ഒരു മന്ത്രിയെ പോലും പിണറായി വിജയന് വിശ്വാസമില്ലെന്ന് എം എം ഹസന്‍

പാലക്കാട്: ബിഷപ്പിന്റെ കാര്യമായാലും പി കെ ശശി എംഎല്‍എയുടെ പീഡനമായാലും സ്ത്രീകള്‍ക്ക് നേരെയുള്ള പൊലിസ് നടപടി സ്ത്രീദ്രോഹപരമാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെപിസിസിയുടെ ആയിരം വീടുകള്‍ നിര്‍മിക്കുന്ന പദ്ധതിയുടെ ഭാഗമായി ചേര്‍ന്ന പാലക്കാട് ജില്ലാതല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഒരു മന്ത്രിയെ പോലും മുഖ്യമന്ത്രി പിണറായി വിജയന് വിശ്വാസമില്ലെന്നതിന്റെ തെളിവാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയപ്പോള്‍ ചുമതല ആരേയും ഏല്‍പ്പിക്കാത്തത്. സംസ്ഥാനത്ത് കൂട്ടത്തോടെ ഡാമുകള്‍ തുറന്നുവിട്ടത് മൂലമാണ് ഇത്രയും രൂക്ഷമായ പ്രളയം ഉണ്ടായത്. സര്‍ക്കാര്‍ നിര്‍മിതമായ ദുരന്തമാണിത്. ഇക്കാര്യത്തില്‍ ഇറിഗേഷന്‍ മന്ത്രിയെയും വൈദ്യുതി മന്ത്രിയെയും പ്രോസിക്യൂട്ട് ചെയ്യണം. ദുരന്ത സമയത്തും ഇപ്പോള്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ പരാജയമാണ്. ഇന്ധനവില വര്‍ധന സര്‍വകാല റെക്കോഡിലാണ്. അതുകൊണ്ടാണ് ചരിത്രത്തിലാദ്യമായി എഐസിസി ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്. ആയിരം വീട് പദ്ധതിയിലേക്ക് ജില്ലയില്‍ നിന്നും ആദ്യമായി ബിആന്റ് ആര്‍ഡബ്ല്യുഎഫ് അഞ്ചുലക്ഷം രൂപയുടെ ചെക്ക് ജില്ലാ പ്രസിഡന്റ് എ രാമസ്വാമി കെപിസിസി പ്രസിഡന്റിന് ചെക്ക് കൈമാറി. കെ ശങ്കരനാരായണന്‍ അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ അധ്യക്ഷനായിരുന്നു.

RELATED STORIES

Share it
Top