ഒരു മന്ത്രിയുടെ തൗബക്കയര്‍

കണ്ണേറ് - കണ്ണന്‍
ആളുകള്‍ രണ്ടു തരക്കാരാണ്- താന്‍ പിടിച്ച മുയലിന് മൂന്നു കൊമ്പുണ്ടെന്ന് ശഠിക്കുന്നവരും അത്തരം ദുശ്ശാഠ്യങ്ങളൊന്നുമില്ലാത്തവരും. ആദ്യത്തെ കൂട്ടര്‍ എല്ലാകാലത്തും തങ്ങള്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കും. രണ്ടാമത്തെ കൂട്ടര്‍ അങ്ങനെയല്ല. അവര്‍ അഭിപ്രായങ്ങള്‍ മാറ്റും, പറ്റിയ തെറ്റുകള്‍ സമ്മതിച്ചുതരും.   നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ഉള്ളില്‍ കള്ളമില്ലാത്ത പട്ടാങ്ങുകാര്‍.
ഇങ്ങനെയൊരു പട്ടാങ്ങുകാരനാണ് മന്ത്രി കെ ടി ജലീല്‍ എന്ന കാര്യത്തില്‍ കണ്ണന് യാതൊരു സംശയവുമില്ല. ജലീലിന്റെ വിവിധ അവതാരങ്ങള്‍ പണ്ടേക്കുപണ്ടേ കണ്ടുപോരുന്ന ആര്‍ക്കും അങ്ങനെയൊരു സംശയം ഉണ്ടാവുകയുമില്ല. ഈ പട്ടാങ്ങുകൊണ്ടാണ് ബാര്‍ കോഴക്കേസില്‍ കുറ്റാരോപിതനായ കെ എം മാണി ബജറ്റവതരിപ്പിക്കുന്നത് തടയാന്‍ ജലീല്‍ സകല ശക്തിയുമുപയോഗിച്ച് പോരാടിയത്. മലപ്പുറം മാപ്പിളയുടെ എല്ലാ 'ഉസിറും പുളിയും' ആവര്‍ത്തിച്ചുകൊണ്ടാണ് 'മാപ്പിളലഹള'യെപ്പറ്റി ഗവേഷണം നടത്തിയ ജലീല്‍ പോരാട്ടത്തിനിറങ്ങിയത്. ആരും കൈയടിച്ചുപോവുന്ന പോരാട്ടം. വി ശിവന്‍കുട്ടിയോടും കുഞ്ഞഹമ്മദ് മാഷോടും പി ജയരാജനോടുമെല്ലാം ഒപ്പത്തിനൊപ്പം നിന്നാണ് ജലീല്‍ യുദ്ധരംഗത്ത് മിടുക്കു കാട്ടിയത്.
അത്രയ്ക്കും ഉശിരോടെ പൊരുതുകയും സമരവീര്യം കാട്ടുകയും ചെയ്ത കെ ടി ജലീലാണ് ഇപ്പോള്‍ പശ്ചാത്താപവിവശനായി നാട്ടുകാരുടെ മുമ്പാകെ മാപ്പപേക്ഷയുമായി നില്‍ക്കുന്നത് എന്നതാണ് കഥയിലെ ആന്റി ക്ലൈമാക്‌സ്! അധ്യാപകനായ താന്‍ അങ്ങനെയൊക്കെ ചെയ്തത് തെറ്റായിപ്പോയി എന്നാണ് ജലീലിന്റെ ഇപ്പോഴത്തെ കുമ്പസാരം. അതിനാല്‍ ജലീല്‍ മാഷ് നിരുപാധികം മാപ്പുചോദിക്കുകയാണ്. ഏതു തെറ്റിനും മാപ്പുകൊടുക്കുന്ന കോടതിയാണല്ലോ മലയാളിയുടെ മനസ്സ്.  അവര്‍ ഈ മാഷിനും മാപ്പു കൊടുക്കുമെന്ന് തീര്‍ച്ച.
കെ ടി ജലീല്‍, ഇപ്പോള്‍ സര്‍വരാജ്യ ത്തൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന മുദ്രാവാക്യത്തിനു കീഴില്‍ അണിനിരന്ന് ചുവന്ന മണ്ണും ചുവന്ന വിണ്ണും സ്വപ്‌നംകാണുന്ന ആളാണെങ്കിലും ഉള്ളാലെ ആളൊരു തനി മലപ്പുറം മാപ്പിളയാണെന്ന് ആര്‍ക്കാണറിയാത്തത്? അങ്ങനെ ജീവിക്കാന്‍ വേണ്ട മതപരമായ വിവരമൊക്കെ തനിക്കുണ്ടെന്ന് മൂപ്പര്‍ പ്രസംഗത്തിലൂടെയും മറ്റും തെളിയിക്കാറുമുണ്ട്. അതിനാല്‍ തൗബാ ചെയ്യേണ്ടതെങ്ങനെയെന്നെല്ലാം ജലീലിന് നന്നായറിയാം. കഴിഞ്ഞ നിയമസഭയില്‍ മാണി സാറിന്റെ ബജറ്റവതരണം തടയാന്‍ വേണ്ടി നടത്തിയ പരാക്രമം തെറ്റായതിനാല്‍ അതിന്റെ പേരിലാണല്ലോ ജലീലിന്റെ തൗബ. തൗബക്കയറില്‍ പിടിച്ച് 'വശിപിശയും നുരുമ്പിര്യായിരവും ഏറ്റമേറ്റം ചെയ്ത് നിന്റെ തൗബയെന്ന വാതിലില്‍ ഞാനിതാ മുട്ടിവിളിക്കുന്നേ, തമ്പുരാനേ' എന്നുപറയലാണ് തൗബയുടെ ഫോര്‍മാറ്റ്. കൃത്യമായും ഇതേ ഫോര്‍മാറ്റിലാണ് ജലീലിന്റെ ഇപ്പോഴത്തെ മാപ്പപേക്ഷ.
ഇങ്ങനെ പോയാല്‍ നമ്മുടെ ജലീല്‍ മന്ത്രി ഇനിയും ഒരുപാട് മാപ്പപേക്ഷകള്‍ സമര്‍പ്പിക്കുകയും തൗബകള്‍ ചൊല്ലിക്കരയുകയും ചെയ്യുമെന്നാണ് കണ്ണന്റെയൊരു തോന്നല്‍. പറഞ്ഞുവന്നാല്‍ ജലീല്‍ മന്ത്രിയുടെ കണക്കില്‍ അത്തരം നുരുമ്പിര്യായിരങ്ങള്‍ ഒരുപാടുണ്ട്. കമ്മ്യൂണിസത്തില്‍ കയറിപ്പിടിക്കുന്നതിനു മുമ്പ് വര്‍ഗീയ പാര്‍ ട്ടിയെന്ന് സകലമാന സഖാക്കളും വിധി യെഴുതിയ മുസ്‌ലിംലീഗിന്റെ യുവജന വി ഭാഗത്തിന്റെ തലവനായിരുന്നല്ലോ കക്ഷി.    അന്നൊക്കെ ചെയ്തുകൂട്ടിയ തെറ്റുകുറ്റങ്ങള്‍ എത്രയെത്രയാണെന്ന് കണക്കെടുത്താല്‍ ഒന്നല്ല, ഒരായിരം മാപ്പപേക്ഷകള്‍ മതിയാവില്ല.
മുസ്‌ലിംലീഗ് ആയതിന്റെ പേരിലുള്ള മാപ്പുപറച്ചില്‍ പൂര്‍ത്തീകരിച്ചാല്‍ തീര്‍ന്നു കിട്ടുമോ ഈ മന്ത്രിയുടെ ആത്മശുദ്ധീകരണം. അഭിമന്യുവിന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയെന്നും ജോസഫ് മാസ്റ്ററുടെ കൈവെട്ടിയെന്നും മറ്റും പറഞ്ഞ് ജലീല്‍ തന്നെ തീവ്രവാദിക്കുപ്പായം അണിയിച്ചുകൊടുത്ത കൂട്ടരുടെ പൂര്‍വരൂപമെന്ന് ചിലര്‍ പറയുന്ന സിമിയുടെ നേതാവായിരുന്നു മുസ്‌ലിംലീഗില്‍ ചേരുന്നതിനു മുമ്പ് ജലീല്‍. അക്കാലത്ത് പറഞ്ഞതും ചെയ്തതുമായ ഒരുപാട് വേണ്ടാതീനങ്ങള്‍ക്ക് കൂടി മാപ്പപേക്ഷിക്കേണ്ടതില്ലേ ജലീല്‍? പക്ഷേ, കെ ടി ജലീലല്ലേ ആള്‍. എത്ര വേഗത്തിലാണ് ഷര്‍ട്ടഴിച്ചു ക്ഷേത്രനടകളില്‍പോയി പ്രസാദം ആത്മഹര്‍ഷത്തോടെ വാങ്ങിക്കഴിച്ചത്.
***
അന്തകാലത്ത് അലന്‍ ഒക്ടേവിയന്‍ ഹ്യൂം എന്ന സായ്പ് ഉണ്ടാക്കിയെടുത്ത ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഇന്ത കാലത്ത് ആരോഗ്യത്തോടെ ജീവിക്കുന്നു എന്ന് വിചാരിക്കുന്ന ഒരാളും തന്നെ ഭൂമുഖത്തുണ്ടാവാനിടയില്ല. കോണ്‍ഗ്രസ് ആസന്ന മരണാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണോ അതല്ല, മരിച്ചുകഴിഞ്ഞുവോ എന്ന കാര്യത്തിലേയുള്ളൂ തര്‍ക്കം. പാര്‍ട്ടിയുടെ സമുന്നത നേതാവായ എ കെ ആന്റണിപോലും പറയുന്നത്, ഇങ്ങനെയാണ് പോക്കെങ്കില്‍ അധികം വൈകാതെ കുലം മുടിയുമെന്നാണ്. ശവമഞ്ചമൊരുങ്ങിക്കഴിഞ്ഞു.
ഇതാണ് സ്ഥിതിയെങ്കിലും ഇപ്പോഴും കോണ്‍ഗ്രസ്സിന്റെ വണ്ടിക്ക് കൈകാട്ടി നിര്‍ത്തിച്ച് അതില്‍ കയറാന്‍ മെനക്കെടുന്നവര്‍ നാട്ടിലുണ്ട് എന്നതാണ് വിചിത്രം. മുതിര്‍ന്ന മാര്‍ക്‌സിസ്റ്റ് നേതാവും മുന്‍ എംപിയുമായ മുഈനുല്‍ ഹസന്‍ എന്ന ബംഗാളി നേതാവ് പറയുന്നത്, ബിജെപിക്കെതിരില്‍ വിശാല സഖ്യമുണ്ടാക്കണമെങ്കില്‍ കോണ്‍ഗ്രസ് കൂടിയേ തീരൂ എന്നാണ്. അതിനു സിപിഎം തയ്യാറില്ലാത്തതിനാല്‍ രണ്ടും കല്‍പിച്ച് കക്ഷി പാര്‍ട്ടി വിട്ടു. ഇടത് ഐക്യമെന്നും മറ്റും പറഞ്ഞ് തങ്ങളെ മാടിവിളിക്കുന്ന കോടിയേരിയോട് ആര്‍എസ്പിയിലെ എ എ അസീസും പ്രേമചന്ദ്രനും പറയുന്നതും മറ്റൊന്നല്ല; ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ്സേയുള്ളൂ ശരണം.
ആസന്ന മരണാവസ്ഥയിലായിട്ടും കോണ്‍ഗ്രസ്സിന്റെ കരം ഗ്രഹിക്കാന്‍ കാമുകന്‍മാര്‍ ഏറെയാണ് എന്നതിന്റെ ഗുട്ടന്‍സാണ് കണ്ണന് പിടികിട്ടാത്തത്. ആളുകള്‍ പറയുന്നതുപോലെയുള്ള അപകടാവസ്ഥയിലാണ് കോണ്‍ഗ്രസ് എന്ന നിഗമനം തെറ്റാണോ അതല്ല, സീതാറാം യെച്ചൂരിയടക്കം ഇക്കണ്ട നേതാക്കന്‍മാര്‍ക്കൊന്നും ലോകാവസ്ഥ എന്താണെന്ന കാര്യത്തില്‍ യാതൊരു തിരിപാടുമില്ലെന്നോ?
ആളുകള്‍ കൈപിടിക്കാന്‍ വരുന്നുണ്ടെങ്കിലും കോണ്‍ഗ്രസ്സുകാരും അത്യധികം കണ്‍ഫ്യൂഷനിലാണ് എന്നതാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. പശ്ചിമബംഗാളിലെ കോണ്‍ഗ്രസ്സുകാര്‍ക്കാണ് ബേജാറ് കൂടുതല്‍. ചെകുത്താനും കടലിനുമിടയില്‍ എന്ന് പറഞ്ഞുകേട്ടിട്ടേയുള്ളൂ. ബംഗാളിലെ കോണ്‍ഗ്രസ്സുകാര്‍ ശരിക്കും അങ്ങനെ തന്നെ.
എന്നാല്‍, കേരളത്തിലുള്ളവര്‍ക്ക് അത്തരം പ്രശ്‌നങ്ങളൊന്നും ഉള്ളതായി കണ്ണനു തോന്നുന്നില്ല. തമ്മില്‍ത്തല്ലി കുലം മുടിയുന്നതു വരെ അവര്‍ ഗ്രൂപ്പ്‌യുദ്ധം തുടര്‍ന്നുകൊള്ളും. എന്നിട്ടും അവശേഷിക്കുന്നവര്‍ക്ക് ബിജെപിയില്‍ ചേരാന്‍ രാത്രിയാവുന്നതു വരെ കാത്തിരിക്കേണ്ടിവരില്ല, പകല്‍വെളിച്ചത്തില്‍ തന്നെ ധൈര്യമായി കയറിച്ചെല്ലാം.
***
അവശിഷ്ടം: എന്തൊക്കെ എതിര്‍പ്പുണ്ടായിരുന്നാലും ശരി, സേട്ടുസാഹിബിനെ പറ്റി എല്ലാവരും പറയുന്ന കാര്യം അദ്ദേഹം മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങളെ ചൊല്ലി പാര്‍ലമെന്റിനകത്തും പുറത്തും പാര്‍ട്ടി വേദികളിലുമെല്ലാം ശക്തമായി ശബ്ദമുയര്‍ത്തിയിരുന്നു എന്നാണ്. അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ രൂപീകരിച്ച ഒരു പാര്‍ട്ടിയാണ് ഐഎന്‍എല്‍. ഐഎന്‍എല്ലിന്റെ സംസ്ഥാന സമിതി ഈയിടെ പുറപ്പെടുവിച്ച ഒരു പ്രസ്താവന കണ്ണന്‍ വായിച്ചു. സിനിമാ ക്കാരുടെ സംഘടനയായ അമ്മയിലെ പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കണമെന്നാണ് പ്രമേയം. ഇതു വായിച്ചപ്പോള്‍ കണ്ണന്‍ ഓര്‍ത്തുപോയത് ഒരു കുഞ്ഞുണ്ണിക്കവിതയാണ്: ബുദ്ധനൊന്ന്, ബുദ്ദൂസുകളെത്ര!

RELATED STORIES

Share it
Top