ഒരു ഭവനസമുച്ചയം പദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാക്കും: മന്ത്രി ജലീല്‍

മുക്കം: ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതില്‍ സംസ്ഥാനം വമ്പിച്ച നേട്ടം കൈവരിച്ചെന്നും ഭൂമിയും വീടുമില്ലാത്തവര്‍ക്ക് ഒരു ഭവനസമുച്ചയമെന്ന പദ്ധതി മുഴുവന്‍ ജില്ലകളിലും ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നും തദ്ദേശ സ്വയം ഭരണ മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. മുക്കം നഗരസഭയില്‍ പിഎംഎവൈ പദ്ധതി പ്രകാരം നിര്‍മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വീട് നിര്‍മാണത്തിനായി 4 ലക്ഷം രൂപ നല്‍കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. കേന്ദ്ര പദ്ധതിയായി അറിയപ്പെടുന്ന ഈ പദ്ധതിക്ക് രണ്ടര ലക്ഷം രൂപ നഗരസഭകളും ഒന്നര ലക്ഷം രൂപ കേന്ദ്ര സര്‍ക്കാരുമാണ് നല്‍കുന്നത്. സംസ്ഥാനത്ത് രണ്ടര ലക്ഷം വീടുകളുടെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നും അതിനാവശ്യമായ പതിനായിരം കോടി രൂപയും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഈ പദ്ധതിയിലേക്ക് ആവശ്യമായ തുക തദ്ദേശസ്ഥാപനങ്ങള്‍ 15 വര്‍ഷംകൊണ്ട് നല്‍കിയാല്‍ മതി. പലിശ മുഴുവനായും സര്‍ക്കാര്‍ അടക്കും.സര്‍ക്കാര്‍ മുന്‍കൈ എടുത്തത്‌കൊണ്ട് മാത്രമാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇത്രയധികം വീടുകള്‍ നല്‍കാന്‍ സാധിച്ചതെന്നും മന്ത്രി പറഞ്ഞു. യശോദാമ്മ, അലി ചന്ദ്രത്തില്‍, കെ ടി പ്രേമ, ആയിഷ പൂവത്തില്‍ എന്നിവര്‍ ചേര്‍ന്ന് വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിപാ വാര്‍ഡില്‍ നിസ്വാര്‍ഥ സേവനം നടത്തിയ ഹെഡ് നഴ്‌സ് ദിവ്യ അനീഷ്, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയില്‍ റാങ്ക് നേടി നാടിന് അഭിമാനമായ സമിക് മോഹന്‍ എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നല്‍കി. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ വി കുഞ്ഞന്‍ അധ്യക്ഷത വഹിച്ചു. എസ്‌സി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്പ്‌ടോപ്പ് വിതരണം ജോര്‍ജ് എം തോമസ് എംഎല്‍എ നിര്‍വഹിച്ചു.

RELATED STORIES

Share it
Top