‍. ഈ മരണം, നിസ്സഹായനായ ആ ചെറുപ്പക്കാരന്റെ അക്ഷോഭ്യമായ മുഖവും കൂട്ടിക്കെട്ടിയ കൈകളും നാഗരികതയെക്കുറിച്ചുള്ള മലയാളിയുടെ അവകാശവാദങ്ങളെയും പുരോഗമന നാട്യങ്ങളെയും പരിഹസിച്ചുകൊണ്ടേയിരിക്കും; തീര്‍ച്ച.                       ി

(മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍
അധ്യാപകനാണ് ഡോ. സന്തോഷ്)

(കടപ്പാട്: ഡല്‍ഹി
സ്‌കെച്ചസ്, മാര്‍ച്ച് 2018)

RELATED STORIES

Share it
Top