ഒരു പാവം ശാസ്ത്രജ്ഞന്റെ കഥ

ബി എസ് ബാബുരാജ്
അവകാശങ്ങള്‍ നിഷേധങ്ങള്‍

തലവര അല്‍പമൊന്നു മാറിയിരുന്നെങ്കില്‍ മക്കോളില്‍ വയനാട്ടില്‍ എണ്ണംപറഞ്ഞ കന്നുപൂട്ടുകാരനായേനെ. കാലം ജോസഫ് മക്കോളിനെ ശാസ്ത്രജ്ഞനാക്കി. കന്നുപൂട്ടാണ് ജോസഫിന് കൂടുതല്‍ ഇഷ്ടം. പിന്നെ ചെടി നനയ്ക്കുന്നതും റബറ് വെട്ടുന്നതും കൃഷിപ്പണിയും ഒക്കെ ഇഷ്ടം തന്നെ. കന്നുപൂട്ടുകാരനായ ചെക്കന്‍ ഒരുനാള്‍ കണ്ണുതുറക്കുമ്പോള്‍ വലിയ ശാസ്ത്രജ്ഞനായിമാറുന്നു. അദ്ഭുതപ്രവൃത്തിയൊന്നുമല്ല. കന്നുപൂട്ടുപോലെ തന്നെ ജോസഫ് മക്കോളിന് രസതന്ത്രവും ഇഷ്ടവിഷയം. ആ ഇഷ്ടം അയാളെ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെത്തിച്ചു.

ചില ചീത്ത മനുഷ്യര്‍ക്ക് തട്ടിക്കളിക്കാനും വേണമല്ലോ ഒരു ശാസ്ത്രജ്ഞന്‍.മൂന്നു തലമുറ മുമ്പ് വയനാട്ടിലേക്ക് കുടിയേറിയ കുടുംബമാണ് ജോസഫ് മക്കോളിന്റേത്. ഏഴാം ക്ലാസ് വരെ പഠിച്ചു. പിന്നെ പോത്തിനെ പൂട്ടാന്‍ പോയി. അങ്ങനെ കുറേക്കാലം. അതിനിടയില്‍ അടുത്ത സ്‌കൂളില്‍ പ്യൂണിന്റെ ഒഴിവുണ്ടെന്ന് ആരോ പറഞ്ഞറിഞ്ഞു. പള്ളിവക സ്‌കൂളാണ്. 6,300 രൂപ കൊടുക്കണം. കടം വാങ്ങിയും ചിട്ടിപിടിച്ചും പണമുണ്ടാക്കി, മാനേജറച്ചനെ കണ്ടു. ഒരു കുഴപ്പം. ജോസഫിന് വയസ്സു തികഞ്ഞിട്ടില്ല. ഒരുകാര്യം ചെയ്യ്, സ്‌കൂളില്‍ ചേര്‍ന്നോളൂ. പ്രായം തികയുമ്പോള്‍ ജോലിയില്‍ കയറ്റാമെന്ന് അച്ചന്‍ ഉപദേശിച്ചു.എന്നാപ്പിന്നെ അങ്ങനെ. ജോസഫ് മക്കോളില്‍ വിദ്യാര്‍ഥിയായി. മാഷുമാര് പറയുന്നത് വിദ്യാര്‍ഥിക്കു മനസ്സിലായില്ല. എത്ര വര്‍ഷത്തിനു ശേഷമാണ് ഒരു പാഠപുസ്തകം കാണുന്നത്.

ഒടുവില്‍ സ്‌കൂളിലേക്ക് ഒരു ടീച്ചര്‍ വന്നു. പാലാക്കാരി. ജോസഫിന് കണക്ക് വലിയ ഇഷ്ടമാണെന്ന് ടീച്ചര്‍ക്കു മനസ്സിലായി. അവനെ അവര്‍ പ്രത്യേക ശ്രദ്ധകൊടുത്ത് പഠിപ്പിച്ചു. പിന്നെ ജോസഫ് മക്കോളില്‍ തിരിഞ്ഞുനോക്കിയിട്ടില്ല. തൃശൂര്‍ സെന്റ് തോമസ്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, മദ്രാസ് ഐഐടി, മുംബൈ ഐഐടി, ഇറ്റലിയിലും ഇസ്രായേലിലും ഗവേഷണം.. കന്നുപൂട്ടുകാരന്‍ ചെക്കന്‍ ഗവേഷകനായ ആ കഥ ഇങ്ങനെ പോവുന്നു.2009ല്‍ കൊച്ചി സര്‍വകലാശാലയില്‍ ചേരുന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇക്കാലത്തു തന്നെയാണ് സര്‍വകലാശാല ഒരു ഗവേഷണകേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചത്- ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ മെറ്റീരിയല്‍സ് ആന്റ് ഡിവൈസസ്. ഗവേഷണരംഗത്ത് മികച്ച ഫീല്‍ഡ് റെക്കോഡുള്ള ജോസഫിനെ താല്‍ക്കാലിക ചുമതലക്കാരനാക്കി. ഡെപ്യൂട്ടി ഡയറക്ടറാക്കാമെന്നായിരുന്നു ധാരണ.

ജോസഫും ടീമും ഗംഭീരമായി പ്രവര്‍ത്തിച്ചു. രണ്ടു നൊബേല്‍ ജേതാക്കളാണ് ഉദ്ഘാടനത്തിനെത്തിയത്.അതിനിടയില്‍ 2010 മെയില്‍ മക്കോളിനെ സ്ഥിരപ്പെടുത്താന്‍ സിന്‍ഡിക്കേറ്റ് ശുപാര്‍ശ ചെയ്തു. തുടര്‍നടപടികള്‍ക്കായി വിസിക്കയച്ചു. പക്ഷേ, നിയമനം നടന്നില്ല. ജോസഫ് അതിനെതിരേ ഗവര്‍ണര്‍ക്ക് പരാതി കൊടുത്തു. ഹൈക്കോടതിയെയും സമീപിച്ചു.പരാതികളോട് അധികൃതര്‍ എടുത്ത സമീപനത്തെക്കുറിച്ച് ജോസഫ് പറയുന്നത് ഇങ്ങനെ: ''സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെംബര്‍മാര്‍ മുതല്‍ സര്‍വകലാശാലാ ചാന്‍സലര്‍ വരെയുള്ളവര്‍ക്ക് കൊടുത്ത പരാതികളില്‍ മുഴുവന്‍ വായിച്ചുനോക്കുന്ന രണ്ടു പേരെ മാത്രമേ ഞാന്‍ കണ്ടുള്ളൂ. ഒന്ന് നിയമത്തില്‍ ഉന്നത ബിരുദം നേടിയ കേരള ഗവര്‍ണറും മറ്റൊന്ന് പ്രൈമറി വിദ്യാഭ്യാസം മാത്രമുള്ള പ്രതിപക്ഷനേതാവും.''നിയമനം നടത്തണമെന്ന് ഗവര്‍ണറും ഹൈക്കോടതിയും നിര്‍ദേശിച്ചെങ്കിലും സര്‍വകലാശാല അത് നടപ്പാക്കിയില്ലെന്നു മാത്രമല്ല, സെക്യൂരിറ്റിക്കാരെക്കൊണ്ട് ജോസഫിനെ മര്‍ദ്ദിക്കുകയും ഊമക്കത്തെഴുതി അതിന്റെ ബലത്തില്‍ ക്വാര്‍ട്ടേഴ്‌സില്‍നിന്നും ഗവേഷണകേന്ദ്രത്തില്‍നിന്നും പുറത്താക്കുകയും ചെയ്തു.തനിക്കെതിരേയുണ്ടായ നീതിനിഷേധത്തിനെതിരേ അഞ്ചു തവണയെങ്കിലും ജോസഫ് മക്കോളില്‍ പ്രത്യക്ഷസമരത്തിനു മുതിര്‍ന്നിരുന്നു.

എങ്കിലും അദ്ദേഹം ഇപ്പോഴും പുറത്താണ്. രസതന്ത്രത്തിലെ ഉന്നത ബിരുദങ്ങളോ ഗവേഷണാനുഭവങ്ങളോ ഈ പാവം ശാസ്ത്രജ്ഞന് രക്ഷയ്‌ക്കെത്തിയില്ല. സര്‍വകലാശാലയിലെ ഉന്നതാധികാരികളുടെ ഒരു പട അദ്ദേഹത്തെ ആര്‍ത്തുപെയ്യുന്ന മഴയത്ത് പുറത്തിരുത്തിയിരിക്കുകയാണ്.പണ്ട് ട്രാവന്‍കൂര്‍ യൂനിേവഴ്‌സിറ്റി സ്ഥാപിക്കുന്ന സമയത്ത് ഐന്‍സ്റ്റൈനെ 6,000 രൂപ വേതനത്തില്‍ നിയമിക്കാന്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവത്രെ. അമേരിക്കയിലെ മറ്റൊരു പ്രമുഖ സര്‍വകലാശാലയില്‍ ചേരാന്‍ തീരുമാനിച്ച ഐന്‍സ്റ്റൈന്‍ നിര്‍ഭാഗ്യവശാല്‍ ഓഫര്‍ സ്വീകരിച്ചില്ല. അതു ഭാഗ്യമായി, അല്ലെങ്കില്‍ ഐന്‍സ്റ്റൈനും ഒരു പാഠം പഠിച്ചേനെ.

RELATED STORIES

Share it
Top